- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിംസയുടെ അധീശവായന
സിനിമയുടെ വീക്ഷണത്തിന്റെ ഒരു പോരായ്മ അത് മനുഷ്യനിലെ മൃഗീയതയെ വഴി വെട്ടി തിരിച്ചുവിടുന്നതിനുള്ള അംഗീകൃത ഹിംസയുടെ ഒരു വ്യവസ്ഥയുടെ ആവശ്യകതയെ മുൻകൂട്ടി സങ്കല്പിക്കുന്നു എന്നതാണ്. അത്തരം ഒരു നിയന്ത്രിത ഹിംസയുടെ വ്യവസ്ഥയില്ലെങ്കിൽ സമൂഹം താറുമാറാകും എന്നതാണ് സിനിമയുടെ ദുരന്ത പര്യവസാനം ചുണ്ടി കാണിക്കുന്നത്- ലിജോയുടെ ജല്ലിക്കെട്ടിനെ കുറിച്ച് തുഷാര്‍ എഴുതുന്നു
തുഷാര്‍ നിര്‍മ്മല്‍
പ്രമേയത്തിലും അവതരണത്തിലുമുള്ള 'പുതുമയുടെ ആഘാതം' മാറ്റി നിറുത്തിയാൽ 'ജല്ലിക്കട്ട്' നൽകുന്ന പാഠങ്ങൾ എന്തൊക്കെയാണ്? ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യസംഭവങ്ങളായി മാറിയ സമകാലിക ചുറ്റുപാടിൽ നിന്നു കൊണ്ട് സിനിമയുടെ രാഷ്ട്രീയത്തെ വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. പക്ഷെ അത്തരം ശ്രമം ആ സിനിമ പറയാൻ ഉദ്ദേശിക്കാത്ത ഒരു കാര്യം സിനിമയിൽ ആരോപിക്കുന്നതിന് തുല്യമാണ് എന്നാണ് എനിക്ക് തോന്നിയത്. കാലൻ വർക്കിയുടെ കൂടത്തിൽ നിന്നും രക്ഷപ്പെടുന്ന പോത്ത് നാട്ടിലുണ്ടാക്കുന്ന കുഴപ്പങ്ങളും അതിനെ പിടിക്കുന്നതിനുള്ള ശ്രമങ്ങളും അതിന്റെ ദുരന്തപര്യവസാനവുമാണ് പ്രത്യക്ഷത്തിലുള്ള സിനിമാക്കാഴ്ച്ച. രക്ഷപ്പെട്ടു പോകുന്ന പോത്തിനെ പിടിക്കുന്നതിനായി പിന്നിലോടുന്ന പുരുഷ കൂട്ടം മനുഷ്യത്വം നഷ്ടപ്പെട്ട് ഹിംസയുടെ പ്രാകൃതത്വത്തിലേക്ക് (?) ഊളിയിടുന്നു.
പോത്ത് രക്ഷപ്പെടുന്നത് മുതലാണ് കലർപ്പില്ലാത്ത ഹിംസയുടെ ലോകത്തേക്കുള്ള പുരുഷാരത്തിന്റെ യാത്ര ആരംഭിക്കുന്നത്. അതിനു മുമ്പൊ ? അതിനു മുമ്പുള്ള സമൂഹത്തിലും ഹിംസയുണ്ട് പക്ഷെ വ്യവസ്ഥാപിതവും അംഗീകൃതവുമാണ്. പോത്തിനെ കൂടം കൊണ്ടടിച്ച് കൊന്ന് ഇറച്ചി വെട്ടി വിൽക്കുന്ന വർക്കി, "അവൾ ഉണ്ടാക്കി വച്ചിരിക്കുന്നു" എന്നാക്ഷേപിച്ച് ഭാര്യയുടെ ചെകിട്ടത്തടിക്കുന്ന ഭർത്താവ്. ഇറച്ചിവെട്ടുന്ന ആൻറണിയെ ചീത്ത വിളിക്കുന്ന വർക്കി, നക്സൽ പ്രഭാകരന്റെ വീട്ടിൽ ഒട്ടിക്കുന്ന ജപ്തി നോട്ടീസ്, പള്ളിയിലേക്ക് പോകുന്നവരുടെ കയ്യുകളിൽ തൂങ്ങുന്ന ഇറച്ചി പൊതികൾ, പള്ളിക്ക് സമീപം കുരിശിന്റെ ആകൃതിയിൽ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിപ്പൊതികൾ തുടങ്ങി ഹിംസയുടെ നിരവധി ഇമേജറികളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പക്ഷെ ഈ ഹിംസ അംഗീകൃതമാണ്. അംഗീകൃതമായ ഹിംസാവ്യവസ്ഥയുടെ സ്വച്ഛന്ദമായ ചലനത്തെ വെല്ലുവിളിക്കുന്നതായിരുന്നു പോത്തിന്റെ രക്ഷപ്പെടൽ. വെറുതെ രക്ഷപ്പെടുക മാത്രമല്ല പോത്ത് ചെയ്തത്. ഹിംസയുടെ വ്യവസ്ഥയിലെ ഉറച്ച ഘടനകളെയൊക്കെ അത് ആക്രമിച്ചു. പാർട്ടിയുടെ കൊടിമരം തകർത്തു.ബാങ്കിനകത്ത് കയറി നാശനഷ്ടമുണ്ടാക്കി, പള്ളിയുടെയും കർഷകരുടെയും കൃഷിയിടങ്ങൾ നശിപ്പിച്ചു. നാടിന്റെ ജീവിതമാകെ സ്തംഭിപ്പിച്ചു. ഇവിടെ വച്ചാണ് വ്യവസ്ഥയുടെ അംഗീകൃത അതിരുകളെ ഭേദിച്ച് പ്രാകൃത കാലം മുതൽ മനുഷ്യനിലുണ്ടെന്ന് സിനിമ പറയുന്ന ഹിംസ പുറത്തേക്കൊഴുകന്നത്.
സിനിമയുടെ ഈ വീക്ഷണത്തിന്റെ ഒരു പോരായ്മ അത് മനുഷ്യനിലെ മൃഗീയതയെ വഴി വെട്ടി തിരിച്ചുവിടുന്നതിനുള്ള അംഗീകൃത ഹിംസയുടെ ഒരു വ്യവസ്ഥയുടെ ആവശ്യകതയെ മുൻകൂട്ടി സങ്കല്പിക്കുന്നു എന്നതാണ്. അത്തരം ഒരു നിയന്ത്രിത ഹിംസയുടെ വ്യവസ്ഥയില്ലെങ്കിൽ സമൂഹം താറുമാറാകും എന്നതാണ് സിനിമയുടെ ദുരന്ത പര്യവസാനം ചുണ്ടി കാണിക്കുന്നത്. ഇത്തരം ഒരു വീക്ഷണം സ്വാഭാവികമായും അധീശ വ്യവസ്ഥകൾക്ക് താത്പര്യമുള്ള ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
സിനിമ മുന്നോട്ടു വെക്കുന്ന ഹിംസയെ സംബന്ധിച്ച സങ്കല്പനങ്ങളും പരിശോധിക്കപ്പെടണമെന്ന് തോന്നുന്നു. ഹിംസയെ ഒരു ജൈവശാസ്ത്ര സങ്കല്പനമായാണ് സിനിമ മുന്നോട്ടു വെക്കുന്നത്. (ഈ നിരീഷണത്തിന് സി.പി.റഷീദിന് (Rasheed Cp Cherucopalli) കടപ്പാട്.)ക്ലൈമാക്സിനെ ആദിമ മനുഷ്യനിലെ ഹിംസയിലേക്ക് ബന്ധിപ്പിക്കുന്നതിൽ നിന്നും മനസ്സിലാക്കാനാകുന്നത് അതാണ്. ഈ വീക്ഷണം ശക്തിയിൽ നിന്ന് ഏകതാനമായി പ്രവഹിക്കുന്ന ഒന്നായി മാത്രമെ ഹിംസയെ കാണുന്നുള്ളു. ഹിംസയുടെ വിമോചനാത്മകമായ വശത്തെയും മർദ്ദിതരുടെ ബലപ്രയോഗത്തെയും അതിന് കാണാൻ കഴിയുന്നില്ല. രക്ഷപ്പെട്ടോടുന്ന പോത്തിന്റെ പ്രതിഹിംസ വിമോചനാത്മകമായി ഒരിക്കലും അനുഭവപ്പെടുന്നില്ല. ആന്റണിയുടെ ആൺനോട്ടങ്ങൾക്കും ബലപ്രയോഗത്തിനുമെതിരായ സോഫിയുടെ ചെറുത്തുനില്പിലും മർദ്ദിതയുടെ പ്രതിഹിംസ പ്രകടമാക്കുന്ന വിമോചനാത്മകതയുടെ തലമില്ല.
സ്വാഭാവികമായും ഈ ജൈവശാസ്ത്ര സങ്കല്പനത്തിന്റെ മറ്റൊരു പോരായ്മ ഇരയുടെ മർദ്ധിതാവസ്ഥയുടെ ശാശ്വതവത്ക്കരണമാണ്. രക്ഷപ്പെട്ടോടുന്ന പോത്തിനെ വേട്ടയാടപ്പെടലിനൊടുവിൽ കാത്തിരിക്കുന്നത് അനിവാര്യമായ മരണം തന്നെയാണ്. ആൺകരുത്തിനു മുന്നിൽ വഴങ്ങി കൊടുക്കലാണ് സോഫിയുടെ പ്രതിഷേധങ്ങളുടെ ഒടുക്കം.
വ്യവസ്ഥാപിതമായ ഘടനകളുടെ യാന്ത്രികമായ ചലന പ്രക്രിയയും അതിനിടക്ക് ഉണ്ടാക്കുന്ന യാദൃശ്ചിക സംഭവ വികാസങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും അത് വ്യവസ്ഥാപിത ഘടനയ്ക്കകത്ത് ഉണ്ടാക്കുന്ന സംഘർഷങ്ങളുമാണ് ജല്ലിക്കട്ട് കൈകാര്യം ചെയ്യുന്ന പ്രമേയം. പക്ഷെ ഈ വൈരുദ്ധ്യങ്ങളുടെ സംഘർഷങ്ങളിൽ വ്യവസ്ഥാപിതത്വത്തിനൊപ്പമാണ് സിനിമ നിലകൊള്ളുന്നത്. ഉദാഹരണത്തിന് രക്ഷപ്പെട്ടോടുന്ന പോത്ത് വഴിയരികിൽ തണുപ്പു മാറ്റാൻ കൂട്ടിയ തീ ചവിട്ടി തെറിപ്പിച്ചു വൈക്കോൽ കൂനക്ക് തീ പിടിക്കുന്നുണ്ട്. തീയണക്കാനുള്ള ബഹളം കേട്ട് ഉണർന്നു വന്നവരിലൊരാൾ എന്തു പറ്റിയെന്ന് തിരക്കുന്നു. പോത്ത് വൈക്കോൽ കൂനക്ക് തീ കൊടുത്തു എന്ന വിശദീകരണത്തിന് പോത്തിനത് തിന്നാൽ പോരെ എന്തിനാണ് തീ കൊടുക്കുന്നത് എന്നാണ് അയാളുടെ മറുപടി. വൈക്കോൽ തിന്നുക എന്നതാണ് പോത്തിന്റെ സ്വാഭാവികത. വൈക്കോൽ കൂനക്ക് തീ പടർത്തുമ്പോൾ പോത്ത് അതിനനുവദനീയമായ ഹിംസയുടെ പരിധി ലംഘിച്ചു കഴിഞ്ഞു. ക്രൂരവും, നിർദ്ദയവുമായ വേട്ടയാടലിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുകയാണ് പോത്തിനെ കാത്തിരിക്കുന്ന വിധി. അതോടൊപ്പം മനുഷ്യരിലെ പ്രാകൃതമായ ഹിംസയെ അംഗീകൃതമായ അതിർവരമ്പുകൾക്കകത്തെ നിയന്ത്രിത ഹിംസയായി മാറ്റി തീർക്കുന്ന വ്യവസ്ഥാപിത ഘടനകളുടെ തകർച്ച മനുഷ്യത്വത്തിന്റെ സമ്പൂർണ്ണമായ നിഷേധത്തിലെത്തുമെന്നും സിനിമ പറഞ്ഞു വെക്കുന്നു.