Literature

'ഹജ്ജും' 'ആയിശയും' പൂര്‍ത്തിയായി; ലോക്ക് ഡൗണ്‍ മദനിക്ക് എഴുത്തിന്റെ വസന്തകാലം

ഗ്രന്ഥകാരനും കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു) സംസ്ഥാന ഉപാധ്യക്ഷനുമായ പുളിക്കലകത്ത് മുഹിയദ്ദീന്‍ മദനിയാണ് ഒഴിഞ്ഞുകിട്ടിയ കാലത്ത് പുസ്തകരചനയില്‍ വ്യാപൃതനായത്. കൊവിഡ് മഹാമാരികാലത്തെ ലോക്ക് ഡൗണ്‍ എഴുത്തിന്റെ വസന്തകാലമാക്കി 'ഹജ്ജ്', 'വിശ്വാസികളുടെ മാതാവ് നബി പത്‌നി ആയിശ' എന്നീ രണ്ടു ഗ്രന്ഥങ്ങളാണ് മദനി പൂര്‍ത്തിയാക്കിയത്.

ഹജ്ജും ആയിശയും പൂര്‍ത്തിയായി; ലോക്ക് ഡൗണ്‍ മദനിക്ക് എഴുത്തിന്റെ വസന്തകാലം
X

പരപ്പനങ്ങാടി: വീട്ടില്‍ തളച്ചിട്ട ലോക്ക് ഡൗണ്‍ കാലത്ത് തിരക്കുപിടിച്ച ഈ പണ്ഡിതവര്യനില്‍നിന്ന് സമുദായത്തിന് ലഭിച്ചത് രണ്ട് വിലപ്പെട്ട സാഹിത്യ കൃതികള്‍. ഗ്രന്ഥകാരനും കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു) സംസ്ഥാന ഉപാധ്യക്ഷനുമായ പുളിക്കലകത്ത് മുഹിയദ്ദീന്‍ മദനിയാണ് ഒഴിഞ്ഞുകിട്ടിയ കാലത്ത് പുസ്തകരചനയില്‍ വ്യാപൃതനായത്. കൊവിഡ് മഹാമാരികാലത്തെ ലോക്ക് ഡൗണ്‍ എഴുത്തിന്റെ വസന്തകാലമാക്കി 'ഹജ്ജ്', 'വിശ്വാസികളുടെ മാതാവ് നബി പത്‌നി ആയിശ' എന്നീ രണ്ടു ഗ്രന്ഥങ്ങളാണ് മദനി പൂര്‍ത്തിയാക്കിയത്.

തിരക്കേറിയ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശിക മഹല്ല് ഭരണനേതൃത്വത്തിനും അവധിയായതിനാലും മക്കളും പേരമക്കളും വിദേശത്തായതിനാലും ജീവിതസഖിയോടൊപ്പം അക്ഷരങ്ങളായിരുന്നു മദനിക്ക് കൂട്ട്. ഓണ്‍ലൈന്‍ സംഘടനാപ്രവര്‍ത്തന പങ്കാളിത്തത്തിനും സംശയനിവാരണ ഫോണ്‍ കോളുകള്‍ക്കും പരമാവധി സമയം ചുരുക്കി നിര്‍ണയിച്ച് ഗ്രന്ഥരചനയില്‍ മുഴുകുകയായിരുന്നു. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതായ ഹജ്ജ് കര്‍മത്തെക്കുറിച്ച് മലയാളത്തില്‍ അധികം രചനകളില്ലാത്തതിനാലാണ് സമഗ്രമായ 'ഹജ്ജ്' എന്ന ഗ്രന്ഥമെഴുതാന്‍ തീരുമാനമെടുത്തതെന്ന് മദനി പറഞ്ഞു.

കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെഎന്‍എം) സംസ്ഥാന കമ്മിറ്റിയുടെ പ്രസാധന വിഭാഗമാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെന്ന് മദനി പറഞ്ഞു. ഇതോടൊപ്പം നബി പത്‌നി 'ഹസ്‌റത്ത് ആയിശ വിശ്വാസികളുടെ മാതാവ് ' എന്ന ഗ്രന്ഥത്തിന്റെ രചനയും പൂര്‍ത്തിയാക്കി. വിശ്വാസി സമൂഹത്തിന് സ്വന്തം ഉമ്മമാരെക്കുറിച്ച് കൃത്യമായ അവബോധമില്ലെന്നും വിശ്വാസികളെന്ന നിലയ്ക്ക് മാതൃത്വത്തില്‍നിന്ന് മാതൃകയാക്കേണ്ട ഒട്ടനവധി ഗുണപാഠങ്ങളുണ്ടെന്നും അത് സമൂഹത്തിന് സമര്‍പ്പിക്കുകയെന്നതാണ് ഗ്രന്ഥത്തിന്റെ ഇതിവൃത്തമെന്നും മദനി വിശദമാക്കി.

എന്നാല്‍, 'ആയിശ' എന്ന ഗ്രന്ഥത്തിന്റെ പ്രസാധന അവകാശം ഇതുവരെ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പലരും പരിഗണനയിലുണ്ട്. ഇതിനകം അനുവാചകര്‍ ആസ്വദിച്ച മുഹ്‌യദ്ദീന്‍ മദനി എഴുതിയ 'പ്രവാചകന്റെ ഒരു ദിനം' എന്ന ഗ്രന്ഥത്തിന്റെ മലയാള പതിപ്പ് നേരത്തെ ചരിത്രപണ്ഡിതന്‍ ഡോ:എംജിഎസ്സും ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് മാസങ്ങള്‍ക്ക് മുമ്പ് മുന്‍മന്ത്രി കെ ടി ജലീലുമാണ് പ്രകാശനം ചെയ്തത്.

Next Story

RELATED STORIES

Share it