History

ഈ വിധിക്ക് പിന്നാലെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്

ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കി. അടുത്ത ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി.

ഈ വിധിക്ക് പിന്നാലെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്
X

കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഇന്ദിരാ​ഗാന്ധിയെ നയിച്ചത് 46 വർഷം മുമ്പ് ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി പ്രസ്താവിച്ച വിധിയാണ്. കാലങ്ങൾ പലത് കഴിഞ്ഞെങ്കിലും ജൂൺ 25 എന്ന ദിവസത്തിലേക്ക് കലണ്ടറിന്റെ താളുകൾ മറിഞ്ഞെത്തുമ്പോൾ, പലരുടെയും മനസ്സുകളിൽ ചാരം മൂടിക്കിടക്കുന്ന പല കനൽക്കട്ടകളും വീണ്ടും തിളങ്ങാൻ തുടങ്ങും. അത്ര എളുപ്പത്തിൽ മറക്കാനാകാത്തതാണ്, മറന്നുകൂടാത്തതാണ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അടിയന്തരാവസ്ഥ എന്ന കിരാത അധ്യായം.

1975 ജൂൺ 25 -നും 1977 മാർച്ച് 21 -നും ഇടയിലുള്ള 21 മാസങ്ങളാണ് 'അടിയന്തരാവസ്ഥ' എന്ന ഒരൊറ്റവാക്കിൽ നമ്മൾ ഒതുക്കാറുള്ളത്. ഇന്ദിരാ ഗാന്ധി എന്ന ഇന്ത്യൻ പ്രധാനമന്ത്രി അന്നത്തെ പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹ്മദിനെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ' പ്രഖ്യാപിപ്പിക്കുന്നത്. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കലാപാവസ്ഥയാണ് അതിനു കാരണമായി ഇന്ദിര ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു, പൗരന്മാരുടെ അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ ഒരു നിമിഷം കൊണ്ട് അസാധുവായി. ആറാറുമാസം കൂടുമ്പോൾ ഇന്ദിരയുടെ നിർദേശപ്രകാരം പ്രസിഡന്റ് അടിയന്തരാവസ്ഥ നീട്ടിക്കൊടുത്തുകൊണ്ടിരുന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്യാർഥി സമരങ്ങളും പൊട്ടിപ്പുറപ്പെട്ടുതുടങ്ങിയ കാലഘട്ടമായിരുന്നു അത്. ഗുജറാത്തിലെ വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം, മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ അഴിമതി ഭരണത്തിനെതികരേ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചു നിരത്തിലിറങ്ങി. ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ തീപ്പൊരി ആളിപ്പടർന്നത് പക്ഷേ, ബിഹാറിലായിരുന്നു. അവിടെ ഇന്ദിരയുടെ വിശ്വസ്തനായ അബ്ദുൽ ഗഫൂറിന്റെ ഭരണമായിരുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായിരുന്നു അന്ന് ബിഹാർ സംസ്ഥാനം. സംസ്ഥാനത്തെ അഴിമതികൊണ്ട് പൊറുതിമുട്ടിയ യുവജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.

ജൂൺ 12 -ന് അലഹബാദ് ഹൈക്കോടതിയുടെ ചരിത്ര പ്രധാനമായ വിധി വന്നു. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കി. അടുത്ത ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി. ഗുജറാത്തിലും ഇന്ദിരക്ക് കടുത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു. ഈ ഇരട്ട പ്രഹരം ജെപിയെ അറസ്റ്റു ചെയ്യാൻ പോലിസിന് നിർദേശം നൽകുന്നതിലേക്ക് ഇന്ദിരയെ നയിച്ചു.

രാജ്യം മുഴുവൻ അലയടിച്ച സമരങ്ങൾ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ടായിരുന്നു. ഇന്ദിരയ്ക്ക് അന്ന് ഉപദേശം നല്കാനുണ്ടായിരുന്നത് ഇളയ പുത്രനായ സഞ്ജയ് ഗാന്ധി ആയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ ആണ് രാജ്യത്തെ നിയന്ത്രണാധീനമാക്കാൻ വേണ്ടി, ഇന്ദിരക്ക് 'അടിയന്തരാവസ്ഥ' എന്ന മാർഗം നിർദേശിക്കുന്നത്. വിശദാംശങ്ങൾ കേട്ടതോടെ ഇന്ദിരയ്ക്കും സംഗതി കൊള്ളാം എന്ന് ബോധ്യപ്പെട്ടു. തനിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി വന്നു പതിമൂന്നാം ദിവസം, 1975 ജൂൺ 25 -ന് അർധരാത്രിയോടടുപ്പിച്ച്, ഓൾ ഇന്ത്യാ റേഡിയോയുടെ സ്റ്റേഷനിലിരുന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it