Citizen journalism

വീടില്ല, റേഷന്‍ കാര്‍ഡില്ല; പട്ടിണിക്കാരില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും കല്ലമ്പലത്ത് അഞ്ചംഗ ദലിത് കുടുംബം പട്ടിണിയില്‍

സ്ഥിര താമസസ്ഥലമോ റേഷന്‍ കാര്‍ഡോ ഇല്ലാത്തതിനാല്‍ പട്ടിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും ഈ കുടുംബത്തിന് ലഭിക്കാറില്ല. കൊവിഡ് കാലമായതിനാല്‍ സ്ഥിര ജോലിയില്ല. ഓണത്തിന് അര്‍ദ്ധ പട്ടിണിയായിരുന്നുവെന്നും ബിജുകുമാര്‍ പറയുന്നു.

വീടില്ല, റേഷന്‍ കാര്‍ഡില്ല; പട്ടിണിക്കാരില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും കല്ലമ്പലത്ത് അഞ്ചംഗ ദലിത് കുടുംബം പട്ടിണിയില്‍
X

നസീറുദ്ദീന്‍ കപ്പാംവിള

കല്ലമ്പലം: സംസ്ഥാനത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ലെന്നും റേഷന്‍ കാര്‍ഡില്ലാത്തവര്‍ സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ദുരിതത്തില്‍ കഴിയുകയാണ് ദലിത് കുടുംബം. വീടും റേഷന്‍ കാര്‍ഡുമില്ലാതെ ദുരിതത്തിലാണ് നാവായ്കുളത്തെ അഞ്ചംഗ ദലിത് കുടുംബം. നാവായ്കുളം പഞ്ചായത്തിലെ ഞാറയില്‍കോണം വേടരുകോണത്താണ് അഞ്ചംഗം കുടുംബത്തിന്റെ താമസം.

റബര്‍ ടാപിങ് തൊഴിലാളികളായ ബിജുകുമാറും ഭാര്യ ഷീബയും ഈ ഓണക്കാലത്തും പട്ടിണിയിലാണ്. ബരുദവിദ്യാര്‍ഥി വിജയ, പത്താംക്ലാസുകാരി വിദ്യ, ഏഴാം ക്ലാസ്സുകാരന്‍ വിഷ്്ണു എന്നിവരടങ്ങുന്നതാണ് കുടുംബം.

വാടക കൊടുക്കാനില്ലാത്തതിനാല്‍ പലപ്പോഴും വലിയ വീടുകളുടെ ചായ്പിലാണ് ഈ കുടുംബം കഴിയുന്നത്. വാടകച്ചീട്ടോ, റെസിഡഷ്യല്‍ സര്‍ട്ടിഫിക്കറ്റോ ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡ് പോലും കിട്ടാതെ വലയുകയാണ്. പട്ടിക ജാതി വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. റേഷന്‍ കാര്‍ഡ് ലഭിച്ചെങ്കില്‍, ഈ കൊവിഡ് കാലത്ത് അരിയെങ്കിലും വാങ്ങാമായിരുന്നുവെന്ന് ബിജു കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

പട്ടികജാതിക്കാര്‍ക്ക് ഭൂമിയില്ലാതെ തന്നെ വീടുനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടായിരിക്കേയാണ് ഈ കുടുംബം നരകജീവിതം നയിക്കേണ്ടിവരുന്നത്.

റേഷന്‍ കാര്‍ഡിനും വീടിനുമായി അപേക്ഷ കൊടുക്കാത്ത കേന്ദ്രങ്ങളില്ല

റേഷന്‍ കാര്‍ഡിനും വീടിനുമായി പരാതി കൊടുക്കാത്ത കേന്ദ്രങ്ങളില്ലെന്ന് ബിജു കുമാര്‍ പറയുന്നു. പഞ്ചായത്ത് തലം മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയതായി കുടുംബം പറഞ്ഞു. വീടിനായി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ കൊവിഡ് കാലമായതിനാല്‍ നടപടി ക്രമങ്ങള്‍ വൈകുമെന്നാണ് പറഞ്ഞതെന്ന് ബിജുകുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.



മുന്‍ പട്ടികജാതി മന്ത്രി എകെ ബാലന് മകള്‍ വിജയ 2017ല്‍ വീടിനും റേഷന്‍കാര്‍ഡിനുമായി അപേക്ഷിച്ചിരുന്നു. മിച്ച ഭൂമിക്കായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ലൈഫ് ഭവന പദ്ധതിയിലും അപേക്ഷിച്ചിരുന്നു. നേരത്തെ നാവായ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വീട്ടിലെ ചായ്പിലാണ് താമസിച്ചിരുന്നു. ആ സമയം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാന്‍ വേണ്ടിയാണ് അന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.

ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിക്കും പരാതി നല്‍കിയിരുന്നു, ഒരു നടപടിയുമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തംഗം മുരളിക്ക് അപേക്ഷി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഇതേക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍, അങ്ങനെ ഒരു പരാതിയേ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. റേഷന്‍ കാര്‍ഡിനുള്ള റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അതു പ്രകാരം റേഷന്‍ കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിച്ചിട്ടുണ്ട്.

വറുതിയിലാക്കി കൊവിഡ്

കൊവിഡില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും അഞ്ചംഗ കുടുംബം മിക്കപ്പോഴും പട്ടിണിയിലായിരുന്നുവെന്ന് വിജയ പറയുന്നു. വല്ലപ്പോഴും സന്നദ്ധ പ്രവര്‍ത്തകരും അയല്‍ക്കാരും നല്‍കുന്ന ചെറിയ സഹായം മാത്രമാണ് ഈ കുടുംബത്തിന് ആശ്രയം.

തിരുവോണ നാളില്‍ എല്ലാവരും നല്ല ഭക്ഷണം കഴിച്ചപ്പോള്‍, ഈ കുടുംബം അര്‍ദ്ധ പട്ടിണിയിലായിരുന്നു. ടാപിങ് തൊഴിലാളിയായ ബിജുകുമാറിന് ജോലിയുടെ ഭാഗമായാണ് ചായ്പുകളില്‍ താമസിക്കാന്‍ സൗകര്യം ലഭിക്കുന്നത്. മഴയുള്ള സമയങ്ങളില്‍ കാര്യമായ ജോലി ഉണ്ടാകാറില്ല. അപ്പോഴൊക്കെയും വീട് പട്ടിണിയിലാവും.

പഠനത്തില്‍ മിടുക്കര്‍

നാവായ്കുളം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടുവിന് പട്ടികജാതി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ബിജു കുമാറിന്റെ മൂത്ത മകള്‍ വിജയക്കാണ്. എസ്എസ്എല്‍സി പരീക്ഷയിലും പട്ടിക വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് വിജയ ആണ്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 1069 മാര്‍ക്കാണ് വിജയ നേടിയത്.

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യയും പഠനത്തില്‍ മിടുക്കിയാണ്. ഏഴാം ക്ലാസുകാരന്‍ വിഷ്ണുവിനും പഠിക്കാന്‍ ഏറെ താല്‍പര്യമാണ്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഒരുവിധ പട്ടികജാതി ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കാറില്ല.

പഠിക്കാന്‍ മൊബൈല്‍ ഇല്ല

നന്നായി പഠിക്കുന്ന മൂന്ന് പേരുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ ഇവര്‍ക്ക് ഭാഗ്യമില്ല. വീട്ടിലാര്‍ക്കും ആഡ്രോയ്ഡ് ഫോണുമില്ല. വിദ്യാതരംഗിണിയില്‍ മൊബൈല്‍ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും സ്വന്തമായി വീടില്ലാത്തതിനാല്‍ വായ്പ തരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്ന് ടിവി ലഭിച്ചെങ്കിലും താമസിക്കുന്ന വീടുകളില്‍ ടിവി ഉപയോഗിക്കാന്‍ പലപ്പോഴും കഴിയാറില്ല. ടിവി ചാര്‍ജ്ജ് ചെയ്യാന്‍ പണവുമുണ്ടാവില്ല. പിതാവിന്റെ സുഹൃത്ത് വീട്ടില്‍ വരുമ്പോഴാണ് ആഡ്രോയിഡ് ഫോണ്‍ ലഭിക്കുന്നത്. മൂന്ന് പേര്‍ക്കും മൊബൈലില്ലാതെ പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലാ കലക്ടര്‍ക്കും മന്ത്രിക്കുമൊക്കെ പരാതി നല്‍കിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്ന് വിജയ പറയുന്നു.

Next Story

RELATED STORIES

Share it