Career

കെ ടെറ്റ് ഉത്തരവ് മരവിപ്പിച്ചു; ഫെബ്രുവരിക്ക് ശേഷം പുതുക്കിയ മാര്‍ഗനിര്‍ദേശം

കെ ടെറ്റ് ഉത്തരവ് മരവിപ്പിച്ചു; ഫെബ്രുവരിക്ക് ശേഷം പുതുക്കിയ മാര്‍ഗനിര്‍ദേശം
X

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റ നിയമനം ഉള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫെബ്രുവരിയില്‍ നടത്താനിരിക്കുന്ന പ്രത്യേക കെ ടെറ്റ് യോഗ്യത പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരേ ഉടന്‍ റിവ്യൂ ഹരജി സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

കെ ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റവും നിയമനവും തടയുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് അധ്യാപക സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ കഴിഞ്ഞ ദിവസം പരസ്യമായി സര്‍ക്കാരിന്റെ നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമുള്ള അധ്യാപകര്‍ വരെ കെടെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന വിമര്‍ശനവും ശക്തമായിരുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളിലേക്കുള്ള (എച്ച്എസ്എസ്ടി/എച്ച്എസ്എസ്ടി ജൂനിയര്‍) ബൈ ട്രാന്‍സ്ഫര്‍ നിയമനത്തില്‍ പോലും കെടെറ്റ് കാറ്റഗറി മൂന്നു യോഗ്യത നേടിയ ഹൈസ്‌കൂള്‍ അധ്യാപകരെ മാത്രം പരിഗണിക്കണമെന്ന നിര്‍ദേശമാണ് വിവാദമായത്.

സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസിലുള്ള അധ്യാപകരെയൊന്നടങ്കം പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് നേരത്തെ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, കെടെറ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ മേഖലയിലാകെ ആശങ്ക പരത്തുന്നതാണെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട ഉത്തരവ് പുനപരിശോധിക്കണമെന്നും സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി സമര്‍പ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കെ ടെറ്റ് ഉത്തരവ് അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നാരോപിച്ച് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് ഇറങ്ങുമെന്നും അധ്യാപക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it