Job

മഹാമാരിക്കിടയിലും 1,500ലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ടെക്‌നോപാര്‍ക്ക്; 30 കമ്പനികളിലായി ഉടന്‍ സൃഷ്ടിക്കപ്പെടുന്നത് 1600ഓളം തൊഴിലവസരങ്ങള്‍

41 കമ്പനികള്‍ക്കായി ഒരു ലക്ഷത്തോളം സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് ടെക്‌നോപാര്‍ക്കില്‍ 2020- 21 സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇതിന് പുറമേ 30 കമ്പനികള്‍ക്കായി 1,10,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലം അനുവദിക്കുന്നതിനായി നടപടികള്‍ പുരോഗമിക്കുകയാണ്.

മഹാമാരിക്കിടയിലും 1,500ലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ടെക്‌നോപാര്‍ക്ക്; 30 കമ്പനികളിലായി ഉടന്‍ സൃഷ്ടിക്കപ്പെടുന്നത് 1600ഓളം തൊഴിലവസരങ്ങള്‍
X

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ടെക്‌നോപാര്‍ക്കില്‍ പുതുതായി സൃഷ്ടിച്ചത് 1,500ലധികം തൊഴിലവസരങ്ങള്‍. 41 കമ്പനികള്‍ക്കായി ഒരു ലക്ഷത്തോളം സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് ടെക്‌നോപാര്‍ക്കില്‍ 2020- 21 സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇതിന് പുറമേ 30 കമ്പനികള്‍ക്കായി 1,10,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലം അനുവദിക്കുന്നതിനായി നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവഴി 1,600ഓളം തൊഴിലവസരങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ ഉടന്‍ സൃഷ്ടിക്കപ്പെടുക. നിലവില്‍ 465 കമ്പനികളിലായി 63,700 ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഈ കമ്പനികളും വളര്‍ച്ചയുടെ പാതയിലാണ്.

ടെക്‌നോപാര്‍ക്കിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളും ആശാവഹമായ രീതിയില്‍ പുരോഗമിക്കുകയാണ്. ബഹിരാകാശ സാങ്കേതിക വിദ്യകളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് ടെക്‌നോസിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്ന ടി.സി.എസ് എയ്‌റോസ്‌പെയ്‌സ് ഹബ്ബ്, ലിവ് വര്‍ക്ക് പ്ലേ സങ്കല്‍പ്പത്തില്‍ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീ ക്യാംപസില്‍ 57 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലൊരുങ്ങുന്ന എംബസി ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം, ടെക്‌നോസിറ്റിയിലൊരുങ്ങുന്ന ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ തിരുവനന്തപുരം തുടങ്ങിയ സംരംഭങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയറ്റുമതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 611 കോടി രൂപയുടെ വര്‍ധന ടെക്‌നോപാര്‍ക്ക് 2020 21 സാമ്പത്തിക വര്‍ഷം നേടിയെടുത്തു. 460 കമ്പനികളില്‍ നിന്നായി 8,501 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ടെക്‌നോപാര്‍ക്ക് നേടിയെടുത്തത്.

2019 20 സാമ്പത്തിക വര്‍ഷം ടെക്‌നോപാര്‍ക്കിലുണ്ടായിരുന്ന 450 കമ്പനികളില്‍ നിന്നായി 7,890 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. 201920 സാമ്പത്തിക വര്‍ഷം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ എണ്ണം 62,000 ആയിരുന്നു. കഴിഞ്ഞ 20 മാസത്തിനിടെ 1,700 ജീവനക്കാര്‍ കൂടി ടെക്‌നോപാര്‍ക്കില്‍ ജോലി നേടി.

''ഐ.ടി മേഖലയിലെയും അനുബന്ധ മേഖലകളിലെയും അതികായന്മാരായ നിരവധി ലോകോത്തര കമ്പനികളാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം നമ്മുടെ നാടിന്റെ വികസനത്തിനും നൈപുണ്യ ശേഷി വളര്‍ത്താനും മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നല്ല കഴിവുള്ള നമ്മുടെ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് ഓരോ വര്‍ഷവും മികച്ച വളര്‍ച്ചാ നിരക്കാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് കേരളാ സ്‌റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു.

തുടക്ക കാലം മുതല്‍ ആര്‍ജിച്ചെടുത്ത വികസനോന്മുഖമായ പ്രവര്‍ത്തന ശൈലി മഹാമാരിക്കിടയിലും നിലനിര്‍ത്താനായത് ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടുള്ള കുതിപ്പിനും വലിയ മുതല്‍ക്കൂട്ടാകും. കൂടുതല്‍ കമ്പനികളെയും നിക്ഷേപകരെയും ടെക്‌നോപാര്‍ക്കിലേക്ക് ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. സര്‍വ്വ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ച മഹാമാരിക്കിടയിലും ടെക്‌നോപാര്‍ക്കിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായത് ചെറിയ കാര്യമല്ല. സര്‍ക്കാരിന്റെ മികച്ച പിന്തുണയും ഐ.ടി കമ്പനികളുടെയും ഐ.ടി കോ ഡെവലപ്പര്‍മാരുടെയും കൃത്യമായ പദ്ധതി നിര്‍വഹണവും മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനവുമാണ് ഇതിന് കാരണമായത്. ഇനിയും ഇത്തരത്തിലുള്ള മുന്നേറ്റത്തിനാണ് ടെക്‌നോപാര്‍ക്കും കേരള ഐ.ടിയും ലക്ഷ്യമിടുന്നതെന്നും ജോണ്‍ എം. തോമസ് കൂട്ടിച്ചേര്‍ത്തു''.

Next Story

RELATED STORIES

Share it