Education

ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ തുടങ്ങാന്‍ എംജി സര്‍വകലാശാലയ്ക്ക് യുജിസിയുടെ അനുമതി

ആദ്യഘട്ടമെന്ന നിലയില്‍ ബികോം, ബിബിഎ എന്നീ ബിരുദ പ്രോഗ്രാമുകളും എംകോം ബിരുദാനന്തര ബിരുദവും ഓണ്‍ലൈനായി ആരംഭിക്കുന്നതിനുള്ള അനുമതിക്കായാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ തുടങ്ങാന്‍ എംജി സര്‍വകലാശാലയ്ക്ക് യുജിസിയുടെ അനുമതി
X

കോട്ടയം: കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ തുടങ്ങാനുള്ള യുജിസിയുടെ അനുമതി മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് ലഭിച്ചു. 2020 ഒക്ടോബറിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ സ്ഥാപിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ബികോം, ബിബിഎ എന്നീ ബിരുദ പ്രോഗ്രാമുകളും എംകോം ബിരുദാനന്തര ബിരുദവും ഓണ്‍ലൈനായി ആരംഭിക്കുന്നതിനുള്ള അനുമതിക്കായാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

2020ല്‍ അപേക്ഷിച്ച മൂന്ന് പ്രോഗ്രാമുകള്‍ക്കുള്ള അനുമതിയാണ് ഇപ്പോള്‍ യുജിസി ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ബ്യൂറോയില്‍നിന്നും ലഭിച്ചിരിക്കുന്നത്. 2021 ല്‍ പത്ത് പ്രോഗ്രാമുകള്‍ കൂടി ഓണ്‍ലൈനില്‍ തുടങ്ങുന്നതിനുള്ള അപേക്ഷ സര്‍വകലാശാല സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ തന്നെ സര്‍വകലാശാല വികസിപ്പിച്ചിട്ടുള്ള MGU ALEMS (Automated Learning and Evaluation Managemetn system) എന്ന സമഗ്രമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് അഡ്മിഷന്‍, അധ്യാപനം, ലേണിങ്ങ് മാനേജ്‌മെന്റ്, ഫീ പേമെന്റ്, പരീക്ഷ, മൂല്യനിര്‍ണയം, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത്.

ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതോടെ നിലവിലുള്ള സോഫ്റ്റ്‌വെയറില്‍ കൂടുതല്‍ ഫീച്ചേഴ്‌സ് ചേര്‍ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ALEMS ഉപയോഗിച്ച് സര്‍വകലാശാല ഷോര്‍ട്ട് ടേം പ്രോഗ്രാമുകള്‍ക്ക് റിമോട്ട് പ്രോക്ടേഡ് പരീക്ഷകള്‍ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്നു. സര്‍വകലാശാലയുടെ കീഴില്‍ രൂപം കൊടുത്തിട്ടുള്ള MGUlF (Mahtama Gandhi Universtiy Innovation Foundation) എന്ന കമ്പനിയാണ് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ Elearning materials ഉം മറ്റു സങ്കേതിക സഹായങ്ങളും നല്‍കുന്നത്. അതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയുടെയും റിക്കോര്‍ഡിങ് ലാബുകളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്.

ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിന് സര്‍വകലാശാലയുടെ അധികാര ദൂരപരിധി (Territorial jurisdiction) ബാധകമല്ലാത്തതിനാല്‍ ലോകത്തെവിടെ നിന്നും വിദ്യാര്‍ഥികള്‍ക്ക് പ്രോഗ്രാമുകള്‍ക്ക് ചേരാമെന്നുള്ളത് കേരളത്തിലെ പ്രവാസി സമൂഹത്തിന് വലിയ സഹായകമാവുമെന്നതില്‍ തര്‍ക്കമില്ല. അംഗീകൃത പരീക്ഷാകേന്ദ്രങ്ങളിലും സുരക്ഷിതമായ റിമോട്ട് പ്രോക്ടേഡ് പരീക്ഷാ സംവിധാനം വഴിയും പരീക്ഷകള്‍ നടത്താമെന്ന് യുജിസി റെഗുലേഷനില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ റെഗുലര്‍ പ്രോഗ്രാമിന് തുല്യമായി പരിഗണിക്കുന്നതിനാല്‍, യൂനിവേഴ്‌സിറ്റി നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ തത്തുല്യസിലബസും കരിക്കുലവും ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് പിന്തുടരണമെന്നും യുജിസി നിഷ്‌കര്‍ഷിക്കുന്നു. ഓണ്‍ലൈന്‍ പഠനത്തില്‍ 75% പങ്കെടുത്തിട്ടുള്ളവരെ മാത്രമേ പരീക്ഷയ്ക്ക് അനുവദിക്കാവൂ എന്നും യുജിസി റെഗുലേഷനില്‍ നിര്‍ദേശമുണ്ട്. 2021-2022 അക്കാദെമിക വര്‍ഷത്തെ അഡ്മിഷന്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് നവംബര്‍ മാസം വരെ അനുവദിച്ചിട്ടുള്ളതായും യുജിസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it