Education

ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിന് നാല് സര്‍വകലാശാലകളുമായി ധാരണാപത്രം

ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിന് നാല് സര്‍വകലാശാലകളുമായി ധാരണാപത്രം
X

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെയും സാധ്യതകള്‍ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ സര്‍വകലാശാലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിനായി ഈ സര്‍വകലാശാലകളുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, റിസര്‍ച്ച് സെന്ററുകള്‍ എന്നിവ മുഖേന ഗ്രഫീന്‍, മറ്റു 2 ഡി പദാര്‍ഥങ്ങള്‍ എന്നിവയിലധിഷ്ഠിതമായ ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനുള്ള ധാരണാപത്രത്തില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയും ഒപ്പുവച്ചു. ഗ്രഫീന്‍ സംബന്ധിച്ച സുപ്രധാനമായ ഗവേഷണങ്ങള്‍ നടന്നത് മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലാണ്. ഗ്രഫീന്‍ കണ്ടുപിടിത്തത്തിന് 2010 ലെ നോബേല്‍ സമ്മാന ജേതാവായ ആന്‍ഡ്രു ജീം ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഗ്രഫീന്‍ രംഗത്ത് മുന്‍കൈയെടുക്കുന്നത് ഭാവി വ്യവസായത്തില്‍ കേരളത്തെ മുമ്പിലാക്കുന്നതിന് സഹായിക്കുമെന്ന് ആന്‍ഡ്രു ജീം വ്യക്തമാക്കി.

നിര്‍മിത ബുദ്ധിയും റോബോട്ടിക്‌സും സംബന്ധിച്ച സംയുക്ത ഗവേഷണത്തിനുള്ള ധാരണാപത്രമാണ് എഡിന്‍ബറോ സര്‍വകലാശാലയുമായി ഒപ്പുവച്ചത്. നിര്‍മിത ബുദ്ധിക്കായുള്ള ഹാര്‍ഡ് വെയര്‍, റെസ്‌പോണ്‍സിബിള്‍ ആര്‍ട്ടിഷിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നീ മേഖലകളില്‍ ഇരുയൂനിവേഴ്‌സിറ്റികളും സംയുക്തമായി പദ്ധതികളും ഗവേഷണശാലകളും ആരംഭിക്കും. കേരള ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായുള്ള സഹകരണവും പരിഗണനയിലുണ്ട്.

ഇമേജ് സെന്‍സറുകള്‍, മൈക്രോഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റം, ന്യൂറോമോര്‍ഫിക് വിഎല്‍എസ്‌ഐ എന്നിവ വികസിപ്പിക്കുന്നതില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രമാണ് ജര്‍മന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സീഗന്‍ യൂനിവേഴ്‌സിറ്റിയുമായി ഒപ്പുവച്ചത്. ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി, മേക്കര്‍ വില്ലജ് പോലുള്ള ഡിജിറ്റല്‍ ചിപ്പ് ഡിസൈന്‍ സംരംഭങ്ങള്‍ എന്നിവയുമായും ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണമുണ്ടാകും.

ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാല ഒപ്പിട്ട ഈ ധാരണാപത്രങ്ങള്‍ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ കഴിവിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിര്‍മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിലേക്ക് വലിയ സംഭാവനകള്‍ ചെയ്യാന്‍ സര്‍വകലാശാലകളുമായുള്ള സഹകരണം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it