Education

വിമര്‍ശിക്കുന്നവര്‍ക്ക് യുജിസി ചട്ടങ്ങളെക്കുറിച്ച് ലവലേശം അറിവില്ല'; നിലപാട് ആവര്‍ത്തിച്ച് പ്രിയാ വര്‍ഗീസ്

വിമര്‍ശിക്കുന്നവര്‍ക്ക് യുജിസി ചട്ടങ്ങളെക്കുറിച്ച് ലവലേശം അറിവില്ല; നിലപാട് ആവര്‍ത്തിച്ച് പ്രിയാ വര്‍ഗീസ്
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ്. വിമര്‍ശിക്കുന്നവര്‍ക്ക് യുജിസി ചട്ടങ്ങളെക്കുറിച്ച് ലവലേശം അറിവില്ലാത്തതിന്റെ പ്രശ്‌നമാണ്. യുജിസി ചട്ടത്തിന്റെ പകുതി മാത്രം വായിച്ചാണ് പലരും വിമര്‍ശിക്കുന്നത്. എഫ്ഡിപി എന്നാല്‍ സ്റ്റഡി ലീവ് അല്ലെന്ന് സര്‍വകലാശാല രക്ഷാസംഘക്കാര്‍ക്ക് അറിയില്ല. എഫ്ഡിപി കാലയളവ് എല്ലാ തരത്തിലും അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രിയാ വര്‍ഗീസ് വ്യക്തമാക്കി. സര്‍വകലാശാലകളിലെ അധ്യാപക നിയമനം യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് നടത്തുക.

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മാത്രമല്ല, രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും ഇത് ബാധകമാണ്. യുജിസി ചട്ടങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ബോധ്യമാവേണ്ടതാണ്. യുജിസി നിയമപ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 8 വര്‍ഷത്തെ അധ്യാപക/ഗവേഷണ പരിചയമാണ് വേണ്ടത്. എഫ്ഡിപി വഴി ഡെപ്യൂട്ടേഷനില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ കാലയളവ് അധ്യാപക/ഗവേഷണ പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ചില 'വിദഗ്ധ'രുടെ വാദം. യുജിസി റെഗുലേഷനെക്കുറിച്ച് ലവലേശം അറിവില്ലാത്തതിന്റെ പ്രശ്‌നമാണ്.

ഫാക്കള്‍ട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്ഡിപി) കോളജ് അധ്യാപകരുടെ ഗവേഷണാഭിരുചി പോഷിപ്പിക്കാനും സജീവ സര്‍വീസില്‍ നിന്നുകൊണ്ട് പിഎച്ച്ഡിയിലേക്ക് നീളുന്ന രീതിയില്‍ അവരുടെ അക്കാദമിക് ഗവേഷണത്തെ സഹായിക്കാനും ഏര്‍പ്പെടുത്തിയ പദ്ധതിയാണ്. 10ാം പദ്ധതി പ്രകാരം ഫാക്കള്‍ട്ടി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (എഫ്‌ഐപി) എന്ന പേരിലാണ് ഈ പദ്ധതി രാജ്യത്താരംഭിച്ചത്.

എഫ്‌ഐപിയുമായി ബന്ധപ്പെട്ട 10ാം പദ്ധതി ഗൈഡ്‌ലൈന്‍ പ്രകാരം യുജിസിയുടെ ഈ Teacher Fellowship നല്‍കുന്നതിന് കൃത്യമായതും കര്‍ശനമായതുമായ മാനദണ്ഡങ്ങളുണ്ടെന്നും പ്രിയാ വര്‍ഗീസ് കുറിച്ചു. പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല ഉടന്‍ ഹൈക്കോടതിയെ സമീപിക്കില്ല. കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരേ പ്രിയാ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചേക്കും.

Next Story

RELATED STORIES

Share it