Latest News

കശ്മീരി ഷാള്‍ വില്‍ക്കുന്ന 18 കാരനുനേരെ ഹിന്ദുത്വ ആക്രമണം

കശ്മീരി ഷാള്‍ വില്‍ക്കുന്ന 18 കാരനുനേരെ ഹിന്ദുത്വ ആക്രമണം
X

ഡെറാഡൂണ്‍: കശ്മീരി ഷാള്‍ വില്‍പ്പനക്കാരനായ 18 കാരനുനേരെ ഹിന്ദുത്വ ആക്രമണം. ഉത്തരാഖണ്ഡിലെ വികാസ് നഗറില്‍ വീടുകള്‍ തോറും കയറി ഷാള്‍ വില്‍ക്കുകയായിരുന്ന 18 കാരനുനേരെയാണ് ഹിന്ദുത്വ ആക്രമണമുണ്ടായത്. ഇരുമ്പുകമ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ 18കാരന്‍ ചികില്‍സയിലാണ്. ഇടത് കൈ ഒടിഞ്ഞ നിലയിലാണ്. ഷാള്‍ വില്‍പ്പനക്കാര്‍ക്കു നേരെ ആക്രമണം തുടരുന്നതില്‍ കശ്മീരില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്

കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിലെത്തി ഷാള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു 18കാരന്‍. അടിയേറ്റ് തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പരിക്ക് ഗുരുതരമായതിനാല്‍ ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ കശ്മീരി നേതാക്കളും വിദ്യാര്‍ഥി സംഘടനകളും വ്യാപക പ്രതിഷേധമുയര്‍ത്തി. കശ്മീരി മുസ്ലിംകള്‍ക്കെതിരേ രാജ്യവ്യാപകമായി അക്രമം നടക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി നേതാവുമായ ഇല്‍തിജ മുഫ്തി ചൂണ്ടിക്കാട്ടി. അക്രമം നടത്തുന്നവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. ഇത്തരം അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയാണെന്നും ഇല്‍തിജ ആരോപിച്ചു.

ഈ മാസം ആദ്യം ഉത്തരാഖണ്ഡിലെ കാശിപൂരില്‍ ഒരു ഷാള്‍ വില്‍പ്പനക്കാരനെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ ആവശ്യപ്പെട്ടാണ് കുപ്വാരയില്‍ നിന്നുള്ള വില്‍പ്പനക്കാരനെ ഹിന്ദുത്വര്‍ മര്‍ദിച്ചത്.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, രാഷ്ട്രീയ നേട്ടത്തിനായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 'നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടന തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ആളുകള്‍ നമ്മുടെ കശ്മീരി സഹോദരങ്ങള്‍ ഷാളുകളുമായി എത്തുന്നതുവരെ കാത്തിരിക്കുകയും അവരെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകളും പുഞ്ചിരികളും പങ്കിടുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ആ ദിവസങ്ങള്‍ മങ്ങുന്നതായി തോന്നുന്നു' കോണ്‍ഗ്രസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Next Story

RELATED STORIES

Share it