Latest News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം; തിങ്കളാഴ്ച എത്തിക്‌സ് കമ്മിറ്റി യോഗം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം; തിങ്കളാഴ്ച എത്തിക്‌സ് കമ്മിറ്റി യോഗം
X

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമസഭാ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി യോഗം തിങ്കളാഴ്ച ചേരും. രാഹുലിനെതിരേയുള്ള ലൈംഗികാരോപണങ്ങളും ക്രിമിനല്‍ കേസുകളും ചൂണ്ടിക്കാട്ടി ഡി കെ മുരളി എംഎല്‍എ നല്‍കിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും അന്തിമ നടപടി ഉണ്ടാകുക.

മുരളി പെരുന്നെല്ലി അധ്യക്ഷനായ സമിതിയാണ് പരാതി പരിശോധിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പ്രാഥമിക വിലയിരുത്തലിന് ശേഷം തുടര്‍ന്നുള്ള നടപടികളിലേക്ക് കടക്കും. പരാതിക്കാരനായ ഡി കെ മുരളിയുടേയും ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും മൊഴികള്‍ കമ്മിറ്റി രേഖപ്പെടുത്തും. പരാതിക്ക് ആസ്പദമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും സമയം അനുവദിക്കും. തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം കമ്മിറ്റി സ്പീക്കര്‍ക്ക് റിപോര്‍ട്ട് നല്‍കും. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഭയില്‍ അന്തിമ തീരുമാനം എടുക്കുക.

അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സഭയ്ക്ക് അധികാരമുണ്ട്. രാഹുലിനെതിരേ ഉയര്‍ന്ന ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ശാസന മുതല്‍ പുറത്താക്കല്‍ വരേയുള്ള ശിക്ഷാ നടപടികള്‍ സഭയ്ക്ക് സ്വീകരിക്കാം. നിലവില്‍ ലൈംഗിക പീഡനക്കേസുകളില്‍ അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരുകയാണ്. തിങ്കളാഴ്ചത്തെ സമിതി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകും.

മൂന്നാം ബലാല്‍സംഗ പരാതിയില്‍ ജാമ്യം കിട്ടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ തന്നെ തുടരുകയാണ്. പാലക്കാട്ടേക്കും ഉടന്‍ പോകില്ല. ബജറ്റ് ദിവസമായ ഇന്ന് നിയമസഭയില്‍ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പോയില്ല. ശനിയാഴ്ച രാഹുല്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. പത്തുമണിക്കും 12 മണിക്കും ഇടയില്‍ ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധി.

Next Story

RELATED STORIES

Share it