Big stories

യെസ് ബാങ്ക് കേസ്: അനില്‍ അംബാനിക്കു ഇഡി സമന്‍സ്

യെസ് ബാങ്കില്‍ നിന്ന് 12,800 കോടി രൂപ വായ്പയെടുത്തെന്ന് അംബാനി ഗ്രൂപ്പ് കമ്പനികള്‍ അറിയിച്ചിരുന്നു

യെസ് ബാങ്ക് കേസ്: അനില്‍ അംബാനിക്കു ഇഡി സമന്‍സ്
X

ന്യൂഡല്‍ഹി: യെസ് ബാങ്ക് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണത്തില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കു എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ നോട്ടീസ്. വന്‍ പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതിരുന്ന വന്‍കിട സ്ഥാപനങ്ങളിലൊന്നാണ് റിലയന്‍സ് ഗ്രൂപ്പ്. ഇതിനാലാണ് അനില്‍ അംബാനിയോട് മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ അംബാനി ആവശ്യപ്പെട്ടതനുസരിച്ച് മറ്റൊരു തിയ്യതി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യെസ് ബാങ്കില്‍ നിന്ന് 12,800 കോടി രൂപ വായ്പയെടുത്തെന്ന് അംബാനി ഗ്രൂപ്പ് കമ്പനികള്‍ അറിയിച്ചിരുന്നു.

യെസ് ബാങ്കില്‍ നിന്ന് വന്‍തോതില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്ത കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ അനില്‍ അംബാനി ഗ്രൂപ്പ്, എസ്സല്‍, ഐഎല്‍എഫ്എസ്, ഡിഎച്ച്എഫ്എല്‍, വോഡഫോണ്‍ എന്നിവ ഉള്‍പ്പെടുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ മാര്‍ച്ച് ആറിന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധിയിലായ ബാങ്കില്‍ നിന്ന് വന്‍തോതില്‍ വായ്പയെടുത്ത എല്ലാ വന്‍കിട കമ്പനികളും പിന്നീട് മോശമായാണ് പെരുമാറിയതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. കള്ളപ്പണം തടയല്‍ നിയമപ്രകാരം അംബാനിയുടെ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ ഈ മാസം ആദ്യം കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇഡി കസ്റ്റഡിയിലാണ്. റാണാ കപൂറും കുടുംബാംഗങ്ങളും 4,300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇഡി ആരോപണം.




Next Story

RELATED STORIES

Share it