അസമിലെ പോലെ ഹരിയാനയിലും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

19 ലക്ഷം പേര്‍ പുറത്താക്കപ്പെട്ട അസമിലെ പൗരത്വ പട്ടിക വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കം

അസമിലെ പോലെ ഹരിയാനയിലും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഛണ്ഡിഗഢ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസമിലേതു പോലെ ഹരിയാനയിലും പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുമായും റിട്ട. ഹൈക്കോടതി ജഡ്ജി എച്ച് എസ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഹരിയാനയിലെ പഞ്ചകുളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 ലക്ഷം പേര്‍ പുറത്താക്കപ്പെട്ട അസമിലെ പൗരത്വ പട്ടിക വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാക്കിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കം. ഹരിയാനയില്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശക്തമായിരിക്കെ ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഖട്ടാറിനെ അനുകൂലിച്ച് സംസാരിച്ചതിനാല്‍ വിഷയത്തില്‍ ഉഭയകക്ഷി പിന്തുണ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മുഖ്യമന്ത്രി നിയമമാണ് പറഞ്ഞതെന്നും വിദേശികള്‍ പുറത്തുപോവണമെന്നും അവരെ തിരിച്ചറിയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ എപ്പോഴാണ് എന്‍ആര്‍സി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ എന്‍ആര്‍സിയില്‍ സേവനമനുഷ്ഠിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജി എച്ച് എസ് ഭല്ല ഉടന്‍ അസം സന്ദര്‍ശിക്കുമെന്നും ഹരിയാനയില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണയും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നും ഖട്ടാര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനില്‍ക്കെയാണ് ഖട്ടാറിന്റെ പ്രഖ്യാപനം. മാത്രമല്ല, വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഏതാനും പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദങ്ങള്‍ പിന്തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി, പ്രത്യേകിച്ച് അയല്‍രാജ്യമായ മുസ് ലിം ഭൂരിപക്ഷ രാജ്യാതിര്‍ത്തികളിലുള്ളവരെ പുറത്താക്കുകയെന്ന പേരില്‍ എന്‍ആര്‍സി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഗുവാഹത്തിയില്‍ നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എന്‍ആര്‍സി രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. 'അസമില്‍ മാത്രമല്ല, രാജ്യം മുഴുവന്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് ശുദ്ധീകരിക്കപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതിനകം ഒരു പദ്ധതി തയ്യാറായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേക്കു ആത്മവിശ്വാസത്തോടെ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കാന്‍ രാജ്യവ്യാപകമായി കാംപയിന്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അസമില്‍ മുസ് ലിംകളെ ലക്ഷ്യമിട്ട് നടപ്പാക്കിയ എന്‍ആര്‍സി ബംഗാളി ഹിന്ദുക്കളെ തിരിഞ്ഞുകൊത്തിയതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കളിലും അതൃപ്തിക്കിടയാക്കിയിരുന്നു. അസം ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള ബംഗാളി ഹിന്ദുക്കള്‍ ബിജെപിയുടെ വോട്ട്ബാങ്കാണ്.RELATED STORIES

Share it
Top