Big stories

ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിസ്താൻ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ പകുതിയും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിസ്താൻ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍
X

കാബൂള്‍: ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്താന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാൻ. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞു.


അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന്‍ പിടിച്ചെടുത്തതായ റിപോർട്ടുകൾ വെള്ളിയാഴ്ച്ച രാവിലെയാണ് പുറത്തുവന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചത്.

'കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.' ട്വീറ്റില്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശികൾ വെളിപ്പെടുത്തുന്നതായ സാമൂഹിക മാധ്യമ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനേഴ് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ പകുതിയും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

ഹെറാത്ത്, കാണ്ഡഹാർ നഗരങ്ങൾ പിടിച്ചടക്കി മണിക്കൂറുകൾക്കകം താലിബാൻ പോരാളികൾ പ്രവിശ്യ തലസ്ഥാനങ്ങളായ തെരൻകോട്ട്, പുൽ ഇ ആലം, ഫെറൂസ് കോ, ഖലാ-ഇ നാവ്, ലശ്കർ ഗാഹ് എന്നിവ പിടിച്ചെടുക്കുന്നതായി അൽജസീറ റിപോർട്ട് ചെയ്യുന്നു. ഇതുവരെ അഫ്ഗാനിസ്താനിലുടനീളമുള്ള 17 പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാനുണ്ട്.


അഫ്ഗാനിസ്താനിലെ തെക്കൻ ഉറുസ്ഗാൻ പ്രവിശ്യയിൽ നിന്നുള്ള രണ്ട് നിയമ നിർമ്മാതാക്കളായ ബിസ്മില്ല ജൻ മുഹമ്മദും കുദ്രതുല്ല റഹിമിയും പറയുന്നത് പ്രവിശ്യ തലസ്ഥാനമായ തെരൻകോട്ട് താലിബാന് മുന്നിൽ കീഴടങ്ങിയെന്നാണ്. കാബൂളിലേക്ക് പുറപ്പെടാൻ ഗവർണർ വിമാനത്താവളത്തിലേക്ക് പോവുകയാണെന്നും മുഹമ്മദ് പറയുന്നു.


അതേസമയം രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കാനായി പ്രസിഡന്റ് അഷ്‌റഫ് ഘാനി ഇന്നോ നാളെയോ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it