Big stories

എന്താണ് സയണിസ്റ്റുകളുടെ 'വിശാല ഇസ്രായേല്‍'?

എന്താണ് സയണിസ്റ്റുകളുടെ വിശാല ഇസ്രായേല്‍?
X

യഹ്‌യാ അല്‍ ശാമി

വിശാല ഇസ്രായേലെന്ന ആശയത്തോട് തനിക്ക് വളരെയധികം യോജിപ്പാണെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ എതിര്‍ത്ത് 31 അറബ്-ഇസ്‌ലാമിക് രാജ്യങ്ങളും അറബ് ലീഗും രംഗത്തെത്തിയിട്ടുണ്ട്. അറബ് ദേശീയ സുരക്ഷയ്ക്കും നിലവിലെ അറബ് രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക-അന്താരാഷ്ട്ര സുരക്ഷയ്ക്കും നെതന്യാഹുവിന്റെ പ്രസ്താവന ഭീഷണിയാണെന്നാണ് അറബ് ലോകത്തിന്റെ പ്രസ്താവന പറയുന്നത്.

വിശാല ഇസ്രായേല്‍ എന്നത് സയണിസ്റ്റ് സൈദ്ധാന്തിക ഫാന്റസിയോ തല്‍മുദിന്റെ വികലമായ വ്യാഖ്യാനമോ അല്ല. ഇന്ന് ഫലസ്തീനില്‍ നിങ്ങള്‍ക്ക് അത് കാണാം. ഗസയിലും വെസ്റ്റ്ബാങ്കിലും സയണിസ്റ്റുകള്‍ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. ജെറുസലേമും അല്‍ ഖലീലും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു, സിറിയയിലും ലബ്‌നാനിലും അധിനിവേശം നടത്തുന്നു, ഈജിപ്ത്, കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തോട് അതിര്‍ത്തിപങ്കിടുന്ന പടിഞ്ഞാറന്‍ പ്രദേശമായ ലവന്ത്, മക്കയും മദീനയും ഉള്‍പ്പെടുന്ന ഹിജാസ് എന്നിവ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സ്ഥാപനങ്ങള്‍ പാരമ്പര്യമായി സ്വീകരിച്ച ജൂത വിശ്വാസത്തിന്റെ സത്ത വെളിപ്പെടുത്തുന്ന ഒരു വെളിപ്പെടുത്തലാണിത്.

1948ല്‍ ഫലസ്തീനില്‍ സ്ഥാപിച്ച ഇസ്രായേല്‍ എന്ന സംവിധാനത്തെ കൂടുതല്‍ വികസിപ്പിക്കാനുള്ള ഉദ്ദേശ്യങ്ങള്‍ അവര്‍ക്ക് മറച്ചുവയ്‌ക്കേണ്ടതില്ല എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ഫലസ്തീനെ മോചിപ്പിക്കുന്ന കാര്യത്തില്‍ അറബികള്‍ മൗനം പാലിക്കുമ്പോള്‍ സയണിസ്റ്റുകള്‍ മറ്റു പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയാണ് അവര്‍ അവരുടെ പരിപാടിയുമായി മുന്നോട്ടുപോവുന്നത്. ഇന്ന് നെതന്യാഹു അത് ധിക്കാരപൂര്‍വ്ം പ്രഖ്യാപിക്കുന്നു.

ഇസ്രായേലി ചാനലായ ഐ24ന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍, പ്രധാനമന്ത്രി എന്ന് വിളിക്കപ്പെടുന്നയാള്‍ തന്റെ ദൗത്യത്തെ 'ആത്മീയവും ചരിത്രപരവുമായ' ഒന്നായി വിശേഷിപ്പിച്ചു, രക്ഷകന്റെയും വീണ്ടെടുപ്പുകാരന്റെയും വേഷം ധരിച്ച്, പ്രവാചകന്മാരുടെയും അപ്പോസ്തലന്മാരുടെയും മേലങ്കി ധരിച്ചു. 'വിശാല ഇസ്രായേല്‍' പദ്ധതി ഒരു സ്വപ്‌നമല്ല, മറിച്ച് നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെയും സിനായ് മുതല്‍ മക്ക, മദീന വരെയും വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യം വരയ്ക്കാന്‍ തലമുറകള്‍ക്ക് സന്ദേശം നല്‍കുകയാണെന്ന് അയാള്‍ പറഞ്ഞു.

നെതന്യാഹുവിന്റെ മണ്ടത്തരങ്ങളെന്ന് ചില ഹീബ്രു മാധ്യമങ്ങള്‍ പറഞ്ഞെങ്കിലും അത് ഒരു തീവ്രവാദ നേതാവിന്റെ വ്യക്തിഗത ദര്‍ശനമല്ല. ആഗ്രഹങ്ങള്‍ക്കായി വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ജൂത സ്വത്വത്തിന്റെ പ്രത്യയശാസ്ത്ര അസ്തിത്വമാണ് അതെന്ന് ഈ പ്രസ്താവനയും ഇതിന് മുമ്പുള്ള പ്രസ്താവനകളും വെളിപ്പെടുത്തുന്നു. അവര്‍ക്കിടയില്‍ ഇടതുപക്ഷവും വലതുപക്ഷവും മിതവാദികളും തീവ്രവാദികളും ഉണ്ടെന്ന് കരുതുന്നവര്‍ തെറ്റിധരിക്കപ്പെടുകയാണ്. അവര്‍ക്കെല്ലാവര്‍ക്കും സയണിസ്റ്റ് ഹൃദയമാണുള്ളത്. ഇന്നലെ മറച്ചുവച്ച കാര്യം പരസ്യമാക്കുക മാത്രമാണ് നെതന്യാഹു ചെയ്തത്. ഇസ്രായേലി മന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് മുമ്പ് വെളിപ്പെടുത്തിയതും നെതന്യാഹു ഇപ്പോള്‍ സമ്മതിച്ചതും ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റുകളുടെ വിശ്വാസമാണ്. രോഗബാധിതമായ അറബ് സമൂഹത്തിലൂടെ കാന്‍സര്‍ പോലെ പടരുന്ന സയണിസ്റ്റ് പദ്ധതിയുടെ സത്തയാണത്.

സയണിസ്റ്റ് പ്രസ്ഥാനം പാരമ്പര്യമായി സ്വീകരിച്ച കൊളോണിയല്‍ പദ്ധതിയുടെ തുടര്‍ച്ചയെ ഇത് രേഖപ്പെടുത്തുന്നു. തൗറാത്തിനെ അത് രണ്ട് ആയുധങ്ങളായി ഉപയോഗിക്കുന്നു: ചരിത്ര വസ്തുതകളെ വളച്ചൊടിക്കുക, അധിനിവേശത്തിന് മറ നല്‍കുക എന്നിവയാണ് ആ രണ്ട് ആയുധങ്ങള്‍.

സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ തിയോഡോര്‍ ഹെര്‍സല്‍ 'ഇസ്രായേല്‍ നാട്' നൈല്‍ നദിയില്‍ ആരംഭിച്ച് യൂഫ്രട്ടീസില്‍ അവസാനിക്കുന്നുവെന്ന് 1904ല്‍ പ്രഖ്യാപിച്ചു. തല്‍മുദ് ആശയങ്ങളെ വികലമായി വളച്ചൊടിച്ചായിരുന്നു ഈ ആശയം വികസിപ്പിച്ചത്. പ്രദേശത്തിന്റെ ചരിത്രപരമായ ഭൂമിശാസ്ത്രത്തെ അതൊരു പുരാണ 'ദിവ്യ വാഗ്ദാനത്തിലേക്ക്' ചുരുക്കി.



1977ല്‍ ലിക്കുഡ് പാര്‍ട്ടി ഇസ്രായേലില്‍ അധികാരത്തില്‍ വന്നപ്പോള്‍ വെസ്റ്റ്ബാങ്കിന്റെ പേര് യഹൂദിയ, ശമര്യ എന്നിങ്ങനെയാക്കി രാഷ്ട്രീയ പദ്ധതിക്ക് ആക്കം കൂട്ടി. സയണിസ്റ്റുകളുടെ ഈ നടപടി എല്ലാ അറബ് സംരംഭങ്ങളെയും ചര്‍ച്ചാ ശ്രമങ്ങളെയും വെല്ലുവിളിച്ചു. ഫലസ്തീനെ കീറിമുറിക്കുന്നതിനും ഫലസ്തീനികളുടെ അവകാശങ്ങള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിനുമുള്ള ഉപകരണമാക്കി വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റങ്ങള്‍ മാറി. സിറിയയിലെ ദമസ്‌കസും ആറ് അറബ് രാജ്യങ്ങളുടെ ഭൂമിയും ഇസ്രായേലിന്റെ ഭാഗമാണെന്ന് 2016ല്‍ പ്രഖ്യാപിച്ച ബെസലേല്‍ സ്‌മോട്രിച്ചിനെപ്പോലുള്ള പ്രമുഖ മത സയണിസ്റ്റുകളുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ ഇന്ന് നെതന്യാഹു ഈ സാഹചര്യം പുനരുജ്ജീവിപ്പിക്കുന്നു. ജോര്‍ദാന്‍ പൂര്‍ണമായും ഇസ്രായേലിന്റെ ഭാഗമായ ഒരു ഭൂപടം 2023ല്‍ പാരിസില്‍ പ്രദര്‍ശിപ്പിച്ചു.

ഇതൊന്നും വെറും വാചാടോപമല്ല: വിശാല ഇസ്രായേലിന്റെ ഭൂപടമുള്ള ചിത്രം കൈയ്യില്‍ പതിച്ച ഒരു ഇസ്രായേലി സൈനികന്‍ ഗസയില്‍ നില്‍ക്കുന്ന ചിത്രം 2024 ജൂണില്‍ പുറത്തുവന്നു. ഇസ്രായേലിന്റെ വ്യാപനം സൈദ്ധാന്തകമായ ഒന്നല്ലെന്നും ക്രൂരമായി നടപ്പാക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും ആ ചിത്രം കാണിച്ചു. ഗസയോ വെസ്റ്റ്ബാങ്കോ മാത്രമല്ല, ലവന്തും ഹിജാസും കിഴക്ക് ഇറാഖും പടിഞ്ഞാറ് ഈജിപ്ത് വരെയുള്ള പ്രദേശങ്ങളും ആ ചിത്രത്തിലുണ്ടായിരുന്നു.



ഫലസ്തീന്റെ ചരിത്രപരമായ അതിര്‍ത്തികളില്‍ ഒതുങ്ങാതെ അത് അറബ് ഭരണകൂടങ്ങളുടെ രാഷ്ട്രീയ ശൂന്യതയും മുന്‍കരുതല്‍ ഇല്ലായ്മയും മുതലെടുത്ത് സിറിയ, ലബ്‌നാന്‍, സിനായ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏകദേശം രണ്ട് വര്‍ഷമായി ഗസയില്‍ വംശഹത്യ നടത്തുമ്പോഴും ഇസ്രായേലി 'സൈന്യം' തെക്കന്‍ സിറിയയില്‍ കയറിയിരിക്കുന്നു. സിറിയന്‍ പ്രദേശത്ത് അവര്‍ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുകയും 'ഹിസ്ബുല്ലയ്ക്കെതിരെ പോരാടുക' എന്ന വ്യാജേന ലബ്‌നാനെതിരെ ആക്രമണങ്ങള്‍ വ്യാപകമാക്കുകയും ചെയ്യുന്നു. ഫലസ്തീനിലും ലബ്‌നാനിലും സിറിയയിലും മറ്റും പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഇല്ലാത്ത ഒരു ഘട്ടമുണ്ടാക്കി കിഴക്കോട്ട് വ്യാപിക്കുക എന്ന ലക്ഷ്യത്തിന് നെതന്യാഹു തയ്യാറെടുക്കുകയാണെന്ന് ഹീബ്രു, പാശ്ചാത്യ മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വ്യാപന അഭിലാഷങ്ങളുടെയും പദ്ധതിയുടെയും വികാസത്തിന് ഈജിപ്താണ് പ്രാഥമിക ഭീഷണിയെന്നാണ് സയണിസ്റ്റുകള്‍ കരുതുന്നത്. ഈജിപ്തിന്റെ ദേശീയസുരക്ഷയുടെ ആദ്യ പ്രതിരോധ നിരയാണ് ഗസയെന്നും അവിടെ പരാജയപ്പെട്ടാല്‍ സയണിസ്റ്റുകള്‍ സിനായ് ലക്ഷ്യമിട്ടേക്കാമെന്നും രാഷ്ട്രീയ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതൊരു ഊഹാപോഹമല്ല. മക്ക, മദീന, സിനായ് പര്‍വതം എന്നിവ കൈവശപ്പെടുത്തുകയും ഈ സ്ഥലങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥനായ അവി ലിപ്കിനെ പോലുള്ളവര്‍ 2024ല്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

പ്രത്യയശാസ്ത്രപരമായ ഫാന്റസികളെ ഭൂമിയിലെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്ന സയണിസ്റ്റ് പദ്ധതിക്കുള്ള പാശ്ചാത്യരുടെ പരിധിയില്ലാത്ത പിന്തുണയേയും കാണാതിരിക്കാനാവില്ല. പതിറ്റാണ്ടുകളായി എല്ലാ വര്‍ഷവും യുഎസ് മാത്രം ഇസ്രായേലിന് 380 കോടി യുഎസ് ഡോളറിന് തുല്യമായ തുകയുടെ സൈനികസഹായം നല്‍കുന്നു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി സഹകരിക്കുകയും ചെയ്യുന്നു. മാനുഷിക പ്രതിച്ഛായ മെച്ചപ്പെടുത്താനും ജനകീയ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളെ അപൂര്‍വ്വമായി അപലപിക്കാറുണ്ടെങ്കിലും പാശ്ചാത്യര്‍ ഇസ്രായേലിന് ആയുധങ്ങളും മറ്റും സുലഭമായി നല്‍കുന്നു.

ഇസ്രായേലിന് സ്വയം സംരക്ഷിക്കാനുള്ള ശേഷിയില്ലെന്നും പാശ്ചാത്യ പിന്തുണയിലാണ് അവര്‍ നിലനില്‍ക്കുന്നതെന്നുമാണ് മിഡില്‍ഈസ്റ്റ് പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനം പറയുന്നത്. അതായത്, വിശാല ഇസ്രായേല്‍ രൂപീകരണ പദ്ധതി ഒരു ഇസ്രായേലി പദ്ധതി മാത്രമല്ല, മറിച്ച് അന്താരാഷ്ട്ര തീരുമാനമാണ്.

ഇസ്രായേലിന് ഭൗതികപിന്തുണ നല്‍കുന്നതില്‍ മാത്രം പാശ്ചാത്യലോകം തൃപ്തരല്ല, ഫലസ്തീന്‍ ലക്ഷ്യത്തെ അരികുവല്‍ക്കരിക്കുന്ന എബ്രഹാം ഉടമ്പടിയിലൂടെ അവര്‍ സയണിസ്റ്റ് പദ്ധതിയെ നിയമവിധേയമാക്കുകയാണ്. നെതന്യാഹു തന്റെ വ്യാപന അഭിലാഷങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ, തങ്ങളുടെ അതിര്‍ത്തികള്‍ ഇസ്രായേല്‍ അംഗീകരിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും ചില അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണനിലയിലാക്കുന്നത് തുടരുന്നു. 'സുരക്ഷയും സ്ഥിരതയും' എന്ന മിഥ്യാധാരണയ്ക്കായി സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ അവര്‍ ബലികഴിക്കുകയാണ്.


യുഎസ് നിര്‍മിത ബോംബുകളാല്‍ ഗസ കത്തിയെരിയുമ്പോള്‍, സയണിസ്റ്റുകള്‍ വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തുമ്പോള്‍, ജെറുസലേമിനെ ഒറ്റപ്പെടുത്തുമ്പോള്‍, അല്‍ ഖലീലിലെ ഇബ്രാഹിമി പള്ളി പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഇസ്രായേലി വ്യാപനത്തിന് അറബ് ഭൂപടങ്ങള്‍ മാറ്റിവരച്ച് കൈയ്യേറ്റം തുടരുമ്പോള്‍ അറബ് നിലപാട് നിരാശാജനകമായി തുടരുകയാണ്.

സിറിയയും ലബ്‌നാനും പോലെ ചില രാജ്യങ്ങള്‍ പ്രതീകാത്മക പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ സംതൃപ്തരാണ്. അതേസമയം, ചില രാജ്യങ്ങള്‍ വഞ്ചനാപരവും അട്ടിമറി സ്വഭാവവും ഉള്ള പാതയിലൂടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇത് അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാന തത്വങ്ങളെ മാത്രമല്ല, മനുഷ്യന്റെ നിലനില്‍പ്പിന്റെയും അറബ് അതിജീവനത്തിന്റെ ആവശ്യകതകളുടെയും അടിത്തറയെ പോലും ലംഘിക്കുന്നു.

അടിയന്തര ചോദ്യം: സിനായ് പ്രദേശത്തെ 'വാഗ്ദത്ത ഭൂമി'യുടെ ഭാഗമായി പ്രഖ്യാപിക്കുന്ന സയണിസ്റ്റ് ഭരണകൂടവുമായി ഈജിപ്തിന് എങ്ങനെ സാധാരണ ബന്ധമുണ്ടാക്കാന്‍ സാധിക്കും?. എല്ലാ ദിവസവും ശത്രുത ഉറപ്പിക്കുന്ന ശത്രുവുമായി അവര്‍ക്ക് എങ്ങനെ കരാറുകളില്‍ ഏര്‍പ്പെടാന്‍ കഴിയും ?. ദുരന്തം 1948ല്‍ അവസാനിച്ചില്ല, അത് ഇന്നും അതിന്റെ ഏറ്റവും മോശം രൂപത്തിലും പ്രകടനങ്ങളിലും തുടരുന്നു. മുമ്പ് സംഭവിച്ചതും ഇന്ന് സംഭവിച്ചതും എല്ലാം മുന്നിലുണ്ടായിട്ടും ഗസയിലെ അധിനിവേശത്തോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഏതൊരാളും വലിയ മിഥ്യാധാരണയിലാണ് ജീവിക്കുന്നത്.

അറബ് രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണുള്ളത്. മുന്‍ഗണനകള്‍ പുനഃക്രമീകരിച്ച് സയണിസ്റ്റ് വിപുലീകരണ പദ്ധതിയുമായുള്ള ഏറ്റുമുട്ടലിന്റെ മുന്‍പന്തിയില്‍ ഫലസ്തീന്‍ ലക്ഷ്യത്തെ സ്ഥാപിക്കുക, അതല്ലെങ്കില്‍ സിനായ്, മക്ക, അല്ലെങ്കില്‍ ബാഗ്ദാദ് എന്നിവ അടുത്ത ലക്ഷ്യവും പദ്ധതിയുടെ ഭാഗവുമാകുന്നതുവരെയും കാത്തിരിക്കുക!

Next Story

RELATED STORIES

Share it