- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങള്‍ കന്നുകാലികളെപ്പോലെ മരിച്ചുവീഴും'; കൊറോണക്കാലത്തെ കശ്മീര്‍ കാഴ്ചകള്‍

ശ്രീനഗര്‍: ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും കശ്മീരിലെ കാഴ്ചകള്‍ അതിദയനീയമാണ്. നാല് കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതും ആരോഗ്യരംഗത്തെ പോരായ്മകളും അതിവേഗ ഇന്റര്‍നെറ്റ് വിലക്കിയതുമെല്ലാം താഴ് വരയിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കടുത്ത വിലക്കുകള്‍ക്കു പുറമെ മഹാമാരിയെ ചെറുക്കാന്‍ ആവശ്യമായ സംവിധാനങ്ങളില്ലാത്തതാണ് ഇപ്പോള്‍ ദുരിതം വര്‍ധിക്കാന്‍ കാരണം. ഇത്തരത്തില്‍ പോവുകയാണെങ്കില്‍ വലിയ ദുരന്തമുണ്ടാവുമെന്ന് ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് (ജിഎംസി) മുന്‍ പ്രിന്‍സിപ്പലായ മുതിര്‍ന്ന ഡോക്ടര്‍ അല്‍ജസീറയോട് പറഞ്ഞു. ''കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണെങ്കില്‍ ഞങ്ങളെല്ലാം ഇല്ലാതാവും. കന്നുകാലികളെപ്പോലെ ഞങ്ങള്‍ മരിച്ചുവീഴും. സാധാരണ സമയങ്ങളെ പോലും കൈകാര്യം ചെയ്യാന്‍ കശ്മീരിലെ ആരോഗ്യസംവിധാനം സജ്ജമല്ല-പേര് വെളിപ്പെടുത്താത്ത അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ഔട്ട്‌പേഷ്യന്റ് വിഭാഗവും ശസ്ത്രക്രിയകളുമെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്(ജിഎംസി) പ്രിന്‍സിപ്പല്‍ സമിയ റാഷിദും പറഞ്ഞു. അടിയന്തിര സാഹചര്യങ്ങള്‍ മാത്രം പരിശോധിച്ച് ശസ്ത്രക്രിയ നടത്തും. അടിയന്തര ചികില്‍സ ആവശ്യമില്ലാത്ത രോഗികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.
ഡോക്ടര്‍മാരും ജീവനക്കാരും കുറവ്; ആരോഗ്യമേഖലയിലുള്ളവരും കൊറോണ ഭീതിയില്‍

മേഖലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ വിദഗ്ധരുടെയും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. നൂറുകണക്കിന് ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളതിനാല്‍, റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വെറും മഞ്ഞുമലയുടെ അംശം മാത്രമായിരിക്കുമെന്നും പ്രദേശവാസികള്‍ ഭയപ്പെടുന്നു. താഴ് വരയിലെ ആശുപത്രികള്‍ വൈറസ് വ്യാപനത്തെ തടയാന്‍ സജ്ജമല്ലെന്ന ആക്ഷേപം ശക്തമാണ്. ജിഎംസിയില്‍ 13,000 എന്‍ 95 മാസ്‌കുകള്‍, 3,300 പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്(പിപിഇ) കിറ്റുകള്‍, 122,000 ട്രിപ്പിള്‍ ലേയേര്‍ഡ് മാസ്‌കുകള്‍ എന്നിവയാണുള്ളത്. കൊവിഡ് 19 രോഗികളെ ചികില്‍സിക്കുമ്പോള്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അണുബാധകളില്‍ നിന്നുള്ള സ്വയരക്ഷയ്ക്കായി എന്‍ 95 റെസ്പിറേറ്റര്‍ മാസ്‌കുകളും സര്‍ജിക്കല്‍ മാസ്‌കുകളും(ഫെയ്‌സ് മാസ്‌കുകള്‍) ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും ആളുകളുടെ എണ്ണക്കുറവുണ്ടെന്ന് സമിയ റാഷിദ് പറഞ്ഞു.
2018ല്‍ നടത്തിയ ഔദ്യോഗിക ഓഡിറ്റില്‍, സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനുഷ്യവിഭവ ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നഴ്‌സിങ് സ്റ്റാഫുകളുടെ എണ്ണം ഏറെ കുറവാണ്. 3,193 നഴ്‌സുമാരെ ആവശ്യമുള്ളിടത്ത് 1,290 സ്റ്റാഫ് നഴ്‌സുമാരുടെ നിയമനത്തിനു മാത്രമാണ് അനുമതി നല്‍കിയത്. 1903 തസ്തികകള്‍ കൂടി സൃഷ്ടിക്കണമെന്നും ഓഡിറ്റില്‍ ശുപാര്‍ശ ചെയ്തിരുന്നു. കശ്മീര്‍ മേഖലയിലെ ഡോക്ടര്‍-രോഗി അനുപാതമാവട്ടെ ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്നതാണ്. രാജ്യത്ത് ഡോക്ടര്‍-രോഗി അനുപാതം 1:2,000 എന്നതാണെങ്കില്‍ ജമ്മു കശ്മീരില്‍ ഇത് 3,866 പേര്‍ക്ക് ഒരു അലോപ്പതി ഡോക്ടര്‍ എന്ന നിരക്കിലാണ്.
ഇതിനേക്കാള്‍ വലിയ മറ്റൊരു ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇവര്‍ക്ക് ലഭ്യമല്ല. അതിനാല്‍ തന്നെ ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിലെ ഡോക്ടര്‍ അഹ്മദ് ഇക്കാര്യം തുറന്നുപറഞ്ഞു. 'ഞങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളില്ല. ഒരു ശസ്ത്രക്രിയ മാസ്‌ക്, സാധാരണ കൈയുറകള്‍, സര്‍ജിക്കല്‍ ഗണ്‍, ഒരു തൊപ്പി എന്നിവ മാത്രമാണ് ഞങ്ങള്‍ ധരിക്കുന്നത്. അകലം പാലിക്കാന്‍ ഒരു രോഗിയോട് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ ആദ്യ വരുന്നത് ആശുപത്രിയിലാണ്. ഡോക്ടറുമായാണ് അവരുടെ ആദ്യത്തെ സമ്പര്‍ക്കം. അതിനാല്‍ തന്നെ തന്നെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രോഗം പരത്തുന്നവരായി മാറാന്‍ താല്‍പര്യമില്ല. ഞങ്ങള്‍ക്ക് രോഗം പിടിപെട്ടാല്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്യേണ്ടിവരും. ഞങ്ങള്‍ക്ക് ശരിയായ ഉപകരണങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി സന്ദര്‍ശിക്കുന്ന ഓരോ രോഗിയെയും കോവിഡ് 19 സാധ്യതയുള്ള കേസായി കാണണണമെന്നും ആശുപത്രിയിലെ സുരക്ഷാ ഉപകരണങ്ങളുടെയും സാനിറ്റൈസറുകളുടെയും ക്ഷാമം പരിഹരിക്കണമെന്നും റെസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. 'പൊതുജനങ്ങളുടെ ക്ഷേമം ഡോക്ടര്‍മാരെ ആശ്രയിച്ചാണുള്ളത്. ഡോക്ടര്‍മാര്‍ തന്നെ രോഗികളായാല്‍ അവര്‍ക്കെങ്ങനെ പൊതുജനങ്ങുടെ ആരോഗ്യ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ രണ്ട് പ്രധാന ആശുപത്രികളില്‍, ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണെത്തുന്നത്. രണ്ട് ഡോക്ടര്‍മാരെ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാക്കും ചെയ്തു.
കശ്മീര്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ലോക്ക്ഡൗണ്‍

2019 ആഗസ്ത് അഞ്ചിനു കേന്ദ്രഭരണപ്രദേശമാക്കുന്നതു വരെ കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്കില്‍ 13 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍പേരും ഇറാനില്‍ പോയവരാണത്രേ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കഴിഞ്ഞ മാസമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്. എന്നാല്‍, 4 ജി സേവനങ്ങള്‍ നിഷേധിച്ചിക്കപ്പെട്ടതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മന്ദഗതിയിലാണ്. കശ്മീരിലെ പ്രധാന നഗരവും ഒരു ദശലക്ഷത്തോളം പേര്‍ താമസിക്കുന്നതുമായ ശ്രീനഗര്‍ ഈ ആഴ്ച ഒരു പ്രേതനഗരം പോലെയായെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. വിപണികള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം നിരോധിച്ചു. യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്നു. എന്നാല്‍ ഇപ്പോഴും കൊറോണ വൈറസ് വ്യാപനം തടയാന്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിനെ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
നീണ്ട ഏഴ് മാസത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കു ശേഷം കഴിഞ്ഞ മാസം വീണ്ടും തുറന്ന സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവ വീണ്ടും അടച്ചുപൂട്ടി. ജനങ്ങളാവട്ടെ മറ്റൊരു നീണ്ട കാലയളവിനുള്ള തയ്യാറെടുപ്പിനെന്നോണം അവശ്യസാധനങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നു. കശ്മീരിലെ ദൈനംദിന സംഭവങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ കശ്മീരികള്‍ ആരും ഉറങ്ങുകയില്ലെന്ന് ശ്രീനഗറിലെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഷാഹിദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. 'നമുക്ക് നമ്മുടെ അഹംഭാവം മാറ്റിവയ്ക്കാം. കൂട്ടായി പ്രവര്‍ത്തിക്കുക. പരിഭ്രാന്തിക്കു പകരം പരസ്പര സഹകരണം ഉറപ്പാക്കുക. ഇത് മൂന്നാം ലോകമഹായുദ്ധമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മാര്‍ഗനിര്‍ദേശങ്ങള്‍ പോലും ഡൗണ്‍ലോഡ് ചെയ്യാനാവാത്ത ഇന്റര്‍നെറ്റ് നിയന്ത്രണം

കൊവിഡ് 19ന്റെ വ്യാപന ഭീഷണിക്കിടയിലും കശ്മീരില്‍ അതിവേഗ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എല്ലായിടക്കും ബോധവല്‍ക്കരണത്തിന് സാമൂഹിക മാധ്യമങ്ങളെയും മറ്റുമാണ് അതിവേഗം ഉപയോഗിക്കുന്നത്. എന്നാല്‍, കശ്മീരികള്‍ക്കിടയിലും ഡോക്ടര്‍മാര്‍ക്കിടയിലും ഫലപ്രദമായി അവബോധ കാംപയിനെ തടസ്സപ്പെടുത്തുന്നതാണ് അതിവേഗ ഇന്റര്‍നെറ്റ് വിലക്ക്.
കഴിഞ്ഞ ആഗസ്ത് മുതലാണ് മേഖലയിലെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞത്. ഇതുകാരണം ഡോക്ടര്‍മാര്‍ക്കായുള്ള കൊവിഡ് 19 മാനുവല്‍ പോലും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ജിഎംസിയിലെ ശസ്ത്രക്രിയാ വിഭാഗം പ്രഫ. ഇക്ബാല്‍ സലീം പറഞ്ഞു. ''ഏറെ നിരാശാജനകമാണ്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം തീവ്രപരിചരണ പരിപാലനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു. ഒരു മണിക്കൂറുമെടുത്തിട്ടും ഡൗണ്‍ ലോഡ് ചെയ്യാനായില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ജനതയ്ക്ക് അപ്‌ഡേറ്റായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ കുറഞ്ഞ വേഗതയുള്ള ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായി വടക്കന്‍ കശ്മീരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒന്നും അറിയാന്‍ കഴിയുന്നില്ല, ഗവേഷണ പ്രബന്ധങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പോലും കഴിയുന്നില്ല. ഇത് ഒട്ടേറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍

ഐക്യരാഷ്ട്ര സഭ മഹാമാരിയെന്ന് വിലയിരുത്തിയ കൊറോണ വ്യാപിക്കുമ്പോള്‍ ലോകത്ത് എല്ലായിടത്തും ജോയി ചെയ്യാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് 'വീട്ടിലിരുന്ന് ജോലി'(വര്‍ക്കം ഫ്രം ഹോം) ചെയ്യുക എന്നത്. എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റ് നിരോധനം കശ്മീരിലെ പലര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനും കഴിയുന്നില്ല. ഞങ്ങളുടെ ലാപ്‌ടോപ്പുകളെ ബന്ധിപ്പിക്കുന്നതിന് വേണ്ടത്ര മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരമില്ലെന്ന് ഐടി ഉദ്യോഗസ്ഥനായ അര്‍ഷാദ് പറഞ്ഞു. മേഖലയില്‍ അതിവേഗ ഇന്റര്‍നെറ്റ് വിലക്കിയ നടപടിയെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു. അതിവേഗ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുനസ്ഥാപിക്കണമെന്ന് ആംനസ്റ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കണം. 4 ജി സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം പുനസ്ഥാപിക്കണം. ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആളുകള്‍ക്ക് പൂര്‍ണമായി ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത് തരാമെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സലിന്റെ പ്രതികരണം. കശ്മീരിലെ അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള 170ലേറെ അക്കാദമിക് വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയ്ക്കും യുഎന്നിനും കത്ത് നല്‍കിയിട്ടുണ്ട്. 'കൊവിഡ് 19 ന്റെ ഒന്നിലധികം പോസിറ്റീവ് കേസുകള്‍ പ്രദേശത്ത് റിപോര്‍ട്ട് ചെയ്തിട്ടും, ഇന്ത്യന്‍ സര്‍ക്കാര്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത് വിലക്കിയിരിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















