Big stories

വാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്

കേസില്‍ സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്

വാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
X

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി.നിലവില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളിയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.കേസില്‍ സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലിസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു.ഇത് പരിഗണിച്ചാണ് പോക്‌സോ കോടതിയുടെ ഉത്തരവ്

2021 ജനുവരി 2 നാണ് വാളയാര്‍ കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ വൈകിയിരുന്നു.ഹൈക്കോടതി ഇടപെടലിലൂടെ ഏപ്രിലിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2021 ഡിസംബറിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പോലിസ് അന്വേഷണം ശരിവച്ച് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്നായിരുന്നു കുറ്റപത്രം.പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക പീഡനം പെണ്‍കുട്ടികള്‍ നിരന്തരം നേരിട്ടിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2017 ജനുവരി പതിമൂന്നിനാണ് വാളയാര്‍ അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രണ്ട് മാസങ്ങള്‍ക്കു ശേഷം മാര്‍ച്ച് നാലിനാണ് ഒമ്പതുവയസ്സുകാരിയായ സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Next Story

RELATED STORIES

Share it