Big stories

കൊവിഡ് വാര്‍ഡുകളില്‍ പരിശോധനയ്ക്ക് മൃഗഡോക്ടര്‍മാര്‍...!; വിചിത്ര നടപടിയുമായി ബിജെപി സര്‍ക്കാര്‍

കൊവിഡ് വാര്‍ഡുകളില്‍ പരിശോധനയ്ക്ക് മൃഗഡോക്ടര്‍മാര്‍...!; വിചിത്ര നടപടിയുമായി ബിജെപി സര്‍ക്കാര്‍
X

ഹിസാര്‍: ലോകം വിറങ്ങലിച്ചുനില്‍ക്കുന്ന കൊവിഡ് മഹാമാരിയില്‍ രോഗം ബാധിച്ച് ആശുപത്രികളിലെ നിരീക്ഷണവാര്‍ഡുകളില്‍ കഴിയുന്നവരെ പരിചരിക്കാന്‍ മൃഗ ഡോക്ടര്‍മാരെ നിയമിച്ച് ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍. ഹിസാര്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകളിലെ കൊവിഡ് രോഗികളെയാണ് വെറ്ററിനറി സര്‍ജന്മാര്‍ പരിപാലിക്കുക. ഇതിനായി 61 വെറ്റിനറി സര്‍ജന്മാരെ നിയോഗിക്കാനായി സിവില്‍ സര്‍ജന്‍ ഡോ. രത്ന ഭാരതി ഹിസാര്‍ അനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഡയറിയിങ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

ഈ ഡോക്ടര്‍മാരെ ഹന്‍സി, ബാര്‍വാല, ഉക്ലാന എന്നിവയുള്‍പ്പെടെയുള്ള ചെറിയ പട്ടണങ്ങളിലെ പിഎച്ച്‌സികളിലും സിഎച്ച്‌സികളിലുമൊക്കെയായാണ് നിയോഗിച്ചിരിക്കുന്നത്. മിക്ക വെറ്ററിനറി ശസ്ത്രക്രിയാ വിദഗ്ധര്‍ക്കും ഇതിനകം ചില ഗ്രാമങ്ങളില്‍ നിമയനം നല്‍കിയിട്ടുണ്ട്. ചിലരെ അടുത്തുള്ള ഗ്രാമങ്ങളിലേക്കും ചെറിയ പട്ടണങ്ങളിലേക്കും അയച്ചതായി ട്രിബ്യൂണ്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

ബിജെപി അംഗവും ആര്‍എസ്എസ് മുന്‍ പ്രചാരകനുമായ മനോഹര്‍ ലാല്‍ ഖട്ടാറാണ് ഹരിയാന മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രവും ചാണകവും മികച്ച ഔഷധമാണെന്ന് ബിജെപി എംഎല്‍എമാരും ഹിന്ദുത്വരും നിരന്തരം വാദിക്കുകയും ഗവേഷണങ്ങള്‍ക്കു വരെ ചില സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കുകയും ചെയ്‌തെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പരിപാലനത്തിനായി വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

അതേസമയം, വെറ്ററിനറി സര്‍ജന്‍സ് അസോസിയേഷന്‍ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. തങ്ങളെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടേതിനു തുല്യമായി 50 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ക്വാറന്റൈന്‍ വാര്‍ഡുകളും ഗ്രാമങ്ങളില്‍ പഞ്ചായത്ത് ഘര്‍ ധര്‍മ്മശാലകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ഐസോലേഷന്‍ വാര്‍ഡുകളിലെ വെറ്റിനറി സര്‍ജന്മാര്‍ രോഗികളുടെ രേഖകള്‍ സൂക്ഷിക്കുകയും റിപോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ക്ക് അയയ്ക്കുകയും ചെയ്യും.

പിഎച്ച്സികളിലും സിഎച്ച്സികളിലും കുറവായതിനാല്‍ മാസ്‌കുകള്‍, സാനിറ്റൈസര്‍, തെര്‍മോമീറ്റര്‍, ഓക്‌സിമീറ്റര്‍ എന്നിവയുള്‍പ്പെടെയുള്ളവ അവര്‍ക്ക് നല്‍കണമെന്ന് ഹിസാര്‍ അനിമല്‍ വെറ്ററിനറി സര്‍ജന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. ആര്‍ എസ് ഖസ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it