Big stories

ആലപ്പാട് ഖനനം നിര്‍ത്തിവയ്ക്കണമെന്ന് വി എസ്; വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടെന്ന് ഇ പി

നനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്

ആലപ്പാട് ഖനനം നിര്‍ത്തിവയ്ക്കണമെന്ന് വി എസ്; വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടെന്ന് ഇ പി
X

കൊല്ലം: ആലപ്പാട് കരമണല്‍ ഖനനം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. തുടര്‍പഠനത്തിനു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേ ക്കാള്‍ വിലയുണ്ടെന്നു വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, വി എസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്കുള്ള നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇടതുമുന്നണി യോഗവും സമരക്കാരുമായുള്ള ചര്‍ച്ചയും ഇന്നു നടക്കുന്നതിനു തൊട്ടുമുമ്പാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വി എസിന്റെ ഇടപെടലന്നതും ശ്രദ്ധേയമാണ്. നേരത്തേ ഭരണകക്ഷിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും ഖനനത്തിനെതിരേ രംഗത്തെത്തിയിരുന്നു.

അതിനിടെ, ആലപ്പാട്ടെ ഖനനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പോലിസ് സ്‌റ്റേഷന്‍ ഐആര്‍ഇയ്ക്കുള്ളില്‍ അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഉത്തരവ് അട്ടിമറിച്ചതായും പുറത്തുവന്നു. കരിമണല്‍ കടത്ത് നിരവധി തവണ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മൂന്നുവര്‍ഷം മുന്‍പ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാനായി 345 തസ്തിക സൃഷ്ടിച്ച കാര്യം ഈ ഉത്തരവില്‍ വ്യക്തമാകുന്നു. ഇത് പ്രകാരം കൊല്ലം ഐആര്‍ഇയ്ക്ക് രണ്ട് അഡീഷണല്‍ എസ്‌ഐ അടക്കം 40 പോലിസുകാരെ അനുവദിച്ചു. ഇവിടെ എത്തുന്നതും കടന്ന് പോകുന്നതുമായ എല്ലാ ലോറികളുടെയും രജിസ്റ്റര്‍ തയ്യാറാക്കണം, ലോറികളുടെ നമ്പറുകള്‍ എഴുതി സൂക്ഷിക്കണം, ഐആര്‍ഇയുടെ ഒരു കവാടത്ത് കൂടി ലോറി അകത്തേക്ക് പ്രവേശിപ്പിക്കണം, മറ്റേ കവാടത്തില്‍ക്കൂടി ലോറി പുറത്തേക്ക് ഇറക്കണം എന്നീ നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it