Big stories

ഇറാന്റെ ആണവപദ്ധതിയും യുഎസിന്റെ മണ്ടത്തരവും

ഇറാന്റെ ആണവപദ്ധതിയും യുഎസിന്റെ മണ്ടത്തരവും
X

തിമോത്തി ഹോപ്പര്‍

ഇറാന്റെ ആണവപദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേലി നേതാക്കളും തെറ്റായി വിലയിരുത്തി. അതിനാല്‍ തന്നെ പരമാവധി സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ 12 ദിവസത്തെ യുദ്ധത്തിന് ഇറാന്റെ ആണവ ശേഷിയെ തകര്‍ക്കാനായില്ല. 2005നും 2014നും ഇടയില്‍, ഇറാന്‍ മാറ്റാനാവാത്ത ഒരു യാഥാര്‍ഥ്യം സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരുന്നു: ആണവകരാര്‍ സംബന്ധിച്ച് ലോകശക്തികളുമായുള്ള അന്തിമ കരാര്‍ വൈകിപ്പിച്ച അവര്‍ ആ സമയം ആണവ വിദ്യ പൂര്‍ത്തിയാക്കാനും വിദഗ്ധരുടെ ശൃംഖല നിര്‍മിക്കാനും ഉപയോഗിച്ചു. ഈ മാറ്റം നയതന്ത്ര ചര്‍ച്ചകളുടെ സ്വഭാവത്തെയും പുനര്‍നിര്‍വചിച്ചു.

ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇറാന്‍ ആണവ വിദ്യയോ സാങ്കേതിക വിദ്യയോ ഇറക്കുമതി ചെയ്തില്ല. പകരം, സര്‍വകലാശാലകളില്‍ ആണവ-ഭൗതികശാസ്ത്ര വകുപ്പുകള്‍ സ്ഥാപിക്കുകയും നിരവധി തലമുറ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും സ്വതന്ത്രമായ ശാസ്ത്ര-എൻജിനീയറിങ് വൈദഗ്ധ്യം വികസിപ്പിക്കുകയും ചെയ്തു. ഇത് ആണവ വിജ്ഞാനം തദ്ദേശീയവല്‍ക്കരിക്കപ്പെടാനും സമൂഹത്തില്‍ ഉള്‍ച്ചേരാനും കാരണമായി.

അത് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് യുഎസ് മനസ്സിലാക്കിയിരുന്നു. അതിനാലാണ് അക്കാലത്ത് യുഎസ് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കിയത്. ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ പരിശോധനാ സംവിധാനങ്ങളിലൊന്നിലൂടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇറാന്റെ ആണവ ശേഷിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇറാന്റെ ആണവപദ്ധതിയെ മരവിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്ന ബുഷ്, ട്രംപ് ഭരണകൂടങ്ങളുടെ കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായിരുന്നു ഒബാമയുടെ കാഴ്ചപ്പാട്.

പക്ഷേ, ഇറാന്റെ വളര്‍ന്നുവരുന്ന ആണവ വിജ്ഞാന അടിത്തറയെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് ഇസ്രായേലിന് വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ മുന്‍ മേധാവി മെയര്‍ ഡാഗനെപ്പോലുള്ള വ്യക്തികള്‍ ഇറാന്റെ ആണവ വിജ്ഞാനപദ്ധതിയെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രഹസ്യ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഈ തന്ത്രത്തിന് ഒന്നിലധികം ഘട്ടങ്ങളുണ്ടായിരുന്നു: ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലെ സെന്‍ട്രിഫ്യൂഗുകളെ നശിപ്പിക്കാനുള്ള സ്റ്റക്‌സ്‌നെറ്റ് വൈറസ് നിര്‍മാണം, ഇറാന്റെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകം എന്നിവയായിരുന്നു ഈ ഘട്ടങ്ങള്‍. ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു കൂട്ടം രാഷ്ട്രങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ ശാസ്ത്രീയ അറിവിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. എന്നിരുന്നാലും, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്റെ പദ്ധതികളെ ഹ്രസ്വകാലത്തേക്ക് വൈകിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. നിരവധി സൈനിക ആക്രമണങ്ങള്‍ക്കും പത്ത് പ്രധാന ശാസ്ത്രജ്ഞരുടെ കൊലപാതകത്തിനും ശേഷവും ഇറാന് ആണവ കഴിവുകള്‍ പുനസ്ഥാപിക്കാനും പുനര്‍നിര്‍മിക്കാനും കഴിയുമെന്ന് വിശ്വസിക്കാന്‍ എല്ലാ കാരണവുമുണ്ട്.

ഇറാന്റെ ആണവ പദ്ധതിയും ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളുടെ ആണവ പദ്ധതികളും തമ്മിലുള്ള ഈ അടിസ്ഥാന വ്യത്യാസം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതാണ് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പിഴവ്. തന്റെ രാഷ്ട്രീയ സ്വത്വം പണയപ്പെടുത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഈ തെറ്റിദ്ധാരണ പ്രധാനമായും രൂപപ്പെടുത്തിയത്. ആണവ പ്രശ്‌നം കൂടുതല്‍ നീണ്ടുനില്‍ക്കുന്തോറും, ഇസ്രായേലി രാഷ്ട്രീയത്തില്‍ തനിക്ക് പ്രസക്തിയുണ്ടെന്ന് പറയാന്‍ നെതന്യാഹു ഇറാനെ അസ്തിത്വ ഭീഷണിയായി ചിത്രീകരിക്കും.

എന്നാല്‍ യാഥാര്‍ഥ്യം ഇതാണ്: ഇറാന്റെ ആണവ ശേഷിയെ അര്‍ഥവത്തായി തടയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആണവ വിജ്ഞാന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയോ സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തുകയോ ചെയ്യുന്ന ഫോര്‍മുലകളൊന്നും ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇറാന്‍ നേതൃത്വം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുകയോ സമ്പുഷ്ടീകരണത്തിനും ആണവ ഇന്ധന ഉല്‍പ്പാദനത്തിനുമായി പ്രാദേശികമോ ആഗോളമോ ആയ ഒരു ബഹുമുഖ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയോ ചെയ്യുക എന്നതിന് മാത്രമാണ് അവര്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

ഇറാനിലെ നിലവിലെ ഭരണവര്‍ഗത്തോട് വിയോജിപ്പുള്ളവരും അതൃപ്തിയുള്ളവരും ഉണ്ടെങ്കിലും ഇറാന്റെ ദേശീയ ഓര്‍മ വൈദേശിക സമ്മര്‍ദ്ദത്തെ മോശമായി കാണുന്നുണ്ടെന്ന കാര്യം യുഎസ് നയരൂപീകരണ കര്‍ത്താക്കള്‍ തിരിച്ചറിയണം. ഇറാന്റെ ദേശീയ ഓര്‍മകള്‍ക്ക് ദേശസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രതിരോധം അതിവേഗം ജ്വലിപ്പിക്കാന്‍ കഴിയും. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് പിന്നിലെ ഒരു പ്രധാന കാരണം യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പിന്തുണയോടെ 1953ല്‍ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗിനെ അട്ടിമറിച്ചതായിരുന്നു. പിന്നീട് വന്ന ഭരണകൂടം എണ്ണത്തര്‍ക്കത്തില്‍ പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ വഞ്ചിച്ചു. അത് ഇസ്‌ലാമിക വിപ്ലവത്തെ പിന്തുണയ്ക്കാന്‍ ഇറാനികളെ പ്രേരിപ്പിച്ചു.

12 ദിവസത്തെ യുദ്ധത്തിനിടെ നടന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഇറാന്‍ സര്‍ക്കാരിന്റെ വിമര്‍ശകരില്‍ പോലും ദേശസ്‌നേഹ വികാരം കുതിച്ചുചാടാന്‍ കാരണമായി. ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിനോടും ആണവ ശാസ്ത്രജ്ഞരെ കൊല്ലുന്നതിനോടും ഇറാനികളില്‍ ഭൂരിഭാഗത്തിനും യോജിപ്പില്ല. പകരം, നിയമപരമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുളള കരാറിനെയാണ് അവര്‍ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മിതവാദി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്, നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള ഒരു ജനകീയ ശ്രമമായി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

എന്നിരുന്നാലും, അത്തരമൊരു കരാര്‍, കൊലപാതകങ്ങള്‍, വ്യോമാക്രമണങ്ങള്‍, ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന തന്ത്രത്തില്‍നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഇറാന്റെ ആണവ പാതയുടെ സ്വഭാവത്തെക്കുറിച്ചുള്ള തെറ്റായ അനുമാനങ്ങള്‍ യുഎസ് നയരൂപീകരണ കര്‍ത്താക്കള്‍ പരിഷ്‌കരിക്കുന്നില്ലെങ്കില്‍, അവരുമായി അർഥവത്തായ ഒരു കരാറും സാധ്യമാവില്ല.

Next Story

RELATED STORIES

Share it