- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളുടെ ദുരിതത്തിന് കാരണം യുഎസ് വിദേശനയം

ഒന്‍സി എ കമേല്‍
പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ കുറിച്ച് യുഎസിലെ കത്തോലിക്കനായ സെനറ്റര്‍ ജെ ഡി വാന്‍സ് 2024 മേയില്‍ സംസാരിക്കുകയുണ്ടായി. ''യുഎസിന്റെ പരമ്പരാഗത വിദേശനയം ക്രിസ്ത്യാനികളെ വംശഹത്യയിലേക്ക് നയിക്കുന്നു''-അദ്ദേഹം പറഞ്ഞു. എന്നാല്‍, യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ വ്യത്യസ്തമായ നിലപാടാണ് ജെ ഡി വാന്‍സ് സ്വീകരിച്ചത്.

ജെ ഡി വാന്‍സ്
ഇസ്രായേലിന് യുഎസ് ആയുധങ്ങള്‍ നല്‍കണമെന്നും ഇസ്രായേല്‍ ഇഷ്ടമുള്ള രീതിയില്‍ യുദ്ധം ചെയ്യട്ടെയെന്നുമായിരുന്നു വൈസ് പ്രസിഡന്റെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിലപാട്. ലബ്‌നാനിലും ഫലസ്തീനിലും ഇസ്രായേല്‍ നടത്തിയ യുദ്ധം ക്രിസ്ത്യാനികള്‍ക്ക് വിനാശകരമായിരുന്നതിനാല്‍ പശ്ചിമേഷ്യയിലെ യുഎസ് നയത്തിന്റെ വിജയത്തെ ക്രിസ്ത്യാനികളുടെ ക്ഷേമത്തിനു നല്‍കിയ സംഭാവനകളിലൂടെ അളക്കാന്‍ ശ്രമിച്ച സെനറ്റര്‍ വാന്‍സ് തങ്ങള്‍ പശ്ചിമേഷ്യയില്‍ നേരിട്ട് ബോംബിടുന്നില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.
രാഷ്ട്രീയ ചര്‍ച്ചകളില്‍ പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളെ വിഷയമാക്കുകയും അവരുടെ ദുരവസ്ഥയെ ഗൗരവതരമായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന യുഎസിലെ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകളായുള്ള രീതിയാണ് വാന്‍സും പയറ്റുന്നത്.

യുഎസിന്റെ വിദേശനയം പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ടാക്കിയ നാശം നിഷേധിക്കാനാവില്ല. ഇറാഖില്‍ യുഎസ് അധിനിവേശം നടത്തിയ ശേഷം ക്രിസ്ത്യന്‍ ജനസംഖ്യ 15 ലക്ഷത്തില്‍നിന്ന് ഒന്നരലക്ഷമായി കുറഞ്ഞുവെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തന്നെ കണക്കുകള്‍ പറയുന്നു. യുഎസ് പരോക്ഷമായി ഇടപെട്ട സിറിയന്‍ ആഭ്യന്തരയുദ്ധം അവിടത്തെ ക്രിസ്ത്യാനികളെയും നശിപ്പിച്ചു. സിറിയയിലെ മൂന്നില്‍ രണ്ടു ക്രിസ്ത്യാനികളും പലായനം ചെയ്യേണ്ടി വന്നു.

യുഎസ് പിന്തുണയില്‍ നടത്തുന്ന അധിനിവേശത്തില്‍ ഫലസ്തീനിലെയും ലബ്‌നാനിലെയും ക്രിസ്ത്യന്‍ സമൂഹങ്ങളെ ഇസ്രായേല്‍ ഉപദ്രവിക്കുകയും നശിപ്പിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ സമൂഹങ്ങളാണ് അവരെന്ന് ഓര്‍ക്കണം. പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും അവരില്‍നിന്നു കോടിക്കണക്കിന് ഡോളര്‍ സൈനിക സഹായം സ്വീകരിക്കുന്നവരുമായ ഇസ്രായേല്‍ എത്ര ക്രിസ്ത്യാനികളെ കൊന്നൊടുക്കിയെന്നു കൃത്യമായി പറയാന്‍ പ്രയാസമാണ്.

ഇസ്രായേല്‍ ആക്രമിച്ച ലബ്‌നാനിലെ ക്രിസ്ത്യന്‍ ദേവാലയം
2023 ഒക്ടോബര്‍ മുതല്‍ ഗസയിലെയും വെസ്റ്റ്ബാങ്കിലെയും ലബ്‌നാനിലെയും ക്രിസ്ത്യാനികളെ ഇസ്രായേല്‍ ആക്രമിച്ചതിനു വ്യക്തമായ തെളിവുകളുണ്ട്. ഗസയിലെ അധിനിവേശത്തിന്റെ തുടക്കത്തില്‍ ഇസ്രായേലി സൈനികര്‍ സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് ഹോളി ഫാമിലി ഇടവകയിലെ ഒരു സ്ത്രീയെയും കുട്ടിയെയും കൊന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 50 പേര്‍ താമസിച്ചിരുന്ന കോണ്‍വെന്റ് ഇസ്രായേലി സൈന്യം ടാങ്കുകള്‍ ഉപയോഗിച്ചു തകര്‍ത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ കോണ്‍വെന്റിനു വേണ്ടി നേരത്തെ കാംപയിന്‍ നടത്തിയിരുന്നതാണ്. അതിനാല്‍ തന്നെ ഇസ്രായേലി സൈന്യം കോണ്‍വെന്റിനെ ആക്രമിക്കില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇസ്രായേലിന് അതൊന്നും വിഷയമല്ല. 2023 ഒക്ടോബറില്‍ സെന്റ് പോര്‍ഫിറസ് ചര്‍ച്ച് ആക്രമിച്ച ഇസ്രായേല്‍ 18 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി.


ഗസയിലെ ഏക പ്രൊട്ടസ്റ്റന്റ് ചര്‍ച്ചായ ഗസ ബാപ്റ്റിസ്റ്റ് ചര്‍ച്ചിനെ 2008ല്‍ ഇസ്രായേല്‍ ആക്രമിച്ചിരുന്നു. അതോടെ പാസ്റ്ററും വിശ്വാസികളും നാടുവിട്ടു. ഏപ്രിലില്‍ ഗസയിലെ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബിട്ടു. ആശുപത്രിയിലെ ജനിറ്റിക്‌സ് ലബോറട്ടറി, എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റ്, തൊട്ടടുത്തുള്ള സെന്റ് ഫിലിപ്പ്‌സ് ചാപ്പല്‍ എന്നിവ തകര്‍ത്തു. ഒരു കാലത്ത് സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്റെ ഫോറിന്‍ മിഷന്‍ ബോര്‍ഡ് നടത്തിയിരുന്ന ഈ ആശുപത്രി ഇപ്പോള്‍ ജെറുസലേമിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിനു കീഴിലാണ്. ഗസ മുനമ്പിലെ ഏക ക്രിസ്ത്യന്‍ ആശുപത്രിയുമായിരുന്നു അത്.
കഴിഞ്ഞ വര്‍ഷം ലബ്‌നാനില്‍ നടത്തിയ അധിനിവേശത്തില്‍ സെന്റ് ജോര്‍ജ് മെല്‍കൈറ്റ് കത്തോലിക്ക പള്ളിയില്‍ വ്യോമാക്രമണം നടത്തി എട്ടുപേരെ ഇസ്രായേല്‍ കൊലപ്പെടുത്തി. പ്രത്യേക വ്യോമാക്രമണത്തിലൂടെ പുരോഹിതന്റെ വീടും നശിപ്പിച്ചു. കഴിഞ്ഞ അമ്പതുവര്‍ഷത്തില്‍ മൂന്നു തവണയാണ് സെന്റ് ജോര്‍ജ് മെല്‍കൈറ്റ് കത്തോലിക്ക പള്ളിയില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഐയ്ത്തുവില്‍ വ്യോമാക്രമണം നടത്തി 21 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ അല്‍-ഖൗസയിലെ മരോണൈറ്റ് ഗ്രാമം തകര്‍ത്തു. 2024 നവംബറില്‍, ഇസ്രായേലി പട്ടാളക്കാര്‍ ദെയ്ര്‍ മിമാസ് ഗ്രാമത്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറി ക്രിസ്ത്യന്‍ വിവാഹ രീതികളെ പരിഹസിച്ചു.


വെസ്റ്റ്ബാങ്കിലെ ക്രിസ്ത്യാനികള്‍ ഇസ്രായേലി സൈനികരുടെയും ജൂതകുടിയേറ്റക്കാരുടെയും അക്രമങ്ങളുടെ സമ്മര്‍ദ്ദം അനുഭവിക്കുന്നു. തിരുപ്പിറവി ദേവാലയം, മാര്‍ സഭ മൊണാസ്ട്രി, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മൊണാസ്ട്രി തുടങ്ങി നിരവധി പുരാതന ക്രിസ്ത്യന്‍ ദേവാലയങ്ങളും ആശ്രമങ്ങളും വെസ്റ്റ്ബാങ്കിലുണ്ട്. 2025ല്‍ വെസ്റ്റ്ബാങ്കിനെ ഇസ്രായേലില്‍ ചേര്‍ക്കുമെന്നാണ് ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ പറഞ്ഞിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി ഭരണം ക്രിസ്ത്യാനികള്‍ക്കു നല്ലതായിരിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ദേവാലയങ്ങളില്‍ ഇസ്രായേലി സൈന്യം നിരന്തരമായി റെയ്ഡുകള്‍ നടത്തുന്നതും ജൂതകുടിയേറ്റക്കാര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതും അറിയാത്തവരായിരിക്കും അവര്‍.
ഫലസ്തീനിലെയും ലബ്‌നാനിലെയും ക്രിസ്ത്യന്‍ ദേവാലയങ്ങളെയും ഗ്രാമങ്ങളെയും നശിപ്പിച്ചതിനു പുറമേ ഗസയിലെ ക്രിസ്ത്യാനികളെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഗസയില്‍ കൊലപാതകങ്ങള്‍ ശാസ്ത്രീയമായി നടത്താന്‍ എഐയില്‍ അധിഷ്ഠിതമായ സംവിധാനം അവര്‍ രൂപീകരിച്ചു. ഒരു പോരാളിക്കു പകരം 20 സാധാരണക്കാരെ കൊല്ലാന്‍ സാധിക്കുന്ന രീതിയിലാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹബ്‌സോറ അഥവാ സുവിശേഷം എന്നാണ് ഈ സംവിധാനത്തിന് പേരിട്ടത്.
സാധാരണക്കാരെയും സഹക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേലികളെ യുഎസിലെ യാഥാസ്ഥിതികരായ പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരും പിന്തുണയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പ്രയാസമാണ്. അവരില്‍ പലരും ക്രിസ്ത്യന്‍ സയണിസ്റ്റുകളാണ് എന്നതാണ് പ്രധാന കാരണം. മറ്റുള്ളവര്‍ ജൂതരെയും പശ്ചിമേഷ്യയിലെ 'ഏക ജനാധിപത്യ' രാജ്യമെന്ന് അവകാശപ്പെടുന്ന ഇസ്രായേലിനെയും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഫലസ്തീനി പോരാളികള്‍ സാധാരണക്കാരെ 'മനുഷ്യകവചമാക്കുന്നതാണ്' മരണസംഖ്യ കൂടാന്‍ കാരണമെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍, ഈ ന്യായവാദങ്ങള്‍ അപ്പോള്‍ തന്നെ തകര്‍ന്നുവീഴുകയാണ്.
ഇസ്രായേലിലെ ജൂത ജനതയെ പ്രതിരോധിക്കുന്നതിന് ക്രിസ്ത്യന്‍ ദേവാലയങ്ങളെ ലക്ഷ്യം വയ്‌ക്കേണ്ടതില്ല, ഹമാസിന്റെ 'ക്രൂരതകളെ' എതിര്‍ക്കാന്‍ വെസ്റ്റ്ബാങ്കിലെ ക്രിസ്ത്യാനികളെ ആക്രമിക്കുന്ന ജൂത കുടിയേറ്റക്കാരെ പിന്തുണയ്ക്കേണ്ടതില്ല. രണ്ടായിരം പൗണ്ട് തൂക്കം വരുന്ന ബോംബുകള്‍ ഇട്ട് തകര്‍ത്ത കെട്ടിടങ്ങള്‍ക്കടിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ക്കു മുകളില്‍ അല്ല 'ജനാധിപത്യം' കെട്ടിപ്പടുക്കേണ്ടത്.
അതിശയകരമെന്നു പറയട്ടെ, വലതുപക്ഷ മാധ്യമ പ്രവര്‍ത്തകനും എപ്പിസ്‌കോപ്പാലിയനുമായ ടക്കര്‍ കാള്‍സണ്‍ വലതുപക്ഷത്തോ ഇടതുപക്ഷത്തോ ഉള്ള പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളുടെ ഏറ്റവും ശക്തനായ അമേരിക്കന്‍ സംരക്ഷകരില്‍ ഒരാളായി ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്കന്‍ ബോംബുകള്‍ ദേവാലയങ്ങളില്‍ പതിച്ചപ്പോഴും അമേരിക്കന്‍ ബുള്‍ഡോസറുകള്‍ ഗസയിലും വെസ്റ്റ് ബാങ്കിലും വീടുകള്‍ തകര്‍ത്തപ്പോഴും എന്തുകൊണ്ടാണ് കൂടുതല്‍ ക്രിസ്ത്യാനികള്‍ പ്രതികരിക്കാതിരുന്നത്?
പല ക്രിസ്ത്യന്‍ സഭാ നേതാക്കളുടെയും സഹജാവബോധം അധമമാണെന്ന് സംശയിക്കാവുന്ന സ്ഥിതിയുണ്ട്. അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രഖ്യാപിത നിലപാടുകളെ നിരാകരിക്കുന്നു. ഇസ്രായേല്‍ 'പാശ്ചാത്യ നാഗരികതയുടെ' കേന്ദ്രമാണെന്ന് അവര്‍ പറയുന്നു. പരിഷ്‌കൃതരായ ഇസ്രായേല്‍ നമ്മളെ പോലെയാണെന്നും അവര്‍ പറയുന്നു. സാങ്കേതികമായി പുരോഗമിച്ച രാജ്യമെന്ന നിലയില്‍ ഇസ്രായേല്‍ യുഎസിന്റെ സഖ്യത്തില്‍ പ്രധാനമാണെന്ന് മിസ്റ്റര്‍ വാന്‍സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പാശ്ചാത്യരുടെ ക്രിസ്ത്യന്‍ സ്വഭാവം കാരണം പാശ്ചാത്യ നാഗരികതയുടെ മൂല്യങ്ങളെയും ആധിപത്യത്തെയും പിന്തുണയ്ക്കുക എന്നത് ക്രിസ്ത്യന്‍ മൂല്യങ്ങളെ പിന്തുണയ്ക്കുക മാത്രമാണെന്ന് യുഎസിലെ യാഥാസ്ഥിതികനായ ക്രിസ്ത്യാനി വാദിച്ചേക്കാം. എന്താണ് പടിഞ്ഞാറിന്റെ ക്രിസ്തീയ സ്വഭാവം എന്നതിനെ കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ചകള്‍ മാറ്റിനിര്‍ത്തിയാല്‍ പടിഞ്ഞാറന്‍ താല്‍പ്പര്യങ്ങള്‍ പല സന്ദര്‍ഭങ്ങളിലും മറ്റിടങ്ങളിലെ ക്രിസ്ത്യാനികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. വൈരുധ്യങ്ങളുടെ സന്ദര്‍ഭങ്ങളില്‍ യുഎസിലെ യാഥാസ്ഥിതികരായ ക്രിസ്ത്യാനികളും സഭകളും പടിഞ്ഞാറന്‍ പക്ഷം ചേരുന്നു.
ഉദാഹരണത്തിന് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം തന്നെ പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളെ നാടുകടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. തന്റെ ആദ്യ ഭരണകാലത്ത്, ട്രംപ് മിഷിഗണിലെ ഇറാഖി ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചിരുന്നു, തിരഞ്ഞെടുപ്പില്‍ ഇറാഖി-അമേരിക്കന്‍ വോട്ടുകളില്‍ ഭൂരിഭാഗവും നേടിയത് അദ്ദേഹമായിരുന്നു എന്നു കൂടി ഓര്‍ക്കണം. താന്‍ ചെയ്യുന്നത് മോശം കാര്യമാണെന്ന് ബോധ്യമാവുന്നതു വരെ അഭൂതപൂര്‍വമായ സംഖ്യയില്‍ ഇറാഖി ക്രിസ്ത്യാനികളെ ട്രംപ് നാടുകടത്തിയിരുന്നു. അമേരിക്കന്‍ ക്രിസ്ത്യാനികള്‍ പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളുടെ ചെലവില്‍ പടിഞ്ഞാറിന്റെ മുന്‍ഗണനകളെ പിന്തുണയ്ക്കുന്നത് അപൂര്‍വമല്ല.
ഗസയിലെ അല്‍-അഹ്‌ലി ആശുപത്രിയില്‍ ഇസ്രായേല്‍ ബോംബിട്ടപ്പോള്‍ എപ്പിസ്‌കോപ്പല്‍ സഭയുടെ അധ്യക്ഷനായ ബിഷപ്പ് ഫലസ്തീനി പൗരന്മാരെ പരിചരിക്കണമെന്നും സമാധാനം വേണമെന്നും പറഞ്ഞ് ഒരു പ്രസ്താവന ഇറക്കി. എന്നാല്‍, വടക്കേ അമേരിക്കയിലെ കൂടുതല്‍ യാഥാസ്ഥിതിക ആംഗ്ലിക്കന്‍ സഭയിലെ ഒരു പ്രമുഖ പുരോഹിതനും അനങ്ങിയില്ല. ചിലര്‍ ഇറക്കിയ അളന്നുകുറിച്ചുള്ള പ്രസ്താവനകള്‍ പോലും സൂചിപ്പിച്ചത് പാശ്ചാത്യ നാഗരിക പദ്ധതിയില്‍ അവര്‍ക്ക് നിക്ഷിപ്ത താൽപ്പര്യമുണ്ടെന്നാണ്. ഉദാഹരണത്തിന്, ഇസ്രായേലിന്റെ ശത്രുക്കള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശത്രുക്കളാണെന്നും നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നുമാണ് എസിഎന്‍എ ആര്‍ച്ച് ബിഷപ്പ് ഫോളി ബീച്ച് 2024ല്‍ അവകാശപ്പെട്ടത്.
യാഥാസ്ഥിതിക സഭാ തലത്തില്‍ ഈ രീതി പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. ഗസയിലെ ബാപ്റ്റിസ്റ്റ് സഹോദരന്മാരെ ഇസ്രായേല്‍ ലക്ഷ്യം വച്ചിട്ടും ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടും ഉന്നതരായ സതേണ്‍ ബാപ്റ്റിസ്റ്റുകള്‍ ഇസ്രായേലിനുള്ള പിന്തുണ പാശ്ചാത്യ നാഗരികതയ്ക്കുവേണ്ടിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. പാശ്ചാത്യര്‍ക്ക് മാനസാന്തരമുണ്ടാവണമെന്ന് ഈജിപ്ത്, ഫലസ്തീന്‍, സിറിയ, ലബ്‌നാന്‍ എന്നിവിടങ്ങളിലെ സുവിശേഷകര്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. പക്ഷേ, ഫലമുണ്ടായില്ല.
ഭാഗ്യവശാല്‍, യുഎസിന് പുറത്തുള്ള ക്രിസ്ത്യാനികള്‍ കൂടുതല്‍ സ്ഥിരതയുള്ളവരാണെന്ന് തെളിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമേഷ്യന്‍ ക്രിസ്ത്യാനികളുടെ വക്താവായി മാറിയിരുന്നു. ഗസയിലെ ജനങ്ങളെയും പ്രത്യേകിച്ച് അവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തെയും അദ്ദേഹം നിരന്തരമായി പ്രാര്‍ഥനയില്‍ പരാമര്‍ശിച്ചു.

യുഎസിലെ ഇവാഞ്ചലിക്കല്‍ പള്ളികളില്‍ ഫലസ്തീന്‍ അല്ലെങ്കില്‍ ലബ്‌നാന്‍ സിവിലിയന്മാര്‍ക്കായി പ്രാര്‍ഥന നടത്താറില്ല. പക്ഷേ, ഈജിപ്തിലെയും മറ്റും പുരോഹിതര്‍ ലബ്‌നാനും ഫലസ്തീനും വേണ്ടി പ്രാര്‍ഥിക്കുന്നു. ക്രിസ്തുവിനോടും ക്രിസ്ത്യന്‍ മൂല്യങ്ങളോടും പൊതു താദാത്മ്യം പ്രാപിക്കുന്നതില്‍ അഭിമാനിക്കുന്ന യാഥാസ്ഥിതിക അമേരിക്കന്‍ ക്രിസ്ത്യാനികള്‍ സിറിയയിലും ഫലസ്തീനിലും ലബ്‌നാനിലും ക്രിസ്തുവിന്റെ സഭയെ ഉപേക്ഷിച്ചു എന്നത് ആഴത്തിലുള്ള ഒരു വിരോധാഭാസമാണ്. സുവിശേഷത്തെ പാശ്ചാത്യ നാഗരികതയുടെ താല്‍പ്പര്യത്തിനായി മാറ്റിയവരാണ് അവര്‍.
യുഎസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഫിലോസഫി-റിലീജ്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് ഒന്‍സി എ കമേല്‍
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















