''സുപ്രിംകോടതി ഞങ്ങളുടേത്, രാമക്ഷേത്രം നിര്‍മിക്കും''; യുപി മന്ത്രിക്കെതിരേ ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

ഒരാഴ്ച മുമ്പ്, കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയ ഉടനെ ഫേസ്ബുക്കില്‍ തനിക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നതായി ധവാന്‍ കോടതിയെ അറിയിച്ചു. 'അവര്‍ അവനെ കോടതിക്ക് പുറത്ത് കാണും' എന്നായിരുന്നു ഭീഷണി സന്ദേശം.

സുപ്രിംകോടതി ഞങ്ങളുടേത്, രാമക്ഷേത്രം നിര്‍മിക്കും; യുപി മന്ത്രിക്കെതിരേ ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: ബിജെപി വാദ്ഗാനം ചെയ്ത രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുമെന്നും സുപ്രിംകോടതി ഞങ്ങളുടേതാണെന്നുമുള്ള യുപി മന്ത്രി മുകുത് ബിഹാരി വര്‍മയുടെ പരാമര്‍ശത്തിനെതിരേ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിമര്‍ശനം. ഇത്തരം പ്രസ്താവനകളെ ഞങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നായിരുന്നു ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. അത്തരം പ്രസ്താവനകള്‍ ഞങ്ങള്‍ നിരാകരിക്കുന്നു. ഇരുപക്ഷത്തിനും തങ്ങളുടെ വാദങ്ങള്‍ ഭയപ്പെടാതെ കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിഷയത്തില്‍ വാദം തുടരാന്‍ പറ്റിയ അന്തരീക്ഷമല്ലെന്ന് മുസ് ലിംകള്‍ക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകനായ രാജീവ് ധവാന്‍ കോടതിയെ ബോധിപ്പിച്ചു.

തന്നോടൊപ്പമുള്ള ഗുമസ്തന് മറ്റു ഗുമസ്തന്മാരില്‍നിന്ന് ഭീഷണിയുണ്ടായെന്നും ഉത്തര്‍പ്രദേശിലെ സഹകരണ മന്ത്രി മുകുത് ബിഹാരി വര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരിലാണ് ബിജെപി അധികാരത്തില്‍ വന്നതെങ്കിലും രാമക്ഷേത്ര നിര്‍മാണം ഞങ്ങളുടെ ദൃഢനിശ്ചയമാണ്. വിഷയം സുപ്രിംകോടതിയിലാണ്. സുപ്രിംകോടതി ഞങ്ങളുടേതാണ്. ജുഡീഷ്യറിയും ഭരണകൂടവും രാഷ്ട്രവും രാമക്ഷേത്രവുമെല്ലാം ഞങ്ങളുടേതാണെന്നായിരുന്നു പരാമര്‍ശം. വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വിമര്‍ശനമുയരുകയും ഉന്നത നീതിപീഠം രാജ്യത്തെ ജനങ്ങളുടേതാണെന്നാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി മലക്കംമറിയുകയും ചെയ്തിരുന്നു. 'നമ്മുടേത് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് രാജ്യത്തെ 125 കോടി ജനതയാണ്. ഇത് ബിജെപിയെയോ എന്നെയോ പരാമര്‍ശിക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മലക്കംമറിച്ചില്‍.

ഒരാഴ്ച മുമ്പ്, കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയ ഉടനെ ഫേസ്ബുക്കില്‍ തനിക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നതായി ധവാന്‍ കോടതിയെ അറിയിച്ചു. 'അവര്‍ അവനെ കോടതിക്ക് പുറത്ത് കാണും' എന്നായിരുന്നു ഭീഷണി സന്ദേശം. നിരന്തരം അവഹേളിക്കപ്പെടുന്നതിനാല്‍ തനിക്ക് പരാതി നല്‍കാനാവില്ല. നിലവില്‍ രാജീവ് ധവാന്‍ 88കാരനെതിരേ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. കോടതി രാജേഷ് ധവാനോട് സുരക്ഷ വേണമോയെന്ന് ചോദിച്ചെങ്കിലും അദ്ദേഹം നിരാകരിച്ചു.
RELATED STORIES

Share it
Top