Big stories

ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന്; വീണ്ടും നടപടിക്കൊരുങ്ങി യോഗി സര്‍ക്കാര്‍

അന്വേഷണ റിപോര്‍ട്ടിന്റെ ഒരു കോപ്പി ഡോ. കഫീല്‍ ഖാന് നല്‍കിയെന്നും അപൂര്‍ണമായ വസ്തുതകള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കു നല്‍കി അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുപി സര്‍ക്കാര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അദ്ദേഹത്തിനെതിരേ ചുമത്തിയ നാല് കുറ്റങ്ങളില്‍ രണ്ടെണ്ണം ശരിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍മേല്‍ ഉടന്‍ നടപടിയുണ്ടാവും. കൂടാതെ അച്ചടക്കലംഘനത്തിനും അദ്ദേഹത്തിനെതിരേ മറ്റൊരു വകുപ്പുതല നടപടിയും പരിഗണനയിലുണ്ടെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി.

ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന്; വീണ്ടും നടപടിക്കൊരുങ്ങി യോഗി സര്‍ക്കാര്‍
X

ലക്‌നൗ: ഗോരഖ്പൂരില്‍ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ കുറ്റവിമുക്തനാക്കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് യുപി സര്‍ക്കാരിന്റെ വിശദീകരണം. ഡോ. കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റക്കാരാനാണെന്നതിന് തെളിവുണ്ടെന്നും പറഞ്ഞ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപി സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തിനെതിരേ നടപടിക്കൊരുങ്ങുകയാണെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് വ്യക്തമാക്കാന്‍ ഡോ. കഫീല്‍ ഖാന്‍ ഇന്ന് വൈകീട്ട് മൂന്നിനു ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കഫീല്‍ ഖാനെതിരായ വകുപ്പുതല അന്വേഷണ റിപോര്‍ട്ട് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

അന്വേഷണ റിപോര്‍ട്ടിന്റെ ഒരു കോപ്പി ഡോ. കഫീല്‍ ഖാന് നല്‍കിയെന്നും അപൂര്‍ണമായ വസ്തുതകള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കു നല്‍കി അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുപി സര്‍ക്കാര്‍ പ്രസ്താവനയില്‍ ആരോപിച്ചു. അദ്ദേഹത്തിനെതിരേ ചുമത്തിയ നാല് കുറ്റങ്ങളില്‍ രണ്ടെണ്ണം ശരിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍മേല്‍ ഉടന്‍ നടപടിയുണ്ടാവും. കൂടാതെ അച്ചടക്കലംഘനത്തിനും അദ്ദേഹത്തിനെതിരേ മറ്റൊരു വകുപ്പുതല നടപടിയും പരിഗണനയിലുണ്ടെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്കിടെയും മെഡിസ്പ്രിങ് ഹോസ്പിറ്റലിലെ നഴ്‌സിങ് ഹോമില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന ആരോപണം കഫീല്‍ ഖാനെതിരേ നിലനില്‍ക്കുകയാണെന്നും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് അദ്ദേഹത്തിനു ലഭിച്ചത്.

2017 ആഗസ്തില്‍ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കൂട്ട ശിശുമരണമുണ്ടായ സംഭവത്തില്‍ കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് ഡോ. കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്യുകയും 9 മാസത്തോളം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ ഡോ. കഫീല്‍ ഖാനു വീഴ്ചയുണ്ടായില്ലെന്നും സംഭവം നടക്കുന്ന സമയം എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫിസര്‍ കഫീല്‍ ഖാന്‍ ആയിരുന്നില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അവധിയിലായിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ബിആര്‍ഡി മെഡിക്കല്‍ കോളജിന്റെ ജൂനിയര്‍ വക്താവ് എന്ന നിലയില്‍ വളരെ സത്യസന്ധതയോടെ തന്റെ ചുമതലകള്‍ നിര്‍വഹിച്ചു. 2017 ഓഗസ്റ്റ് 10, 11 രാത്രിയിലെ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അദ്ദേഹത്തിനെതിരേ ഒരു പരാതിയും കണ്ടെത്തിയിട്ടില്ല. വാര്‍ഡിലെ നോഡല്‍ ഓഫീസര്‍ ഡോ. ഭൂപേന്ദ്ര ശര്‍മയായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 10, 12 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നുവെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. 60ലേറെ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ ഓക്‌സിജന്‍ വിതരണത്തിലെ പ്രശ്‌നങ്ങളാണ് മരണകാരണമെന്നും സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. യോഗി സര്‍ക്കാരിന്റെ അനാസ്ഥയാണ് ശിശുമരണത്തിനു കാരണമെന്ന് പുറംലോകം അറിഞ്ഞത് ഡോ. കഫീല്‍ഖാന്റെ ഇടപെടലിലൂടെയായിരുന്നു. ഇതേത്തുടര്‍ന്ന് യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന ആരോപണം ശക്തമാണ്.





Next Story

RELATED STORIES

Share it