Big stories

തൊഴിലില്ലായ്മ അതിരൂക്ഷം; ഒക്ടോബറില്‍ 8.5 ശതമാനം

തൊഴിലില്ലായ്മ അതിരൂക്ഷം; ഒക്ടോബറില്‍ 8.5 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന റിപോര്‍ട്ടുകള്‍ക്കിടെ കൂടുതല്‍ ആശങ്കയുയര്‍ത്തി തൊഴിലില്ലായ്മയുടെ കണക്കുകള്‍ പുറത്ത്. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ഒക്ടോബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓക്ടോബറില്‍ 8.5 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സിഎംഐഇ(സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി)യുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്ന. നവംബറില്‍ ഇത് 7.2 ശതമാനം മാത്രമായിരുന്നു. മാത്രമല്ല, ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മയാണ് കൂടുതലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്. 8.9 ശതമാനമാണെങ്കില്‍ ഗ്രാമങ്ങളില്‍ 8.3 ശതമാനമാണ്. സമ്പദ്‌വ്യവസ്ഥയിലെ ചില സെക്ടറുകളില്‍ നെഗറ്റീവ് വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ സംസ്ഥാനം ത്രിപുരയിലാണ്-27.2 ശതമാനം. ഏറ്റവും കുറവ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയ സംസ്ഥാനം തമിഴ്‌നാടാണ്-1.1 ശതമാനം. വിദ്യാസമ്പന്നരാണ് തൊഴിലില്ലായ്മയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് ജയിക്കാത്തവര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമാണെങ്കില്‍ ബിരുദദാരികള്‍ക്കിടയില്‍ ഇത് 15 ശതമാനമാണ്. 2016 ആഗസ്തിനു ശേഷം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയ തൊഴിലില്ലായ്മയാണിത്. സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലില്ലായ്മ രൂക്ഷമാവാന്‍ കാരണമെന്ന വിമര്‍ശനവും റിപോര്‍ട്ടിലുണ്ട്.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഫലപ്രദമല്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിര്‍മാണ മേഖലയിലും അടിസ്ഥാന സൗകര്യവികസന മേഖലയിലും ഉണ്ടായ വന്‍ ഇടിവാണ് നില രൂക്ഷമാക്കിയത്. സപ്തംബറില്‍ മേഖലയില്‍ 5.2 ശതമാനം ഇടിവുണ്ടായത് രാജ്യത്തെ എട്ട് കോടി അടിസ്ഥാന സൗകര്യ വികസന വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപോര്‍ട്ടിലുള്ളത്.



Next Story

RELATED STORIES

Share it