Big stories

പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎന്‍ സുപ്രീംകോടതിയില്‍; പൗരത്വം ആഭ്യന്തര വിഷയമെന്ന് കേന്ദ്രസര്‍ക്കാര്‍

സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലുള്ള യുഎന്‍ മനുഷ്യാകവാശ കമ്മീഷണറുടെ ഓഫിസാണ്, യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷലെറ്റ് സുപ്രീം കോടതിയില്‍ മധ്യസ്ഥ ഹരജി സമര്‍പ്പിച്ച കാര്യം ഇന്ത്യയെ അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎന്‍ സുപ്രീംകോടതിയില്‍;  പൗരത്വം ആഭ്യന്തര വിഷയമെന്ന് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് (സി.എ.എ) എതിരെ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്ര സഭ. നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ നടക്കുന്ന വ്യവഹാരത്തില്‍ കക്ഷി ചേരാന്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ അപേക്ഷ നല്‍കി.


സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലുള്ള യുഎന്‍ മനുഷ്യാകവാശ കമ്മീഷണറുടെ ഓഫിസാണ്, യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷലെറ്റ് സുപ്രീം കോടതിയില്‍ മധ്യസ്ഥ ഹരജി സമര്‍പ്പിച്ച കാര്യം ഇന്ത്യയെ അറിയിച്ചത്. നേരത്തെ, പൗരത്വ ഭേദഗതി നിയമം രാജ്യസഭയില്‍ പാസായതിനു പിന്നാലെ ശക്തമായ വിമര്‍ശനവുമായി യുഎന്‍എച്ച്‌സിആര്‍ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനമുണ്ടാക്കുന്നതാണെന്നും ഇതര രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സ്വീകരിക്കുകയാണ് ലക്ഷ്യമെങ്കിലും മുസ്‌ലിംകളെ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും യുഎന്‍ ഹ്യൂമന്‍ റൈറ്റ് വ്യക്തമാക്കിയിരുന്നു.

മുന്‍ ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷലെറ്റ് ആണ് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍. ഐക്യരാഷ്ട്ര സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം സുപ്രീം കോടതിയെ സമീപിച്ചത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയതന്ത്ര പരാജയമായി വിലയിരുത്തപ്പെട്ടേക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 140ലധികം ഹരജികളാണ് പരമോന്നത കോടതിയിലുള്ളത്. വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശകക്ഷികള്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'1. യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷറുടെ ഓഫീസ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ മധ്യസ്ഥ ഹരജി നല്‍കിയതായി അവരുടെ ഓഫിസ് ജനീവയിലുള്ള നമ്മുടെ പെര്‍മനന്റ് മിഷനെ ഇന്നലെ വൈകുന്നേരം അറിയിച്ചിട്ടുണ്ട്. 2. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയവും നിയമങ്ങളുണ്ടാക്കാനുള്ള പാര്‍ലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതുമാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ കോടതിയെ സമീപിക്കാന്‍ ഒരു വിദേശ കക്ഷിക്കും അവകാശമില്ലെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. 3. സി.എ.എ ഭരണഘടനാപരമായി നിലനില്‍ക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നതുമാണെന്ന് ഞങ്ങള്‍ക്കു വ്യക്തമാണ്. ഇന്ത്യാവിഭജം എന്ന ദുരന്തം മുതല്‍ക്ക് ഉയര്‍ന്നുവരുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാല ദേശീയ താല്‍പര്യങ്ങളുടെ പ്രതിഫലനമാണത്. 5. ഇന്ത്യ നിയമവാഴ്ചയാല്‍ ഭരിക്കപ്പെടുന്ന ജനാധിപത്യ രാജ്യമാണ്. നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയില്‍ നമുക്കെല്ലാം പൂര്‍ണ ബഹുമാനവും പരമാവധി വിശ്വാസവുമുണ്ട്. നമ്മുടെ ബലിഷ്ഠവും നിയമപരമായി സ്ഥായിയുമായ നിലപാടിനെ സുപ്രീം കോടതി നീതികരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.' രവീഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it