Big stories

ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ചെന്ന് ആരോപിച്ച് കുടുംബംഗങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്തി

ഗിലാനിയുടെ മൃതദേഹത്തിൽ  പാക് പതാക പുതപ്പിച്ചെന്ന് ആരോപിച്ച്  കുടുംബംഗങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്തി
X

ശ്രീനഗര്‍: മുതിര്‍ന്ന കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാകിസ്താൻ പതാക പുതപ്പിച്ചെന്ന് ആരോപിച്ച് കശ്മീര്‍ പോലിസ് അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്തി. എന്നാല്‍ മൃതദേഹം പോലിസ് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ചു എന്ന് അവകാശപ്പെട്ട് ആരോ ഒരാൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പോലിസ് പറയുന്നത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ആരോപിച്ചു ബഡ്ഗാം ജില്ലയില്‍ മറ്റ് ചിലര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

അതേസമയം, ഗിലാനി മരിച്ച ഉടന്‍ പോലിസ് മൃതദേഹം തട്ടിക്കൊണ്ടുപോയി ബലമായി ഖബറടക്കുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്. സംസ്‌കാര സമയത്ത് തങ്ങള്‍ അടുത്തുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. ഗിലാനിയുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി ഹൈദര്‍പോറയിലാണ് മൃതദേഹം ഖബറടക്കിയത്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടയാന്‍ ശ്രമിച്ച കുടുംബാംഗമായ സ്ത്രീയെ പോലിസ് കഠിനമായ രീതിയില്‍ നേരിട്ടെന്നും കുടുംബം ആരോപിക്കുന്നു.

91 വയസ്സായിരുന്ന ഗിലാനി ബുധനാഴ്ചയാണ് ശ്രീഗറിലെ സ്വന്തം വസതിയില്‍ അന്തരിച്ചത്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ജീവിതത്തില്‍ രണ്ട് ദശകങ്ങളോളം അദ്ദേഹം ജയിലിലാണ് കഴിച്ചുകൂട്ടിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ വര്‍ഷമാണ് മോചിപ്പിച്ചത്.

സംസ്‌കാരച്ചടങ്ങുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. പ്രദേശത്ത് മാത്രമല്ല, കശ്മീരിലുടനീളം നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകളും നിയന്ത്രിച്ചു. ബി എസ് എൻ എല്ലിൻ്റെ പോസ്റ്റ് പെയ്ഡ് സര്‍വീസ് മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഹൈദര്‍പോറയിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷാസേന അടച്ചുപൂട്ടിയിരുന്നു. പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പ്രധാന നഗരങ്ങളില്‍ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല.

ഇപ്പോള്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നാണ് പോലിസ് പറയുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി വെള്ളിയാഴ്ചയാണ് പുനഃസ്ഥാപിച്ചത്. പല നിയന്ത്രണങ്ങളും ഇപ്പോഴും തുടരുകയാണ്.

Next Story

RELATED STORIES

Share it