Big stories

ജപ്പാനില്‍ നാശംവിതച്ച് ഹഗിബിസ് ചുഴലിക്കാറ്റ്; മരണം 18 ആയി, 13 പേരെ കാണാനില്ല (വീഡിയോ)

ടോക്കിയോയില്‍ മാത്രം 1.5 ലക്ഷം വീടുകള്‍ വെള്ളത്തിലായതായാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടാണ് മരണങ്ങള്‍ കൂടുതലും സംഭവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തമായതിനെത്തുടര്‍ന്ന് ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ജപ്പാനില്‍ നാശംവിതച്ച് ഹഗിബിസ് ചുഴലിക്കാറ്റ്; മരണം 18 ആയി, 13 പേരെ കാണാനില്ല (വീഡിയോ)
X

ടോക്കിയോ: ജപ്പാനില്‍ കനത്ത നാശംവിതച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ടോക്കിയോയുടെ ദക്ഷിണമേഖലയിലും പരിസരപ്രദേശങ്ങളിലുമാണ് കനത്ത മഴയും ചുഴലിക്കാറ്റും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നത്. പലയിടങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുംപെട്ട് 13 പേരെ കാണാതായതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. ഗതാഗതസംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതും വൈദ്യുതിബന്ധം താറുമാറായതും മൂലം പതിനായിരങ്ങളാണു ബുദ്ധിമുട്ടിലായത്. ആറ് ദശകത്തിനിടെ രാജ്യംകണ്ട ഏറ്റവും വലിയ കാറ്റാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്.


ടോക്കിയോയിലും സമീപനഗരങ്ങളായ ഗുന്‍മസ, സായ്താമ, കാനാഗവ മേഖയില്‍ അതിതീവ്രമഴയാണു പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 27,000 അംഗ മിലിറ്ററി സംഘത്തെയും മറ്റ് രക്ഷാസേനകളെയും നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എല്ലാവിധ ക്രമീകരണങ്ങളുമൊരുക്കിയതായി പ്രധാനമന്ത്രി ഷിന്‍സൊ ഏബ് പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഞായറാഴ്ച ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ അല്‍പം കുറവുണ്ടായതായാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നഴ്‌സിങ് ഹോമില്‍ അഭയംതേടിയ പ്രദേശവാസികളെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. ടോക്കിയോയില്‍ മാത്രം 1.5 ലക്ഷം വീടുകള്‍ വെള്ളത്തിലായതായാണ് പ്രാഥമിക വിവരം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടാണ് മരണങ്ങള്‍ കൂടുതലും സംഭവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തമായതിനെത്തുടര്‍ന്ന് ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

70 ലക്ഷത്തിലധികം ആളുകളോട് താമസസ്ഥലം വിട്ടുപോവാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 50,000 പേര്‍ മാത്രമാണ് ക്യാംപുകളില്‍ അഭയംതേടിയിട്ടുള്ളത്. നിരവധി കൃഷിനാശവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പാടങ്ങളും ഗോഡൗണുകളുമെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. പ്രകൃതിദുരത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് ഗ്രാന്‍ഡ് പ്രീ യോഗ്യതാ മല്‍സരങ്ങള്‍ നീട്ടിവച്ചിരുന്നു. കഴിഞ്ഞമാസം ജപ്പാനില്‍ വീശിയടിച്ച ടൈഫൂണ്‍ ചുഴലിക്കാറ്റില്‍ 30,000 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. അവയില്‍ മിക്കവയുടെയും അറ്റകുറ്റപ്പണികള്‍ ഇതുവരെയായും പൂര്‍ത്തിയായിട്ടില്ല.

Next Story

RELATED STORIES

Share it