Big stories

ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കൊപ്പം പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന ഉത്തരവ് സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.കേന്ദ്രനിയമം പ്രാബലത്തില്‍ വന്നിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല

ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി
X

കൊച്ചി: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവു നടപ്പാക്കാന്‍ ഡിസംബര്‍ ഒന്നുവരെ സര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. 1988 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു പപള്ളുരുത്തി സ്വദേശി ടി യു രവീന്ദ്രനാണ് സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്. രവീന്ദ്രന്റെ ഹരജിക്കനുകൂലമായ വിധി ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷഫീഖ് എ്ന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര നിയമം നടപ്പാക്കുന്നതില്‍ സാവകാരം അനുവദിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലന്ന് കോടതി വ്യക്തമാക്കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ചു ഉത്തരവിനെതിതിരായ അപ്പില്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ പിന്‍വലിക്കാനുള്ള ആവശ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളും കോടതി നല്‍കി . ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതായി പൊതു ജനങ്ങളെ അറിയിക്കണം. ദൃശ്യമാധ്യമങ്ങളിലൂടെയും സിനിമാ തിയറ്റുകളിലൂടെയും വ്യാപക പരസ്യം നല്‍കണമെന്നു കോടതി വ്യക്തമാക്കി. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി. പിന്‍ സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി 2015 ല്‍ സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത് .

പിന്‍സീറ്റ് യാത്രികര്‍ക്ക് ഇളവ്‌നല്‍കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭേദഗതിയും പൊരുത്തപ്പെടുന്നില്ലന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഉത്തരവിട്ടു. തീരുമാനം 19 ന് അറിയിച്ചില്ലങ്കില്‍ ഇക്കാര്യത്തില്‍ കോടതി ഉത്തരവു പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചത്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര് വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഇത് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാര്‍, ജീപ്പ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി നേരത്തെ സുപ്രിംകോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് പൂര്‍ണമായി നടപ്പിലാക്കിയിരുന്നില്ല.

Next Story

RELATED STORIES

Share it