- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകുന്ദന്‍ സി മേനോന്‍ ഇല്ലാത്ത ഇരുപത് വര്‍ഷം

കെ പി ഒ റഹ്‌മത്തുല്ല
ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന മുകുന്ദന്‍ സി മേനോന്‍ വിടപറഞ്ഞിട്ട് നാളെ (ഡിസംബര്‍ 12) ഇരുപത് വര്‍ഷമാകുന്നു. മനുഷ്യാവകാശമെന്ന് കേള്‍ക്കുമ്പോഴേക്ക് നമുക്ക് ഇപ്പോഴും ഓര്‍മ വരുന്നത് ഈ മനുഷ്യസ്‌നേഹിയെയാണ്. നീണ്ട നാല്‍പ്പതു വര്‍ഷത്തെ ജീവിതം പൗരാവകാശ- മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അവകാശ നിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഒരു പോരാളിയെപ്പോലെ ഓടിയെത്തി അദ്ദേഹം നിലയുറപ്പിച്ചു. ഇരകളുടെ മതമോ പാര്‍ട്ടിയോ ജാതിയോ,
ഒന്നും നോക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ബാഗ്ലൂര്‍, തിരുവനന്തപുരം, എന്നിവിടെങ്ങളിലെല്ലാം അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. എപിഡിആര്‍, പിയുസിഎല്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഏഷ്യാ വാച്ച്, സിക്രം, എന്‍സിഎച്ച്ആര്‍ഒ, കെസിഎല്‍സി, എന്നിങ്ങനെ പ്രമുഖ മനുഷ്യാവകാശ സംഘടനകളുമായി യോജിച്ചാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്. മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി എന്ന വിശേഷണമാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ യോജിക്കുക.
തൃശൂര്‍ സെന്റ് തോമസ് കോളജില്‍ കൊമേഴ്സ് പഠനം പൂര്‍ത്തിയാക്കിയ മേനോന്‍ പക്ഷേ, ഡിഗ്രി പരീക്ഷയെഴുതിയില്ല. കോളജില്‍ പഠിച്ചിരുന്നതോടോപ്പം തന്നെ ടൈപ് റൈറ്റിങിലും, ഷോര്‍ട്ട് ഹാന്‍ഡിലും നല്ല പ്രാവീണ്യം നേടിയിരുന്നു. ഇനി താന്‍ കോളജ് പഠനത്തിനൊന്നും പോകുന്നില്ലെന്നും ജോലി നേടാന്‍ ടൈപ്പ്‌റൈറ്റിങും ഷോര്‍ട്ട് ഹാന്‍ഡും സഹായിക്കുമെന്നും വാശിപിടിച്ചപ്പോള്‍ മാതാപിതാക്കള്‍ വഴങ്ങി. മകന് എന്തെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കണമെന്ന് ഡല്‍ഹിയില്‍ വ്യവസായ പ്രമുഖന്‍ ജെ ഡി ബിര്‍ളയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നോക്കിയിരുന്ന വടക്കാഞ്ചേരിക്കാരനായ അയല്‍വാസിയോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 1969ല്‍ ഡല്‍ഹിയിലെ ശ്രീരാം സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയില്‍ റിലേഷന്‍ എന്ന സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി മേനോന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. മാസത്തിലെ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ മാത്രമേ എം ഡി
സ്ഥലത്തുണ്ടാകുമായിരുന്നുള്ളു. അതിനാല്‍ ബാക്കി ദിവസം മേനോന് ധാരാളം ഒഴിവുസമയം ലഭിച്ചു. ഈ ഒഴിവുവേളകളാണ് വായിക്കാനും എഴുതാനുമുളള അവസരം അദ്ദേഹത്തിനു പ്രദാനം ചെയ്തത്.
ഡല്‍ഹിയിലേക്കു പോകുന്നതിനുമുമ്പുതന്നെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഗുമസ്ത പരീക്ഷ അദ്ദേഹം എഴുതിയിരുന്നു. 1972ല്‍ പാലക്കാട് വില്ലേജ് എല്‍ ഡി ക്ലര്‍ക്കായി അദ്ദേഹത്തിനു പോസ്റ്റിങും ലഭിച്ചിരുന്നു. പെന്‍ഷനും സുരക്ഷിതത്വവുമുള്ളത് സര്‍ക്കാര്‍ ജോലിക്കാണെന്നും അതിനാല്‍ ഡല്‍ഹിയില്‍നിന്ന് ഉടനെ മടങ്ങി വരണമെന്നും ജോലിയില്‍ ചേരണമെന്നും കുടുംബാംഗങ്ങള്‍ മേനോനില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ സര്‍ക്കാര്‍ ജോലി സ്വീകരിച്ചാല്‍ തനിക്കു പിന്നെ ജനങ്ങളെ സേവിക്കാനാവില്ലെന്നു പറഞ്ഞ് മേനോന്‍ ആ നിര്‍ദേശം നിരസിച്ചു. രണ്ടു വര്‍ഷത്തിനുശേഷം കമ്പനി ഡയറക്ടറുടെ പി എ ഉദ്യോഗം രാജിവച്ച മുകുന്ദന്‍ സി മേനോന്‍ കുല്‍ദീപ് നയ്യാരുടെ നേതൃത്വത്തിലുള്ള പത്രപ്രവര്‍ത്തന ശൃംഖലയിലെ ഒരംഗമായി ചേര്‍ന്നു. ഇംഗ്ലീഷില്‍ നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ് അവിടെ നിന്നാണ് സ്വായത്തമാക്കിയത്.
അക്കാലത്തെ പ്രമുഖ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ ഒരു ഫ്രീലാന്‍സറായി മേനോന്‍ എഴുത്ത് തുടങ്ങി. കഷ്ടപ്പെടുന്നവരും അവഗണന അനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങളെ നേരില്‍ കാണാനും അവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കാനും ഡല്‍ഹിവാസം മേനോനെ സഹായിച്ചു. അവകാശ നിഷേധങ്ങള്‍ക്കെതിരേ പോരാട്ടങ്ങള്‍ നയിക്കുക തന്റെ ജീവിത ധര്‍മമാണെന്നു തിരിച്ചറിഞ്ഞ മേനോന്‍ 1970ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്നു ഡല്‍ഹിയില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്സ് (എപിഡിആര്‍) എന്ന സംഘടന രൂപീകരിച്ചു. മേനോന്‍ തന്നെയായിരുന്നു അതിന്റെ സെക്രട്ടറി ജനറല്‍. മലയാളിയായ രവി നായര്‍, ശ്രീലതാ സ്വാമിനാഥന്‍, പ്രമീള ലൂയിസ്, എന്നിവരൊക്കെയായിരുന്നു എപിഡിആറിലെ മേനോന്റെ സഹപ്രവര്‍ത്തകര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു ജിയിലിലാകുന്നതുവരെ മേനോന്‍ എപിഡിആറിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നക്സലൈറ്റ് തടവുകാരെ വിട്ടയക്കുക എന്ന ആവശ്യം ഉയര്‍ത്തി 1972ല്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ അവയില്‍ പ്രധാനപ്പെട്ടതായിരുന്നു. മൂന്നാം ലോക രാജ്യങ്ങളെ അമേരിക്ക, സോവിയററ്റ് യൂണിയന്‍,എന്നീ ശാക്തിക ചേരികള്‍ സമര്‍ഥമായി വഞ്ചിക്കുന്നതിന്റെ സത്യസന്ധമായ വസ്തുതകള്‍ ഇന്ത്യക്കാരെ അറിയിക്കുന്നതിനായി മുകുന്ദന്‍ സി മേനോന്‍ തേഡ് വേള്‍ഡ് യൂണിറ്റി എന്ന ഇംഗ്ലീഷ് മാസിക സ്വന്തം നിലയില്‍ ആരംഭിച്ചിരുന്നു. സാമ്രാജ്യത്വത്തിന്റെ ഗൂഢ മുഖങ്ങള്‍ പുറം ലോകത്തെ അറിയിച്ചിരുന്ന കാമ്പുള്ള ഈ പ്രസിദ്ധീകരണം അഞ്ചുവര്‍ഷം മുടങ്ങാതെ നടന്നു.
1975 ജൂണ്‍ 25ന് അര്‍ധരാത്രിയാണ് ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സെന്‍സര്‍ഷിപ്പ് കാരണം പിറ്റേന്ന് ഡല്‍ഹിയില്‍ പത്രങ്ങളൊന്നും ഇറങ്ങിയിരുന്നില്ല. എന്നാല്‍ മുകുന്ദന്‍ സി മേനോന്‍ അന്നും കര്‍മനിരതനായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപന വാര്‍ത്തയുമായി പ്രധാന പത്രങ്ങളൊന്നും ഇറങ്ങാത്ത ആ ദിവസം രാവിലെ (ജൂണ്‍ 26 ) രാവിലെ നേതാക്കളുടെ അറസ്റ്റ് വിവരവും അടിയന്തരാവസ്ഥ പ്രഖ്യാപനവും ഉള്‍പ്പെടുത്തിയ ആദ്യത്തെ രഹസ്യ ബുളളറ്റിന്‍ ഡല്‍ഹിയില്‍ അന്ന് പുറത്ത് പ്രചരിച്ചു. അടിയന്തരാവസ്ഥയിലെ ആദ്യത്തെ ആ രഹസ്യ ബുള്ളറ്റിന്റെ പിന്നില്‍ പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളിയുമായിരുന്ന മുകുന്ദന്‍ സി മേനോനായിരുന്നു. ഇതിന്റെ സൈക്ലോസ്‌റ്റൈല്‍ ചെയ്ത 250 കോപ്പികളാണ് അന്ന് ഡല്‍ഹിയില്‍ പ്രചരിച്ചത്. പിന്നീട് അറസ്റ്റിലാകുംവരെ മുകുന്ദന്‍ സി മേനോനടക്കമുള്ള എപിഡിആര്‍ പ്രവര്‍ത്തകര്‍ രഹസ്യ സംവിധാനത്തിലൂടെ അടിയന്തരാവസ്ഥയിലെ പ്രതിപക്ഷ എതിര്‍പ്പുകള്‍ ബുള്ളറ്റിനിലൂടെ പ്രചരിപ്പിച്ചു.
ഒളിവിലിരുന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ദിരാഗാന്ധിക്കയച്ച ഡിയര്‍ മാഡം ഡിക്റ്റേറ്റര്‍ എന്ന അഭിസംബോധന ചെയ്ത കത്തുകള്‍ ഇതിലൂടെ വന്‍ പ്രചാരം നേടി. അടിയന്തരാവസ്ഥയിലെ മാധ്യമ പോരാളിയും മേനോന്‍ തന്നെയായിരുന്നു.1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എപിഡിആറിന്റെ സെക്രട്ടറി എന്ന നിലയില്‍ മേനോനും അറസ്റ്റ് ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ ജയിലിലായ ഏക ദക്ഷിണേന്ത്യക്കാരനും ഒരേയൊരു മലയാളിയും മേനോന്‍ ആയിരുന്നു. ജയിലിലും അദ്ദേഹം അടങ്ങിയിരുന്നില്ല. ഭാര്യ ലളിതാ സാമുവല്‍ ഒളിച്ചു കടത്തിയ ടൈപ് റൈറ്ററില്‍ രഹസ്യ അടിയന്തരാവസ്ഥ ബുള്ളറ്റിനുകള്‍ ജയിലില്‍ തയ്യാറാക്കി പുറത്തെത്തിച്ചു .
അടിയന്തരാവസ്ഥയില്‍ ഡാകു സുന്ദര്‍സിങ്ങ് എന്ന കൊള്ളക്കാരന്‍ തിഹാര്‍ ജയിലില്‍നിന്നു രക്ഷപ്പെട്ടതിനെകുറിച്ച് കനഡയിലെ ടൊറന്റോസണ്‍ എന്ന പത്രത്തില്‍ മേനോന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടം ഈ വാര്‍ത്ത മൂടിവച്ചതായിരുന്നു. പത്രത്തില്‍ നിന്നും വാര്‍ത്ത പൊക്കിയ ബിബിസി ഹിന്ദി വാര്‍ത്താ ബുളളറ്റിനുകളിലൂടെ ഇന്ത്യയാകെ അത് എത്തിച്ചു. അടിയന്തരാവസ്ഥയുടെ കാര്യക്ഷമതയ്ക്കു തന്നെ കോട്ടം തട്ടിച്ച ഈ വാര്‍ത്ത മേനോനിലൂടെയാണ് പുറംലോകം അറിഞ്ഞതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
യില്‍ വാസത്തിനിടെയുണ്ടായ ഒരു സംഭവമായിരുന്നു വധശിക്ഷയ്‌ക്കെതിരേ രംഗത്തുവരാന്‍ മേനോനെ പ്രേരിപ്പിച്ചത്. ഹരിയാനയിലെ റോഹ്തക് ജയിലില്‍വച്ച് ഭീംസിങ് എന്നൊരാളെ തൂക്കിക്കൊല്ലുന്നത് അദ്ദേഹം നേരിട്ട് കണ്ടു. അയാളുടെ ഭാര്യയും മകളും ജയിലില്‍ അലമുറയിട്ടു കരയുന്നതിനും അദ്ദേഹം സാക്ഷിയായി. ഇന്ത്യയില്‍ വധശിക്ഷ പിന്നാക്കക്കാര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടതായി പഠനങ്ങളിലൂടെ മേനോന്‍ കണ്ടെത്തി. അതിനു ശേഷമാണ് എല്‍ എം സിങ്വി അധ്യക്ഷനായി നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അബോളിഷന്‍ ഓഫ് ഡെത്ത് പെനാല്‍ട്ടി എന്ന സംഘടന
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഈ സംഘടന 1979ല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് കോടതികള്‍ നിരന്തരം വിധശിക്ഷ വിധിക്കുന്ന പതിവ് ഇന്ത്യയില്‍ ഇല്ലാതായത്. അതിനുമുമ്പ് വര്‍ഷത്തില്‍ ഒട്ടേറെ പേര്‍ തൂക്കികൊല്ലപ്പെട്ടിരുന്നു. വധശിക്ഷ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെടുന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിലും മേനോന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മുകുന്ദന്‍ സി മേനോന്‍ സംഘപരിവാരത്തിന്റെ കടുത്ത വിരോധിയായി മാറുന്നത് തിഹാര്‍ ജയില്‍ വാസത്തോടുകൂടിയാണ് നേരത്തെ ജെപിയുടെ ബിഹാര്‍ പ്രസ്ഥാനത്തില്‍ ആര്‍എസ്എസുകാരോട് ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചിരുന്ന മേനോന്‍ ഹിന്ദുത്വരുടെ യഥാര്‍ഥ മുഖം മനസ്സിലാക്കിയതു തിഹാര്‍ ജയിലില്‍ നിന്നായിരുന്നു. തിഹാര്‍ ജയിലില്‍ കശ്മീരിലെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ നമസ്‌കരിക്കുന്ന സമയത്ത് ജയിലിലെ ആര്‍എസ്എസുകാര്‍
അവര്‍ക്കുചുറ്റും കൂടിനിന്ന് ഹര ഹര മഹാദേവ് എന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴുക്കുക പതിവായിരുന്നു. നേരത്തെ മല്‍സ്യമാംസാദി ഭക്ഷണങ്ങള്‍ തിഹാര്‍ ജയിലില്‍ വിളമ്പിയിരുന്നു. എന്നാല്‍ ആര്‍എസ്എസുകാര്‍ ജയിലില്‍ അടുക്കളയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ സസ്യഭക്ഷണം മാത്രമേ വിളമ്പുകയുളളൂവെന്നു ശഠിച്ചു. മുഹമ്മദ് റാഫിയുടെ പാട്ട് റേഡിയോവിലൂടെ കേട്ടിരുന്ന ഒരു തടവുകാരന്റെ ട്രാന്‍സിസ്റ്റര്‍ ആര്‍എസ്എസുകാര്‍ സംഘം ചേര്‍ന്ന് അടിച്ചു തകര്‍ത്തു പുറത്തെറിഞ്ഞു. മേനോന്‍ ജയിലിലുണ്ടായിരുന്ന മറ്റു രാഷ്ട്രീയ തടവുകാര്‍ക്കൊപ്പം ഈ ആര്‍എസ്എസ് മേധാവിത്വത്തിനെ ശക്തമായി എതിര്‍ത്തു. ഭക്ഷണത്തിനു മുമ്പ് എല്ലാവരും കൈകൂപ്പി ഒരു ഹൈന്ദവ പ്രാര്‍ഥന ഏറ്റുചെല്ലണമെന്ന ഫാഷിസ്റ്റ് ദുശ്ശാഠ്യത്തെയും അദ്ദേഹം എതിര്‍ത്തു. ഒടുവില്‍ ആര്‍എസ്എസുകാരല്ലാത്തവരെ 17ാം നമ്പര്‍ വാര്‍ഡിലേക്കു മാറ്റി. അവരുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ തിഹാര്‍ ജയിലധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
മുകുന്ദന്‍ സി മേനോന്‍ അടിയന്തരാവസ്ഥക്കാലത്ത് 17 മാസത്തോളം ജയിലില്‍ കിടന്നു. തിഹാര്‍, അംബാല, റോഹ്തക് ജയിലുകളിലെല്ലാം മാറിമാറിയാണ് അദ്ദേഹത്തെ കിടത്തിയിരുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ തടവുകാരെല്ലാം ഈ ജയിലുകളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏതെങ്കിലും ഒരു പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ ജയപ്രകാശ് നാരായണന്‍ മേനോനെ നിര്‍ബന്ധിച്ചിരുന്നു. താന്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍മാറുകയായിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം ജെപിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പിയുസിഎല്‍ രൂപീകരിച്ചപ്പോള്‍ തന്റെ സ്വന്തം സംഘടനയായ എപിഡിആറിനെ അദ്ദേഹം അതില്‍ ലയിപ്പിച്ചു. പിയുസിഎലിന്റെ പത്ത് സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ മുകുന്ദന്‍ സി മേനോനായിരുന്നു. പിയുസിഎല്ലിന്റെ ആദ്യത്തെ രണ്ട് ദേശീയ സമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
1981ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നതോടെ മുകുന്ദന്‍ സി മേനോന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി. ഭരണകൂടം പ്രലോഭനങ്ങളിലുടെ അദ്ദേഹത്തെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മേനോന്‍ വഴങ്ങിയില്ല. ഭാര്യ ലളിതാ സാമുവല്‍ മരണപ്പെട്ടതോടെ രണ്ട് മക്കളോടൊപ്പം അദ്ദേഹം ഡല്‍ഹിയില്‍ നിന്നും പ്രവര്‍ത്തന മണ്ഡലം മദിരാശിയിലേക്ക് മാറ്റി. ഇംഗ്ലീഷ് പത്രങ്ങളില്‍ റിപ്പോര്‍ട്ടുകളും ലേഖനങ്ങളുമെഴുതി പ്രയാണം തുടര്‍ന്നു. ഇതിനിടയിലാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാവ് ദേസരി നാരായണ റാവു ഉദയം പത്രം ആരംഭിച്ചത്. അതിന്റെ ഹൈദറാബാദ് ബ്യൂറോ ചീഫായി മുകുന്ദന്‍ സി മേനോന്‍ ക്ഷണിക്കപ്പെട്ടു. തെലുങ്ക് ദേശം ഭരണകൂട ഭീകരതക്കെതിരേ ആ തൂലിക ശക്തമായി ശബ്ദിച്ചു. ആന്ധ്രയിലെ ഭരണകൂടങ്ങളെ നിയന്ത്രിച്ചിരുന്ന വന്‍കിട ജന്മിമാര്‍ക്കെതിരേ, അവരുടെ നെറികേടുകള്‍ക്കെതിരേ മേനോന്‍ നിരന്തരം എഴുതിക്കൊണ്ടിരുന്നു. തെലുങ്കാന ജില്ലയില്‍ നക്സലൈറ്റുകള്‍ എന്ന് മുദ്രകുത്തി ഭരണകൂടവും പോലിസും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വെടിവച്ചു കൊല്ലുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറംലോകം അറിഞ്ഞത് മേനോന്റെ വാര്‍ത്തകളിലൂടെയായിരുന്നു. ഭരണകൂടത്തിനെതിരേ പൊരുതുന്ന പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് നേതാക്കളെ ഒളിത്താവളത്തിലെത്തി ഇന്റര്‍വ്യൂ ചെയ്ത് മേനോന്‍ ആന്ധ്രയില്‍ വാര്‍ത്താ വിപ്ലവം തന്നെ സൃഷ്ടിച്ചു. നക്സലൈറ്റ് നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഏക പത്രപ്രവര്‍ത്തകനും അദ്ദേഹമായിരുന്നു.
ഹൈദറാബാദില്‍ വച്ച് ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ മരണപ്പെട്ടപ്പോള്‍ ആ വാര്‍ത്ത പുറം ലോകത്തെ ആദ്യമറിയിച്ച പത്രപ്രവര്‍ത്തകനും മേനോനായിരുന്നു. മലയാള മനോരമ അന്ന് ഒന്നാം പേജില്‍ വാര്‍ത്തയോടൊപ്പം കൊടുത്തിരുന്ന ഫോട്ടോകള്‍ മേനോന്‍ എടുത്തതായിരുന്നു.
1993ല്‍ വിശ്രമ ജീവിതം ആഗ്രഹിച്ചാണ് മുകുന്ദന്‍ സി മോനോന്‍ കേരളത്തിലെത്തിയത്. ഇവിടെ നടക്കുന്ന പോലിസ് പീഡന വാര്‍ത്തകളും കസ്റ്റഡി മരണങ്ങളും പത്രങ്ങളില്‍ വായിച്ച മേനോന്‍ വീണ്ടും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. കൊച്ചയിലും തിരുവനന്തപുരത്തും തൃശൂരും താമസിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. കേരള സിവില്‍ ലിബര്‍ട്ടീസ് എന്ന പൗരാവകാശ സംഘടനയ്ക്ക് രൂപം നല്‍കിക്കൊണ്ടായിരുന്നു ഇത്. പോലിസ് മര്‍ദനങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരേ പ്രതിഷേധങ്ങളും, നിയമ പോരാട്ടവുമായി മേനോന്‍ കുറഞ്ഞകാലം കൊണ്ട്തന്നെ സമൂഹത്തിന്റെ പ്രതീക്ഷയായി മാറി. നീതി നിഷേധിക്കപ്പെടുന്നിടത്ത് അദ്ദേഹം ഓടിയെത്തി. അവര്‍ക്കുവേണ്ടി വാദിച്ചു. തിരുവനന്തപുരത്ത് മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ സെമിനാറില്‍ പോലിസിനെ ആര് നിയന്ത്രിക്കണം എന്ന ചര്‍ച്ച വന്നപ്പോള്‍
ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞ അഭിപ്രായം ഓര്‍ത്തുപോവുകയാണ്. മുകുന്ദന്‍ സി മേനോനെപോലെ നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലാത്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തന്നെയാണ് പോലിസിനെ നിയന്ത്രിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. മറ്റൊരു കാര്യം കൂടി കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു. നിയമ പാലകര്‍ നിയമം ലംഘിക്കുമ്പോള്‍ മേനോനെ പോലുള്ളവര്‍ക്ക് മാത്രമേ അവരെ നിയമത്തിനകത്തേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടെന്നാല്‍ അവകാശ ലംഘനം അശേഷം വകവച്ചുകൊടുക്കാത്തവരാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. അവര്‍ പ്രത്യാഘാതങ്ങളെകുറിച്ച് ചിന്തിക്കുകയില്ല.
മഅ്ദനി കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടപ്പോള്‍ ആദ്യമായി രംഗത്തുവന്നതും നിയമസഹായ സമിതിയുണ്ടാക്കി ജയില്‍ മോചനത്തിന് ശ്രമിച്ചതും മേനോന്റെ നേതൃത്വത്തിലായിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രം ദക്ഷിണേന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഹുര്‍റിയത്ത് കോണ്‍ഫ്രന്‍സുകാരെ മേനോന്‍ വിളിച്ചുകൊണ്ടുവന്നപ്പോള്‍ വലിയ വിവാദമുണ്ടായി. പക്ഷേ, മേനോന്‍ ആരെയും വകവച്ചില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവര്‍ണനായ തടവുകാരന്‍ മരിച്ചപ്പോള്‍ മൃതദേഹവുമായി മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ധര്‍ണ നടത്താന്‍ മേനോന് മടിയുണ്ടായില്ല. ഗുജറാത്ത് പോലീസ് മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാര്‍ ഉള്‍പ്പടെ നാല് പേരെ മുഖ്യമന്ത്രി നരേന്ദ്രമോദിയെ വെടിവച്ച് കൊല്ലാന്‍ വന്നവരെന്ന് പറഞ്ഞ് കൊലപ്പെടുത്തിയപ്പോള്‍ ആ കേസ് ജനശ്രദ്ധയില്‍ കൊണ്ടുവന്നതും മറ്റാരുമായിരുന്നില്ല.
മേനോന്‍ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നവര്‍ ഭയപ്പെട്ടിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെ അത്തരം പ്രശ്നങ്ങളില്‍ ഇടപെടീക്കാന്‍ അദ്ദേഹം ഉല്‍സാഹം കാണിച്ചിരുന്നു. അല്‍ ജസീറ സംപ്രേഷണം തുടങ്ങിയപ്പോള്‍ സുനാമി ഉള്‍പ്പെടെയുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ മേനോന്റെ വകയായിരുന്നു. സൂര്യാ ടിവിയില്‍ മേനോന്റെ അവകാശങ്ങള്‍ നിഷേധങ്ങള്‍ എന്ന പരമ്പര വലിയ ടെലിവിഷന്‍ രംഗത്ത് മനുഷ്യാവകാശത്തെക്കുറിച്ചുള്ള ആദ്യ പരിപാടിയായിരുന്നു.
കേരളത്തിലെ മനുഷ്യാവകാശ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി മനുഷ്യാവകാശ ഏകോപന സമിതി (സിഎച്ച്ആര്‍ഒ) രൂപീകരിച്ചതും മേനോന്‍ തന്നെയായിരുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷിലും മലയാളത്തിലും നന്നായി എഴുതാന്‍ കഴിയുമായിരുന്നു.
മേനോനില്ലാത്ത കേരളത്തിലെ ഇരുപത് വര്‍ഷം സംഭവ ബഹുലമാണ്. ഭരണകൂട ഭീകരതയും പോലിസ് പീഡനങ്ങളും ലോക്കപ്പ് കൊലപാതകങ്ങളും എല്ലാം നിത്യ സംഭവങ്ങളായിരിക്കുന്നു. പൗരാവകാശ ധ്വംസനങ്ങള്‍ തുടര്‍ക്കഥകളാണ്. ദലിത് ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ എല്ലാ അര്‍ഥത്തിലും ഹനിക്കപ്പെടുന്നു. സംഘപരിവാരം മുസ്ലിം ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നു. ഫാഷിസം നാടിനെതന്നെ ഹിന്ദുരാഷ്ട്രമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. മനുഷ്യാവകാശ - പൗരാവകാശ പ്രവര്‍ത്തകരെ മുഴുവന്‍ സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്നു. പലരെയും വെടിവച്ച് കൊല്ലുന്നു. ഈ സന്ദര്‍ഭത്തില്‍ മുകുന്ദന്‍ സി മേനോന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















