Big stories

ട്രംപ് ശരിക്കും ഇസ്രായേലിനോട് പുറം തിരിഞ്ഞോ ?

ട്രംപ് ശരിക്കും ഇസ്രായേലിനോട് പുറം തിരിഞ്ഞോ ?
X

റോബര്‍ട്ട് ഇന്‍ലകേഷ്

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ആശയവിനിമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിഛേദിച്ചതായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഗസയിലെ അധിനിവേശവുമായി ബന്ധപ്പെട്ട് ഇസ്രായേലിനുമേല്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന്റെയും യെമനിലെ അന്‍സാറുല്ലക്കെതിരേ യുഎസ് സൈനിക നടപടികള്‍ നിര്‍ത്തിയതിന്റെയും പശ്ചാത്തലത്തിലാണ് ഈ റിപോര്‍ട്ടുകള്‍ വരുന്നത്. ഇതെല്ലാം വെറുതെയാണോ അതോ ഒടുവില്‍ യുഎസ്, ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കുകയാണോ ?

മെയ് ഒന്നിന്, ഡോണള്‍ഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിനെ ധൃതിയില്‍ പുറത്താക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. ബെഞ്ചമിന്‍ നെതന്യാഹു യുഎസിലെ ഓവല്‍ ഓഫിസിലെത്തി ട്രംപിനെ കാണുന്നതിനു മുമ്പുതന്നെ, പ്രസിഡന്റിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തി, ഇറാനെ ആക്രമിക്കാനായി ബെഞ്ചമിന്‍ നെതന്യാഹുവുമായി മൈക്ക് വാള്‍ട്ട്‌സ് ചര്‍ച്ച നടത്തി എന്നതാണ് ഇതിനു കാരണമായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തത്.


മൈക്ക് വാള്‍ട്ട്‌സ്

ഇറാനെതിരേ യുദ്ധം നടത്താന്‍ വാള്‍ട്ട്‌സ് ശ്രമിക്കുകയാണെന്നും എന്നാല്‍ നയതന്ത്രപരമായ നടപടികള്‍ മതിയെന്ന് ട്രംപ് ഭരണകൂടം തീരുമാനിച്ചെന്നും ചില വിശകലന വിദഗ്ധര്‍ വാദിച്ചു. ഇസ്രായേല്‍ ലോബിയുടെയും യുഎസിലെ വലതുപക്ഷ ബുദ്ധിജീവികളുടെയും റോണ്‍ ഡെര്‍മര്‍ പോലുള്ള ഇസ്രായേലി ഉദ്യോഗസ്ഥരുടെയും സമ്മര്‍ദ്ദ പ്രചാരണത്തിന്റെ ഭാഗമായി ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ സ്തംഭിച്ച സമയത്താണ് ഈ മാറ്റമുണ്ടായത്.

പിന്നീട് പെട്ടെന്നൊരു ദിവസം, മേയ് ആറിന്, യെമനിലെ അന്‍സാറുല്ലക്കെതിരായ സൈനികനടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. യെമനെതിരായ നടപടികള്‍ അവസാനിപ്പിച്ച യുഎസ് പ്രഖ്യാപനത്തെ ഇസ്രായേല്‍ ഭരണകൂടം ഞെട്ടലോടെയാണ് കേട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇനി അന്‍സാറുല്ലയെ ഇസ്രായേല്‍ ഒറ്റയ്ക്ക് നേരിടണം.

ഇതിനു ശേഷം ഹീബ്രു മാധ്യമങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നുതുടങ്ങി. ഗസയില്‍ സഹായം എത്തിക്കാനും വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനും ഇസ്രായേലിനോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ അവകാശപ്പെട്ടത്. നെതന്യാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശനായ ട്രംപ് ആശയവിനിമയം വിഛേദിച്ചുവെന്നും റിപോര്‍ട്ടുകള്‍ വന്നു.

ബന്ധത്തിലെ വിള്ളലിനെ കുറിച്ച് ഇരുപക്ഷവും ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ഇസ്രായേലിനെ പ്രതിരോധിക്കാന്‍ താന്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുമെന്ന് പറയുന്ന ഒരു വീഡിയോ നെതന്യാഹു പ്രസിദ്ധീകരിച്ചു.

വെള്ളിയാഴ്ച രാവിലെ, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തന്റെ ടെല്‍ അവീവ് സന്ദര്‍ശനം റദ്ദാക്കുമെന്ന് മറ്റൊരു അപ്‌ഡേറ്റ് വന്നു. തന്റെ തെല്‍ അവീവ് സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് വെള്ളിയാഴ്ച രാവിലെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.

യുഎസ് ഒടുവില്‍ ഇസ്രായേലിനെതിരേ നിലകൊള്ളുകയാണോ?

ഈ വിഷയം ശരിയായി വിലയിരുത്തുന്നതിന്, മുകളില്‍ സൂചിപ്പിച്ച എല്ലാ സംഭവവികാസങ്ങളെയും സന്ദര്‍ഭോചിതമായി പരിശോധിക്കേണ്ടതുണ്ട്. ട്രംപ് സര്‍ക്കാരിലെ ഓരോ അംഗവും പൂര്‍ണമായും ഇസ്രായേലി അനുകൂലികളാണെന്നും ഇസ്രായേല്‍ ലോബിയില്‍നിന്ന് ഗണ്യമായ പിന്തുണ ലഭിച്ചവരുമാണെന്ന വസ്തുത കൂടി ആമുഖമായി പറയണം.

മൈക്ക് വാള്‍ട്ട്‌സിനെ പുറത്താക്കിയെങ്കിലും, സര്‍ക്കാരില്‍ നിര്‍ണായക റോളിനായി ഇസ്രായേലി ലോബി പരിശീലിപ്പിച്ചയാളാണ് മൈക്കെന്ന് ദി ഗ്രേസോണ്‍ പുറത്തുവിട്ട ഓഡിയോ സന്ദേശങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ട്രംപ് അറിയാതെ നെതന്യാഹുവുമായി ചര്‍ച്ചകള്‍ നടത്തിയതും യെമനെ ആക്രമിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ ചേര്‍ത്തതും ചര്‍ച്ചയായി. കൂടാതെ തന്റെ ചാറ്റുകള്‍ മൈക്ക് ഇസ്രായേലി ഉടമസ്ഥതയിലുള്ള ഒരു ആപ്പിലാണ് ശേഖരിച്ചിരുന്നതെന്നും വെളിപ്പെടുത്തലുകളുണ്ടായി.

എന്നിരുന്നാലും, ട്രംപിന്റെ ആദ്യ ഭരണകാലത്ത് ജോണ്‍ ബോള്‍ട്ടണ്‍ പുറത്താക്കപ്പെട്ടതുപോലെ വാള്‍ട്ട്‌സിനെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കിയിട്ടില്ല. പകരം അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയിലെ യുഎന്‍ അംബാസഡറായി നിയമിച്ചു. സര്‍വകലാശാലകളിലെ ഫലസ്തീന്‍ അനുകൂല അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ, ഇസ്രായേലിനെ ശക്തമായി പിന്തുണയ്ക്കുന്ന എലിസ് സ്‌റ്റെഫാനിക്കിനായിരുന്നു ഈ സ്ഥാനം ലഭിക്കേണ്ടത്. മൈക്കിനെ യുഎന്‍ അംബാസഡര്‍ ആക്കിയപ്പോള്‍ കോണ്‍ഗ്രസ് ഹൗസില്‍ റിപബ്ലിക്കന്‍ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിനായി സ്‌റ്റെഫാനിക്കിന്റെ നാമനിര്‍ദേശം പിന്‍വലിച്ചു.

ഇറാനുമായുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ ലോബിയുടെ നീക്കത്തിനെതിരേ ട്രംപ് ശരിക്കും നിലപാട് എടുക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് ഒരു ആഴ്ച മുമ്പ് പ്രഖ്യാപിച്ചത് ? ഇറാനില്‍ നിന്ന് പെട്രോളിയം സ്വീകരിക്കുന്ന ചൈനീസ് റിഫൈനിങ് കമ്പനിക്കെതിരേ രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിക്കുകയുമുണ്ടായി.

ഉപരോധങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളില്‍ നിരവധി വ്യവസ്ഥകള്‍ ചേര്‍ക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്. ഇവയെല്ലാം ഇസ്രായേലി ലോബി ഗ്രൂപ്പുകളായ വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ പോളിസി, ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് തുടങ്ങിയവയുടെ ആവശ്യങ്ങളാണ്. പക്ഷേ, ഇവയെല്ലാം ട്രംപിന്റെ വാചാടോപമായാണ് പുറത്തുവരുന്നത്.

യുഎസിലെ ഇസ്രായേല്‍ അനുകൂല ലോബിയില്‍ പ്രധാന വിള്ളലുണ്ടെന്ന് ഒരു വാദമുണ്ട്. ആ വിള്ളല്‍ ട്രംപ് ഭരണകൂടത്തെ ബാധിക്കുന്നതായും പറയപ്പെടുന്നു. എന്നാല്‍, ട്രംപിന്റെ പ്രചാരണങ്ങള്‍ക്ക് പണം നല്‍കിയത് സയണിസ്റ്റ് ശതകോടീശ്വരന്‍മാരും സാങ്കേതിക മുതലാളിമാരുമായിരുന്നു എന്ന കാര്യം ശ്രദ്ധിക്കണം. ഇസ്രായേലിലെ ഏറ്റവും ധനികനായ ശതകോടീശ്വരനായ മിറിയം അഡെല്‍സണ്‍ ആയിരുന്നു അദ്ദേഹത്തിന് ഏറ്റവുമധികം സംഭാവന നൽകുന്നയാൾ.

ചരിത്രപരമായി നെതന്യാഹുവിനെ അനുകൂലിക്കുന്ന, ഇസ്രായേലില്‍ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന പത്രമായ ഇസ്രായേല്‍ ഹയോമിന്റെ ഉടമയും അഡെല്‍സണാണ്. അവരിപ്പോള്‍ ട്രംപ്-നെതന്യാഹു അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ഊഹാപോപങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

അന്‍സാറുല്ലയെ ആക്രമിക്കാനെന്ന പേരിലാണ് യുഎസ് വലിയതോതില്‍ സൈനിക ഉപകരണങ്ങള്‍ പശ്ചിമേഷ്യയിലേക്ക് എത്തിച്ചത്. ഇതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഏറ്റവും പ്രധാനമായി ഇസ്രായേലിനുമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുമുണ്ട്. രണ്ടു ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് അന്‍സാറുല്ലയെ നശിപ്പിച്ചെന്ന് അവകാശപ്പെട്ട ട്രംപ് ഭരണകൂടം മുന്നോട്ടുള്ള മാര്‍ഗം കരയുദ്ധമാണെന്ന് മനസ്സിലാക്കി.

അതേസമയം, യുഎസിന്റെ സൈനിക സന്നാഹങ്ങള്‍ മെഡിറ്ററേനിയനിലേക്ക് മാറ്റുകയും ലബ്‌നാന്‍ വ്യോമാതിര്‍ത്തിയില്‍ തീവ്രമായ നിരീക്ഷണത്തില്‍ നേരിട്ട് പങ്കാളിയാകുകയും ഹിസ്ബുല്ലയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഇറാനെതിരേ ആക്രമണം ആസന്നമാണോ?

ട്രംപും നെതന്യാഹുവും വേര്‍പിരിയുന്നു എന്നതു പോലുള്ള നാടകീയ വാര്‍ത്തകള്‍ പൂര്‍ണമായും ശരിയാണോ അതോ ഒരു നല്ല പോലിസ്-ചീത്ത പോലിസ് തന്ത്രമാണോ എന്നറിയാന്‍ സാധ്യമല്ലെങ്കിലും ഇറാനെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ആസന്നമാണെന്നു തോന്നുന്നു. നിരാശ കൊണ്ടോ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായോ ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരേ ആക്രമണത്തിന് ഉത്തരവിട്ടാല്‍ അതില്‍ ഏതെങ്കിലും തരത്തില്‍ യുഎസ് തീര്‍ച്ചയായും പങ്കാളിയാവും.

താന്‍ ഒരു മൂലയ്ക്കായെന്ന രീതിയിലാണ് നെതന്യാഹു സ്വയം അവതരിപ്പിക്കുന്നത്. തന്റെ രാഷ്ട്രീയ മുന്നണിയെ രക്ഷിക്കാന്‍ മാര്‍ച്ചില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു തകര്‍ത്തു. പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഇതോടെ മുന്നണിയിലേക്ക് തിരികെ വന്നു.

ഇത് എതിരാളികളെ നേരിടാനുള്ള നടപടികള്‍ക്കും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ബെത്തിന്റെ മേധാവി റോണന്‍ ബാറിനെ നേരിടാനും നെതന്യാഹുവിനെ സഹായിച്ചു. എന്നിരുന്നാലും, ആള്‍ക്ഷാമവും മറ്റുമുന്നണികളിലെ പരാജയ ഭീതിയും മൂലം ഗസയ്‌ക്കെതിരേ ഒരു പ്രധാന കരയാക്രമണം നടത്താതെ ഗസക്കാരെ പട്ടിണിക്കിടുക എന്ന തന്ത്രം നെതന്യാഹു തീരുമാനിച്ചു. ഗസയില്‍ വലിയ കര ആക്രമണം നടത്തുമെന്ന് ഇപ്പോള്‍ നെതന്യാഹു ഭീഷണി മുഴക്കുന്നുണ്ട്. സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുക അല്ലാതെ ഒന്നും നടക്കില്ലെന്ന് വ്യക്തമാണ്.

റിലീജിയസ് സയണിസം സഖ്യകക്ഷികളുടെ ആവശ്യപ്രകാരം ഗസയിലേക്ക് ഒരു മാനുഷിക സഹായവും കടക്കില്ലെന്ന നിലപാട് അംഗീകരിച്ചതാണ് നെതന്യാഹു ചെയ്ത തെറ്റ്. ഗസയിലേക്ക് സഹായം കടന്നാല്‍ സര്‍ക്കാരിന്റെ സ്ഥിരത നഷ്ടപ്പെടുമെന്നാണ് റിലീജിയസ് സയണിസം കക്ഷികളുടെ ഭീഷണി.

ഗസയിലെ വന്‍ക്ഷാമം തങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഭയപ്പെടുന്ന യൂറോപ്യന്‍ യൂണിയനും യുകെയും യുഎസും അവിടേക്ക് എന്തെങ്കിലും സഹായം കടത്തിവിടാന്‍ നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നു. ഇത് നെതന്യാഹുവിനെ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.

അതിനിടയില്‍, സിറിയയിലെ ഡ്രൂസ് സമൂഹത്തിന് വേണ്ടി സിറിയയില്‍ ഇടപെടുമെന്ന് നെതന്യാഹു മറ്റൊരു പ്രഖ്യാപനവും നടത്തി. എന്നാല്‍, സിറിയന്‍ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധം 'സാധാരണ നിലയിലാക്കാന്‍' താല്‍പ്പര്യം പ്രകടിപ്പിക്കുകയും, യെദിയോത്ത് അഹ്‌റോനോത്തിന്റെ റിപോര്‍ട്ട് പ്രകാരം, നേരിട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

ഇനി തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗവുമായി ബന്ധപ്പെട്ട സംഘര്‍ഷം ശക്തമാവുകയാണെങ്കില്‍ ഇസ്രായേല്‍ പ്രതിജ്ഞ പാലിച്ചില്ലെങ്കില്‍ ഇസ്രായേലിലെ ഡ്രൂസ് വിഭാഗം പ്രശ്‌നങ്ങളുണ്ടാക്കും. അവര്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ നിര്‍ണായകമായ പങ്കുകളുണ്ട്.

ആഭ്യന്തരമായി ഏറെ ഭിന്നിപ്പിക്കപ്പെട്ട നിലയിലാണ് ഇസ്രായേലുള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മൊത്തത്തിലുള്ള ഈ അസ്ഥിരത അതിവേഗം വലിയ പ്രശ്‌നങ്ങളിലേക്ക് വഴിമാറാം.

പിന്നെ ലബ്‌നാന്‍ മുന്നണിയുണ്ട്. ലബ്‌നാനില്‍ നിന്നും ഇസ്രായേലിനെ പുറത്താക്കാനും സെക്രട്ടറി ജനറലായിരുന്ന സയ്യിദ് ഹസന്‍ നസ്റുല്ലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനും ഇസ്രായേലിന് പ്രഹരം ഏല്‍പ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താനും ഹിസ്ബുല്ല ഒരുങ്ങിയിരിക്കുകയാണ്.


ഹസന്‍ നസ്റുല്ല

അതേസമയം, ഗസയില്‍, ഇസ്രായേല്‍ എല്ലാവരെയും പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിച്ചാല്‍, ഹമാസും അവിടുത്തെ മറ്റ് പ്രതിരോധ സംഘടനകളും 'അന്ത്യദിന ഓപ്ഷന്‍' എന്ന് വിളിക്കാവുന്ന ഒരു നടപടിക്ക് തുടക്കമിടും. ആരും സ്വന്തം ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നത് നോക്കി നില്‍ക്കാന്‍ പോവുന്നില്ല.

ഇസ്രായേലിനെ ആക്രമിക്കുന്നതിൽനിന്ന് അന്‍സാറുല്ലയെ തടയാന്‍ വലിയ കര ആക്രമണം നടത്താതെ മറ്റൊരു വഴിയുമില്ലായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. ഇസ്രായേലിന് അവരുടെ ശത്രുക്കളെയൊന്നും പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. കൂട്ടക്കൊലകള്‍ മൂലം ജനങ്ങളെല്ലാം റാഡിക്കലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു യുദ്ധമുന്നണിയിലും വിജയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇസ്രായേലുള്ളത്. അവര്‍ക്ക് പ്രശ്‌നപരിഹാരത്തിന് ഒരു പോംവഴി ആവശ്യമാണ്.

മേഖലയിലെ ഇസ്രായേലിന്റെ പ്രതിപക്ഷ നേതാവായി ഇറാന്‍ കണക്കാക്കപ്പെടുന്നു. ഇറാന്‍ ശക്തരായതിനാലാണ് അവരുമായുള്ള സംഘര്‍ഷം ആഗ്രഹിക്കപ്പെടുന്നത്. പക്ഷേ, ഇറാന്‍ അവിശ്വസനീയമാംവിധം ശക്തമാണ്. പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് ഇറാനെ പരാജയപ്പെടുത്താന്‍ യുഎസിന് കഴിയില്ല. പൂര്‍ണ തോതിലുള്ള യുദ്ധം യുഎസിനെ സംബന്ധിച്ചിടത്തോളം പ്രാദേശിക ആത്മഹത്യക്ക് തുല്യമാവും.

ഇറാനെതിരായ ഏത് ആക്രമണവും ഇസ്രായേലിന്റെ നേതൃത്വത്തിലായിരിക്കുമെന്നും യുഎസ് അതില്‍ പങ്കുചേരുമെന്നും ഡോണള്‍ഡ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. പരിമിതമായ സംഘര്‍ഷം യുഎസിന്റെ പരിഗണനയിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ട്രംപിന്റെയും നെതന്യാഹുവിന്റെയും വേര്‍പിരിയല്‍ യാഥാര്‍ഥമാണോ അല്ലയോ എന്ന ചര്‍ച്ച സൂചിപ്പിക്കുന്നത് ഇറാനെതിരായ ആക്രമണം ആസന്നമായിരിക്കാമെന്നാണ്.

താല്‍ക്കാലികമായെങ്കിലും മറ്റെല്ലാ വിഷയങ്ങളില്‍നിന്നും ശ്രദ്ധ മാറുന്ന വലിയ ഒരു സംഭവമായി ഈ ആക്രമണം മാറും. ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ നിലയ്ക്കുകയും പ്രദേശത്തെ മറ്റു വിവിധ മുന്നണികളില്‍ നടക്കുന്ന യുദ്ധങ്ങള്‍ നില്‍ക്കുകയും ചെയ്യും.ഇറാന്റെ ആണവ കേന്ദ്രങ്ങളെ പ്രാഥമിക ലക്ഷ്യമാക്കി പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചാല്‍ ഇറാന്റെ ആണവപദ്ധതികള്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാന്‍ സാധ്യതയുണ്ട്.

പ്രാഥമിക ലക്ഷ്യമെന്ന നിലയില്‍ ഇറാനിലെ മുതിര്‍ന്ന നേതാക്കളുടെ കൊലപാതകം, ഹൈബ്രിഡ് യുദ്ധം എന്നിവ പോലുള്ള മറ്റ് തന്ത്രങ്ങളും നടപ്പാക്കാം. അവ പ്രതീകാത്മക പ്രഹരങ്ങള്‍ ഏല്‍പ്പിക്കും. പക്ഷേ, അവയെ കൈകാര്യം ചെയ്യാന്‍ ഇറാന് സാധിക്കും.

അപ്പോള്‍, ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ വിക്ഷേപിക്കപ്പെടുമെന്നതിനാല്‍ യുഎസ് ഇടപെടേണ്ടി വരും. മിസൈലുകളുടെ തിരമാലകള്‍ ഇസ്രായേലി കരസേനയ്ക്കും വ്യോമസേനയ്ക്കും വലിയ നാശമുണ്ടാക്കും. അത് സൈപ്രസിനെ പോലുള്ള ബദല്‍ താവളങ്ങളെ ഉപയോഗിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും.

അപ്പോള്‍ ചോദ്യം ഇതാണ്: ഹിസ്ബുല്ല എന്തായിരിക്കും ചെയ്യുക? ലബ്‌നാനില്‍നിന്ന് ആക്രമണമുണ്ടായാല്‍ അത് ഇസ്രായേലി സൈന്യത്തെ അമ്പരപ്പിക്കും. ആ ഘട്ടത്തില്‍ യുഎസ് തന്നെ വ്യോമാക്രമണങ്ങള്‍ നടത്തേണ്ടി വരും. മുമ്പ് ഞാന്‍ എഴുതിയ പോലെ ഹമാസായിരിക്കും ആ സമയത്തെ വൈല്‍ഡ് കാര്‍ഡ്. ഫലസ്തീനികള്‍ക്ക് നേരെ വംശഹത്യ നടത്തിയ ശത്രുവിനെതിരേ അവര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് പ്രവചിക്കാനാവില്ല.

മുന്‍കാല ഏറ്റുമുട്ടലുകളില്‍ പ്രായോഗികവും സംയമനപൂര്‍ണവുമായ നിലപാട് സ്വീകരിച്ച ഇറാന്‍, യുഎസിന്റെ ആക്രമണം പരിമിതമായാല്‍ ഒരു പൂര്‍ണമായ യുദ്ധം ഒഴിവാക്കുന്ന രീതിയില്‍ പെരുമാറുമെന്ന് യുഎസും ഇസ്രായേലും കരുതുന്നുണ്ടെങ്കില്‍ അവര്‍ അത്തരം ആക്രമണം നടത്തിയേക്കാം. യുഎസിന്റെ കണ്‍മുന്നില്‍ വിവിധ മുന്നണികളില്‍ നടക്കുന്ന യുദ്ധത്തിന് പരിഹാരമുണ്ടാവാന്‍ ആ സാഹചര്യം നിര്‍ബന്ധിക്കാം.

ഇസ്രായേലിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ എന്തുകൊണ്ട് ഇറാന്‍ എല്ലാ ശക്തിയും ഉപയോഗിക്കുന്നില്ല എന്ന് ചിലര്‍ ചോദിച്ചേക്കാം, അതായത്, ആണവായുധം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന ചോദ്യം. വിശദാംശങ്ങള്‍ പരിശോധിക്കാതെ തന്നെ പറയട്ടെ, നെതന്യാഹു ഇറാനെതിരേ ആക്രമണം നടത്താനുള്ള മാനസികാവസ്ഥയിലാണെന്ന് തോന്നുന്നു. യുഎസ് നെതന്യാഹുവിനെ എതിര്‍ക്കുന്നുണ്ടെന്ന് തോന്നിയാല്‍ അത് ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ സഹായിച്ചേക്കാം.

ട്രംപും നെതന്യാഹുവും വേര്‍പിരിയുന്നു എന്ന വാര്‍ത്തകളുടെ മറ്റൊരു വ്യാഖ്യാനം ഇതാണ്: ഗസയിലേക്ക് സഹായം എത്തിക്കാന്‍ അനുവദിക്കേണ്ട സാഹചര്യമുണ്ടെന്ന് കടുത്ത സയണിസ്റ്റുകളായ സഖ്യകക്ഷികളെ നെതന്യാഹുവിന് അറിയിക്കണം. ഗസയിലെ വെടിനിര്‍ത്തലില്‍ ട്രംപിനെതിരെ നിലപാട് എടുത്തെന്നും അതില്‍ വിജയിച്ചെന്നും എന്നാല്‍ സഹായകാര്യത്തില്‍ ത്യാഗം സഹിക്കേണ്ടി വന്നെന്നും പറഞ്ഞാല്‍ ബെന്‍ ഗ്വിറിനെ പോലുള്ളവരെ ആശ്വസിപ്പിക്കാം.


ബെന്‍ ഗ്വിര്‍

എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഏറ്റവും തീവ്രമായ വിശദീകരണം നല്‍കേണ്ടി വരുന്നത്? ഏറ്റവും തീവ്രമായത് വളരെ വേഗം സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ ഇപ്പോള്‍ കാരണങ്ങളുണ്ട് എന്നതാണ് ഉത്തരം. ഇസ്രായേല്‍ ഇപ്പോള്‍ ദുര്‍ബലമായ അവസ്ഥയിലാണുള്ളത്, നെതന്യാഹുവിന്റെ തീവ്രവാദത്തിന് അതിരുകളുമില്ല. ഒരു പ്രാദേശിക യുദ്ധത്തിന് പരിഹാരം കാണാനുള്ള ഏക മാര്‍ഗം ഇസ്രായേല്‍ പ്രധാനമന്ത്രിയെ പുറത്താക്കുക എന്നതാണ്.

Next Story

RELATED STORIES

Share it