Big stories

കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
X

ന്യൂഡല്‍ഹി: തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ബഹദൂര്‍ഘട്ടിലാണ് അപകടമുണ്ടായത്. രാവിലെ 6.30ഓടെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. അമിതവേഗത്തിലെത്തിയെ ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകട സമയത്ത് സ്ത്രീകള്‍ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 11 മാസമായി തുടരുന്ന കര്‍ഷകരുടെ സമരം നടക്കുന്ന ഡല്‍ഹി ബോര്‍ഡറിന് സമീപത്തുവച്ചാണ് അപകടമുണ്ടായിരിക്കുന്നത്. നേരത്തേയും സമാന സംഭവങ്ങള്‍ കര്‍ഷകസമരത്തിനിടെ ഉണ്ടായിരുന്നു.

ഒക്ടോബര്‍ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

അതേസമയം കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പോലിസ്. ബിജെപി അനൂകൂല കര്‍ഷക സംഘടനയായ ഹിന്ദ് മസ്ദൂര്‍ കിസാന്‍ സമിതി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നിഹാങ്കുകള്‍ കൊല്ലപെടുത്തിയ ലഖ്ബീര്‍ സിങ്ങിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതെ സമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ഡല്‍ഹി അതിര്‍ത്തികളിലെ സമരം പന്ത്രണ്ടാം മാസത്തിലേക്ക് കടന്നു.

Next Story

RELATED STORIES

Share it