Big stories

അതിക്രമം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയില്ല; വസ്തുതാന്വേഷണത്തിനെത്തിയ അഭിഭാഷകര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്ത് ത്രിപുര പോലിസ്

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (എന്‍സിഎച്ച്ആര്‍ഒ) അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരേയാണ് ത്രിപുര പോലിസ് കേസെടുത്തത്.

അതിക്രമം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയില്ല; വസ്തുതാന്വേഷണത്തിനെത്തിയ അഭിഭാഷകര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്ത് ത്രിപുര പോലിസ്
X

അഗര്‍ത്തല: സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരേ അഴിഞ്ഞാടുന്ന സംഘപരിവാരത്തിനെതിരേ ചെറുവിരല്‍ അനക്കാന്‍ തയ്യാറാവാത്ത ത്രിപുര പോലിസ് വസ്തുതാന്വേഷണത്തിനെത്തിയ അഭിഭാഷകര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്തതായി റിപോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (എന്‍സിഎച്ച്ആര്‍ഒ) അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരേയാണ് ത്രിപുര പോലിസ് കേസെടുത്തത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, 1967 (യുഎപിഎ)യുടെ u/s 13 പ്രകാരം രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചാണ് മുകേഷിന് വെസ്റ്റ് അഗര്‍ത്തല പോലിസ് സ്‌റ്റേഷന്‍ CrPC സെക്ഷന്‍ 41 പ്രകാരം ഒരു നോട്ടീസ് അയച്ചത്. അന്‍സാര്‍ ഇന്‍ഡോറിക്കും സമാനമായ നോട്ടിസ് ലഭിച്ചിട്ടുണ്ട്.

നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാനും സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ഈ കെട്ടിച്ചമച്ചതും തെറ്റായതുമായ പ്രസ്താവനകള്‍/അഭിപ്രായങ്ങള്‍ ഉടനടി ഇല്ലാതാക്കാനും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുവരും അടുത്തിടെ ത്രിപുരയിലെത്തിയ വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു. 153എ, ബി (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 469 (ദോഷകരമായ വിവരങ്ങള്‍ക്കായി വ്യാജരേഖ ചമയ്ക്കല്‍), 503 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), ഐപിസിയിലെ 504, 120 ബി വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്.

സുപ്രിം കോടതി അഭിഭാഷകന്‍ ഇഹ്തഷാം ഹാഷ്മി, ലോയേഴ്‌സ് ഫോര്‍ ഡെമോക്രസിയില്‍ നിന്നുള്ള അഡ്വക്കേറ്റ് അമിത് ശ്രീവാസ്തവ്, എന്‍സിഎച്ച്ആര്‍ഒയുടെ അഭിഭാഷകന്‍ അന്‍സാര്‍ ഇന്‍ഡോരി, പിയുസിഎല്ലിന് വേണ്ടി അഭിഭാഷകന്‍ മുകേഷ് എന്നിവരടങ്ങുന്ന സംഘം ചൊവ്വാഴ്ച ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വച്ച് ത്രിപുരയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ പുറത്തുവിട്ടിരുന്നു.

'2021 ഒക്‌ടോബര്‍ 30 മുതല്‍ 2021 നവംബര്‍ 1 വരെ, ത്രിപുരയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ പോയ ഒരു വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ കണ്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തത്. ഞങ്ങള്‍ ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനം നടത്തി, തുടര്‍ന്ന് പരിപാടിയുടെ ഫേസ്ബുക്ക് ലൈവ് നടത്തി. ഈ ഫേസ്ബുക്ക് ലൈവില്‍ അവര്‍ക്ക് പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നു, 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ലിബറേഷന്‍ (CPIML), ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് (AILAJ) എന്നിവയുടെ ഡല്‍ഹി യൂണിറ്റിലെ അംഗം കൂടിയായ മുകേഷ് പറഞ്ഞു.

ഭീഷണിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് നോട്ടീസ് അയച്ചതെന്ന് ബംഗളൂരു ആസ്ഥാനമായുള്ള അഭിഭാഷകനും എഐഎല്‍എജെ അംഗവുമായ ക്ലിഫ്റ്റണ്‍ ഡി റൊസാരിയോ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ തത്സമയം ട്വീറ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ സമൃദ്ധി സകുനിയ, 'ത്രിപുര അക്രമത്തെക്കുറിച്ച് സംസാരിക്കുന്ന ആളുകളെ പിടികൂടാന്‍ ത്രിപുര പോലീസ് ശരിക്കും ശ്രമിക്കുന്നു' എന്നാണ് ട്വീറ്റ് ചെയ്തത്. അക്രമം നടത്തിയവരെ പിന്തുടരുന്നതിന് പകരം പോലിസ് തങ്ങളെ വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു.

പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരോപിച്ച് 71 പേര്‍ക്കെതിരെ ത്രിപുര പോലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച, ത്രിപുര ഹൈക്കോടതി അക്രമം സ്വമേധയാ സ്വീകരിക്കുകയും നവംബര്‍ 10നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it