Big stories

പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍; ആഘോഷങ്ങളില്ല, ചര്‍ച്ചയാവുന്നത് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാണ് വാര്‍ഷികം കടന്നുപോവുന്നത്. ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1,000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്. ഇക്കുറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.

പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍; ആഘോഷങ്ങളില്ല, ചര്‍ച്ചയാവുന്നത് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാണ് വാര്‍ഷികം കടന്നുപോവുന്നത്. ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1,000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്. ഇക്കുറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.

തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയാണ് ആഘോഷങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളല്ല, മറിച്ച് കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയമാണ് മൂന്നാം വാര്‍ഷികത്തില്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, ലേഖനത്തില്‍ ഒരിടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പരാമര്‍ശം നടത്തുന്നില്ല. ഇന്നലെയായിരുന്നു മുഖ്യമന്ത്രിയുടെ പിറന്നാള്‍. 74ാം പിറന്നാള്‍ ദിനമെത്തിയപ്പോള്‍ മധുരം നല്‍കി ആഘോഷിക്കാവുന്ന നിലയിലായിരുന്നില്ല പിണറായി വിജയന്‍. വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളില്‍പോലും വന്‍തോല്‍വി നേരിടേണ്ടിവന്നതിനെക്കുറിച്ച് പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല തിരിച്ചടിക്ക് കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ എല്‍ഡിഎഫിനെ കൈവിട്ടതില്‍ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമര്‍ശിക്കപ്പെടുകയാണ്. സിപിഎമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും വോട്ടുകള്‍ സമാഹരിക്കുന്നതിന് തടസ്സമായി. സിപിഎം വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളില്‍വരെ ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ബിജെപിക്കെതിരായ വികാരം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നാണ് മുഖ്യമന്ത്രി ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോള്‍ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് പാര്‍ട്ടി കമ്മിറ്റികള്‍ വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്രങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ ലേഖനത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പരാമര്‍ശമേയില്ല. സര്‍ക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളെക്കുറിച്ചുള്ള വിശകലനങ്ങളുമാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നിറവേറ്റിയാണ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് പിണറായി പറയുന്നു.

പ്രളയാനന്തര പുതുകേരളത്തിന്റെ നിര്‍മാണത്തിനായി നീങ്ങുന്നവേളയിലാണ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികമെത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഈ മൂന്നുവര്‍ഷം പലതുകൊണ്ടും ശ്രദ്ധേയമായി. വര്‍ഗീയകലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്‌നങ്ങളില്ലാത്ത, പോലിസ് വെടിവയ്പു കൊലപാതകങ്ങളുമില്ലാത്ത, ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ വര്‍ഷങ്ങള്‍. പരമ്പരാഗത സങ്കല്‍പങ്ങള്‍വിട്ട് വിഭവസമാഹരണ കാര്യത്തില്‍ മൗലികവും പുതുമയുള്ളതുമായ വഴികള്‍ കിഫ്ബി പോലുള്ളവയിലൂടെ തേടുകയും വിജയിക്കുകയും ചെയ്ത വര്‍ഷങ്ങള്‍.

പ്രഖ്യാപിച്ച 35 ഇന പരിപാടികള്‍ എല്ലാം പൂര്‍ത്തീകരിച്ചു. ദേശീയപാതാ വികസനം പോലെ അസാധ്യമെന്ന് കരുതിയ പല പദ്ധതികള്‍ക്കും ജീവന്‍വച്ചു. കിഫ്ബി പുനസംഘടിപിച്ച് ധനസമാഹരണത്തില്‍ പുതിയ സാധ്യതകള്‍ തുറന്നു. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍വരെ കേരളത്തിന്റെ പേര് മുഴങ്ങിക്കേട്ടതും അതിലൂടെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ മുഖം വര്‍ധിച്ച വിശ്വാസ്യതയോടെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുകയും ചെയ്തുവെന്നത് നേട്ടമായി ലേഖനത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.

Next Story

RELATED STORIES

Share it