Big stories

സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കാത്തത് സര്‍ക്കാര്‍ വീഴ്ചയെന്ന് സമ്മതിച്ച് മന്ത്രി

പിആര്‍എസ് വായ്പ തിരിച്ചടവില്‍ സപ്ലൈക്കോക്ക് വീഴ്ച സംഭവിച്ചതിനാലാണ് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാനാകാത്തതെന്ന് വകുപ്പ് മന്ത്രി നിയമ സഭയെ അറിയിച്ചു. പല ജില്ലകളിലും പകുതിയിലധികം തുക ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.

സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കാത്തത് സര്‍ക്കാര്‍ വീഴ്ചയെന്ന് സമ്മതിച്ച് മന്ത്രി
X

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കാത്തത് സര്‍ക്കാര്‍ വീഴ്ചയെന്ന് നിയമസഭാ രേഖ. കെസി ജോസഫ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയാണ് സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചത്. സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ നേരത്തേ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.


സിവില്‍ സപ്ലൈസ് വകുപ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ലിന്റെ വില പാഡി റെസീപ്റ്റ് ഷീറ്റ് (പിആര്‍എസ് ) വായ്പ പദ്ധതി വഴിയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പതിനാറ് ബാങ്കുകളുമായി നേരത്തെ തന്നെ ധാരണാ പത്രം ഒപ്പുവച്ചിരുന്നു. കര്‍ഷകര്‍ക്ക് ബാങ്ക് തുക നല്‍കിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ സപ്ലൈക്കോ തുക ബാങ്കില്‍ തിരിച്ചടക്കണം.

എന്നാല്‍, പിആര്‍എസ് വായ്പ തിരിച്ചടവില്‍ സപ്ലൈക്കോക്ക് വീഴ്ച സംഭവിച്ചതിനാലാണ് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാനാകാത്തതെന്ന് വകുപ്പ് മന്ത്രി നിയമ സഭയെ അറിയിച്ചു. പല ജില്ലകളിലും പകുതിയിലധികം തുക ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രളയാനന്തരം ഏറ്റവും കൂടുതല്‍ നെല്‍കര്‍ഷകര്‍ ആത്മഹത്യ ചെയ്ത തൃശൂരില്‍ പത്ത് കോടിയിലധികം തുക കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാനുണ്ട്.


2018-19 വര്‍ഷത്തില്‍ ജൂണ്‍ 5 വരെ 6.87 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. 1700 ലധികം കോടി രൂപയാണ് ഈയിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍, പിആര്‍എസ് വായ്പ തിരിച്ചടക്കാന്‍ സര്‍ക്കാര്‍ മുടങ്ങിയതിനാല്‍ പല ബാങ്കുകളും കര്‍ഷകര്‍ക്ക് തുക നല്‍കുന്നതില്‍ നിന്ന് പിന്മാറിയത് മൂലം 500 കോടിയോളം രൂപ ഇനിയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.

പ്രളയാനന്തരം നിരവധി നെല്‍കര്‍ഷകരാണ് പാലക്കാട് തൃശൂര്‍ ജില്ലകളില്‍ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനാസ്ഥ കാരണം നെല്‍കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിളയുടെ പ്രതിഫലം വൈകുന്നതെന്ന രേഖകള്‍ പുറത്ത് വരുന്നത്.

Next Story

RELATED STORIES

Share it