Big stories

ആദ്യ ഒമിക്രോണ്‍ രോഗി ഒളിച്ചുകടന്നു; പത്ത് യാത്രികരെ കാണാനില്ല: അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ആദ്യ ഒമിക്രോണ്‍ രോഗി ഒളിച്ചുകടന്നു; പത്ത് യാത്രികരെ കാണാനില്ല: അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
X

ബെംഗളൂരു: ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരിലൊരാള്‍ സ്വകാര്യ ലാബില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി നാടുവിട്ടതിനെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. കൂടാതെ വിമാനത്താവളത്തില്‍ നിന്ന് 'കാണാതായ' 10 യാത്രക്കാരെ കണ്ടെത്താനുളള ശ്രമവും ആരംഭിച്ചു.

''ഇന്നത്തോടെ 10 പേരാണ് വിമാനത്താവളത്തില്‍ നിന്ന് ഒളിച്ച് കടന്നത്. അവരെ കണ്ടെത്തി പരിശോധിച്ച് കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തണം. അവരുടെ റിപോര്‍ട്ട് ലഭിക്കുന്നതുവരെ യാത്രികരെ വിമാനത്താവളത്തിനു പുറത്തുകടക്കാന്‍ അനുവദിക്കില്ല''- കര്‍ണാടക റവന്യൂമന്ത്രി ആര്‍ അശോക് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

66 വയസ്സുളള ദക്ഷിണാഫ്രക്കന്‍ സ്വദേശിയാണ് വിമാനത്താവളത്തില്‍ കടന്നത്. നവംബര്‍ 20നാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയത്. ഏഴ് ദിവസത്തിനുശേഷം ദുബയിലേക്ക് കടന്നു. ഷാന്‍ഗ്രി-ല ഹോട്ടലാണ് ഇയാള്‍ താമസിച്ചിരുന്നത്. രോഗി ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

രണ്ട് വാക്‌സിനും എടുത്ത ഇയാള്‍ക്ക് ഹോട്ടലിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇയാളെ സന്ദര്‍ശിച്ച സമയത്ത് ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അവര്‍ അദ്ദേഹത്തോട് ഐസൊലേഷനില്‍ തുടരാന്‍ നിര്‍ദേശിച്ചു. ഹൈ റിസ്‌ക് രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതുകൊണ്ട് നവംബര്‍ 22ന് അദ്ദേഹത്തിന്റെ സാംപിള്‍ പരിശോധിച്ചിരുന്നു.

ഇയാളുമായി സമ്പര്‍ക്കത്തിലായ 24 പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരും നെഗറ്റീവ് ആണ്. രണ്ടാം ഘട്ട സമ്പര്‍ക്കപ്പട്ടികയിലുള്ള 240 പേരെയും പരിശോധിച്ചു. അവര്‍ക്കും നെഗറ്റീവാണ്.

നവംബര്‍ 23ന് ഇയാള്‍ സ്വകാര്യ ലാബില്‍ പരിശോധിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നവംബര്‍ 27ന് അര്‍ധരാത്രി ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. വിമാനത്താവളത്തിലേക്ക് കാറിലാണ് പോയത്. ദുബയിലേക്കായിരുന്നു യാത്ര. ഇയാള്‍ പോയശേഷമാണ് ഒമിക്രോണ്‍ ബാധിതനാണെന്ന് തിരിച്ചറിഞ്ഞത്.

വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് നില്‍ക്കാതെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ചിലരും കടന്നിട്ടുണ്ട്. ഇവരെ കണ്ടെത്താനുളള ശ്രമം തുടരുന്നു.

'രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ മുന്‍കാലങ്ങളില്‍ ഞങ്ങളുടെ പോലിസ് വകുപ്പിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും അവര്‍ കാര്യക്ഷമത പ്രകടിപ്പിക്കുകയും എല്ലാവരെയും കണ്ടെത്തുകയും ചെയ്യും. യാത്രക്കാരോട് ഉത്തരവാദിത്തത്തോടെയും സാമൂഹിക പരിഗണനയോടെയും പ്രവര്‍ത്തിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'- മന്ത്രി ഡോ. സുധാകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it