Big stories

'ബുള്ളി ബായ്' ആപ്പ് നിയന്ത്രിച്ചത് സിഖ് പേരുകളിലുള്ള വ്യജ അക്കൗണ്ടിലൂടെ

ഖലിസ്ഥാനി ചിത്രമാണ് ട്വിറ്റര്‍ ഹാന്‍ഡിലിലുണ്ടായിരുന്നത്. മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് വില്‍പനയ്ക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരില്‍ ആപ്പ് പ്രത്യക്ഷപ്പെട്ടത്

ബുള്ളി ബായ് ആപ്പ് നിയന്ത്രിച്ചത് സിഖ് പേരുകളിലുള്ള വ്യജ അക്കൗണ്ടിലൂടെ
X

'ബുള്ളി ബായ്' ആപ്പ് നിയന്ത്രിച്ചത് സിഖ് പേരുകളിലുള്ള വ്യജ അക്കൗണ്ടിലൂടെ

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ് ആപ്പ് നിയന്ത്രിച്ചത് സിഖ് പേരുകളിലുള്ള വ്യാജ അക്കൗണ്ട് ഉണ്ടാക്കി. മുഖ്യപ്രതിയായ യുവതി മൂന്നു അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നയിച്ചത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് ഉണ്ടാക്കിയത് ഖല്‍സാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബര്‍ 31ന് മറ്റു അക്കൗണ്ടുകളും ഇയാള്‍ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖല്‍സ പേരുകളിലേക്ക് മാറ്റി. 'ബുള്ളിബായ്' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും ആപ്പിന്റെ പ്രചാരണം നടത്തി. ഖലിസ്ഥാനി ചിത്രമാണ് ട്വിറ്റര്‍ ഹാന്‍ഡിലിലുണ്ടായിരുന്നത്. ആപ്പ് വഴി മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ മുഖ്യപ്രതിയായ യുവതിയെ ഉത്തരാഖണ്ഡില്‍ നിന്നാണ് മുംബൈ പോലിസ് കസ്റ്റഡിയിലെടുത്തത്. മുംബൈ സൈബര്‍ സെല്‍ വിഭാഗം യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ കേസില്‍ അറസ്റ്റിലായ 21കാരന്‍ വിശാല്‍ കുമാറും യുവതിയും പരസ്പരം ബന്ധമുണ്ടെന്ന് പോലിസ് വെളിപ്പെടുത്തി. എന്‍ജിനീയറിങ് വിദ്യാര്‍ഥി വിശാല്‍ കുമാറിനെ ബംഗളൂരുവില്‍ നിന്നാണ് മുംബൈ പോലിസ് പിടികൂടിയിരുന്നത്. ഇയാളെ ബാന്ദ്ര കോടതി ജനുവരി പത്തു വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

'സുള്ളി ഡീല്‍സി'നു സമാനമായി 'ബുള്ളി ബായ്'

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് വില്‍പനയ്ക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരില്‍ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ആപ്പില്‍ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീല്‍സി'നു ശേഷമാണ് സമാനമായ ആപ്പ് തുടങ്ങിയത്. സുള്ളി ഡീല്‍സ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്. പ്രതിഷേധം ഉയര്‍ന്നതോടെ പ്ലാറ്റ്‌ഫോമില്‍നിന്ന് ആപ്പ് നീക്കിയിട്ടുണ്ട്. സിഎഎ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മലയാളി വിദ്യാര്‍ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയും 'ബുള്ളി ബായ്' വിദ്വേശ പ്രചാരകരുടെ അരകളായിട്ടുണ്ട്. ഇവരുടെ ചിത്രങ്ങള്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നേരത്തെ സുള്ളി ഡീല്‍സിലും ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് വില്‍പനയ്ക്കു വച്ചിരുന്നു. ദ വയര്‍, ദ ഹിന്ദു, ന്യൂസ്ലോണ്‍ഡ്രി അടക്കമുള്ള മാധ്യമങ്ങള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്‌ലിം വിദ്വേഷ കാംപയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തന്റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് ട്വീറ്റ് ചെയ്തിരുന്നത്. പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്‌റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് ഡല്‍ഹി പോലിസ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് മുംബൈ പോലിസ് ഒരാളെ പിടികൂടിയത്. സമൂഹത്തില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍. സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഡല്‍ഹി പോലിസും മുംബൈ പോലിസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, കലാകാരികള്‍, ഗവേഷകര്‍ അടക്കം വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് അഞ്ചു മാസം മുന്‍പ് 'സുള്ളി ഡീല്‍സ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതിനൊപ്പം ബലാല്‍സംഗത്തിനും ലൈംഗിക പീഡനത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആപ്പ്.

ആപ്പിനു പിന്നിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഹാറിലെ കിഷന്‍ഗഞ്ചില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഡോ. മുഹമ്മദ് ജവായ്ദ് ട്വീറ്റ് ചെയ്തു. സുള്ളി ഡീല്‍സിനെതിരെ 56 എംപിമാര്‍ക്കൊപ്പം അമിത് ഷായ്ക്ക് പരാതി നല്‍കിയിരുന്നതാണെന്നും എന്നാല്‍, ഇപ്പോഴത് പുതിയ പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീര്‍ത്തും അസ്വസ്തതയുണ്ടാക്കുന്നതാണ് പുതിയ സംഭവമെന്ന് ഗുജറാത്തിലെ വാദ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. ഭാവിയില്‍ ഇത്രയും ലജ്ജാകരമായ കൃത്യങ്ങള്‍ക്ക് മുതിരാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേവാനി ട്വീറ്റ് ചെയ്തു. ആപ്പിനെക്കുറിച്ച് മുംബൈ പോലിസിനോടും ഡിസിപിയോടും മഹാരാഷ്ട്ര ഡിജിപിയോടും സംസാരിച്ചിട്ടുണ്ടെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി അറിയിച്ചു. ഇത്തരം സ്ത്രീവിരുദ്ധ സൈറ്റുകള്‍ക്കു പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ അറിയിച്ചു. ഹിന്ദ്വത്വ അജണ്ടകള്‍ക്കെതിരേ നിലപാടെടുക്കുന്ന മുസ്‌ലിം പേരുള്ള സ്ത്രീകളെ അവരുടെ രാഷ്ട്രീയമോ മതപരമായ കാഴ്ചപ്പാടോപോലും നോക്കാതെയാണ് ബുള്ളിബായ്, സുള്ളി ഡീല്‍ എന്നീ ആപ്പുകളിലൂടെ അപമാനിക്കുന്നത്.

Next Story

RELATED STORIES

Share it