Big stories

ഹൈദരാബാദ് ഏറ്റുമുട്ടൽ: വെടിവയ്പ് സർക്കാരിന്റെ അറിവോടെയെന്ന് സൂചന നൽകി മന്ത്രി തലസാനി ശ്രീനിവാസ്

ഇതിലൂടെ ഞങ്ങളൊരു സന്ദേശം നൽകുന്നുണ്ട്. നിങ്ങൾ വളരെ തെറ്റായതും ക്രൂരവുമായ എന്തെങ്കിലും ചെയ്താൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന സന്ദേശം.

ഹൈദരാബാദ് ഏറ്റുമുട്ടൽ: വെടിവയ്പ് സർക്കാരിന്റെ അറിവോടെയെന്ന് സൂചന നൽകി മന്ത്രി തലസാനി ശ്രീനിവാസ്
X

ഹൈദരാബാദ്: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ്. വെടിവയ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി ഉണ്ടെന്ന സൂചന നൽകിയാണ് ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസ് യാദവ് ഇക്കാര്യം പറഞ്ഞത്. തെറ്റുകൾ ചെയ്താൽ ഇത്തരം ഏറ്റുമുട്ടലുകൾ ഇനിയുമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത് ഒരു പാഠമാണ്. നിങ്ങളുടെ പെരുമാറ്റം തെറ്റാണെങ്കിൽ, നിങ്ങൾക്ക് കോടതി വിചാരണ, ജയിൽ ശിക്ഷ അല്ലെങ്കിൽ തുടർന്നുള്ള ജാമ്യം എന്നിവയിൽ നിന്നൊന്നും പ്രയോജനം ലഭിക്കില്ല. അത്തരത്തിലുള്ള ഒന്നും ഇനി ഉണ്ടാകില്ല. ഇതിലൂടെ ഞങ്ങളൊരു സന്ദേശം നൽകുന്നുണ്ട്. നിങ്ങൾ വളരെ തെറ്റായതും ക്രൂരവുമായ എന്തെങ്കിലും ചെയ്താൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന സന്ദേശം. ഹൈദരാബാദ് ഏറ്റുമുട്ടൽകൊല, ക്രമസമാധാന പാലനത്തിനുള്ള കെ ചന്ദ്രശേഖർ റാവു സർക്കാരിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ഇത് ഞങ്ങൾ നൽകിയ വളരെ ശക്തമായ സന്ദേശമാണ്. ഇത് രാജ്യത്തിന് ഒരു മാതൃകയാണ്. ഞങ്ങളുടെ ക്ഷേമ പദ്ധതികളിലൂടെ മാത്രമല്ല, ക്രമസമാധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും ഞങ്ങൾ ഒരു മാതൃക സൃഷ്ടിക്കുന്നതായി യാദവ് പറഞ്ഞു. വെറ്ററിനറി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന നാലുപേരേയും പോലിസ് വെടിവച്ചു കൊന്നു. യുവ ഡോക്ടറുടെ മൊബൈൽ ഫോണും കണ്ടെടുക്കുന്നതിനിടയിലായിരുന്നു സംഭവമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ നവംബര്‍ 28നാണ് 27 വയസ്സുകാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാഡ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടുത്ത് കണ്ടെത്തിയത്. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചുതന്നെയാണ് പ്രതികളെ പോലിസ് വെടിവച്ചു കൊലപ്പെടുത്തിയത്. തെളിവെടുക്കുന്നതിനെത്തിച്ചപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പോലിസിന്റെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ വെടിവച്ചതെന്നുമായിരുന്നു പോലിസ് വാദം.

Next Story

RELATED STORIES

Share it