Big stories

തബ് രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസ്: കൊലപാതകം ഒഴിവാക്കി പോലിസ് കുറ്റപത്രം

കൊലപാതകം വകുപ്പ് ഉള്‍പ്പെടുത്താത്തതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് തബ് രീസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്തയുടെ അഭിഭാഷകന്‍ അല്‍ത്താഫിന്റെ തീരുമാനം.

തബ് രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസ്: കൊലപാതകം ഒഴിവാക്കി പോലിസ് കുറ്റപത്രം
X

റാഞ്ചി: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡില്‍ തബ് രീസ് അന്‍സാരിയെന്ന മുസ് ലിം യുവാവിനെ തൂണില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ കൊലപാതകം ഒഴിവാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. ബൈക്ക് മോഷണം ആരോപിച്ചാണ് ഇക്കഴിഞ്ഞ ജൂണ്‍ 17നു ഒരുസംഘം ഹിന്ദുത്വര്‍ ജയ്ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു മണിക്കൂറോളം ക്രൂരമായി ആക്രമിച്ചത്. തുടര്‍ന്ന് അഞ്ചുദിവസത്തിനു ശേഷം തബ് രീസ് അന്‍സാരി മരണത്തിനു കീഴടങ്ങുകയായിരുന്നു. രാജ്യത്തെയാകെ ഞെട്ടിച്ച ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടായിട്ടും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കിയതായാണു റിപോര്‍ട്ട്.


തബ് രീസിനു നീതിയും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയും ലഭിക്കുമെന്നു കരുതിയ ഭാര്യ ഷാഹിസ്ത അഭിഭാഷകന്‍ അല്‍ത്താഫ് ഹുസയ്ന്‍ വഴിയാണ് കുറ്റപത്രത്തിലെ പോലിസ് അട്ടിമറി അറിഞ്ഞത്. ജൂലൈ 29നു സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അക്രമികള്‍ക്കെതിരേ കൊലപാകത്തിനു കേസെടുത്തിട്ടില്ലെന്ന് അറിഞ്ഞത്. ഇതിനെതിരേ ആഗസ്ത് 31ന് കോടതിയെ സമീപിച്ചിരിക്കുകയാണ്.

ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ തബ് രീസിനെ കെട്ടിയിട്ട് മണിക്കൂറുകളോളം ആക്രമിച്ച പ്രതികള്‍ക്കെതിരേ ഐപിസി സെക്്ഷന്‍ 147(കലാപമുണ്ടാക്കല്‍), 149(അനധികൃതമായി സംഘംചേരല്‍), 341(തെറ്റായി ഒത്തുകൂടല്‍, 342(അനധികൃതമായി തടങ്കലിലാക്കല്‍), 323(ബലമായി മുറിവേല്‍പ്പിക്കല്‍), 325(മാരകമായി മുറിവേല്‍പ്പിക്കല്‍), 304(മനപൂര്‍വമല്ലാത്ത നരഹത്യ), 295 എ(മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ ആക്രമിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു. അന്‍സാരി കൊല്ലപ്പെട്ടപ്പോള്‍ ഗര്‍ഭിണിയായ ഭാര്യ ഷാഹിസ്തയ്ക്ക് അതിനു ശേഷം ഉറക്കമില്ലാ രാവുകളായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ ഗര്‍ഭിണിയായിരുന്നെങ്കിലും കുഞ്ഞിനെ പ്രസവിക്കാനായില്ല. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ പ്രസവിക്കാനാവില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയതോടെ ആഴ്ചകള്‍ക്കു ശേഷം കുഞ്ഞിനെയും നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോഴാണ് തബ് രീസിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രധാന പ്രതി പപ്പു മണ്ഡല്‍, കമാല്‍ മഹാതോ, സുനാമോ പ്രധാന്‍, പ്രേംചന്ദ് മഹാലി, സുമന്ത് മഹാതോ, മദന്‍ നായക്, ചാമു നായക്, മഹേഷ് മഹാലി, കുഷാല്‍ മഹാലി, സത്യനാരായണ്‍ നായക്, ഭീംസെന്‍ മണ്ഡല്‍ എന്നിവരാണു പ്രതികള്‍.


തബ് രീസ് അന്‍സാരി കൊല്ലപ്പെട്ടത് ഹൃദയാഘാതമാണെന്നാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തലയ്‌ക്കെങ്ങനെ വലിയ മുറിവുണ്ടായി. അടികൊണ്ട് തല പൊട്ടിയിരുന്നില്ലേ. പിന്നെങ്ങനെയാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നതെന്നും അഭിഭാഷകന്‍ അല്‍ത്താഫ് ചോദിക്കുന്നു. എന്നാല്‍, രണ്ട് വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം തേടിയെന്നും മരണകാരണം ഹൃദയാഘാതമാണെന്നുമാണ് അറിയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ നാരായണ്‍ പറഞ്ഞു. പല സംഭവങ്ങളിലും മരണകാരണം ഹൃദയാഘാതമോ ഷോക്കോ ആവാമെന്നും എന്നാല്‍ കുറ്റപത്രത്തില്‍ നിന്ന് അക്കാരണം കൊണ്ടുമാത്രം കൊലപാതകത്തിന്റെ 302 വകുപ്പ് ഒഴിവാക്കാനുള്ള പോലിസ് നടപടിക്ക് അടിസ്ഥാനമില്ലെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്ക് അഭിഭാഷകനായ അമാന്‍ ഖാന്‍ പറഞ്ഞു. നിരവധി സംഭവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്നും ഇത്തരം കേസുകളില്‍ ഹൃദയാഘാതം മരണകാരണമായി കണ്ടിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ന്യായീകരിച്ചു. കൊലപാതകം വകുപ്പ് ഉള്‍പ്പെടുത്താത്തതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് തബ് രീസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്തയുടെ അഭിഭാഷകന്‍ അല്‍ത്താഫിന്റെ തീരുമാനം. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നു പറഞ്ഞ് പോലിസ് തലയൂരുകയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

സരയ്‌ഖേല-ഖാര്‍വന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആഞ്ജനേയുല്ലു ദോഡ്ഡെ ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കേസന്വേഷിച്ചത്. ഡോക്ടര്‍മാരുടെ കണ്ടെത്തലെന്ന പേരിലാണ് പോലിസ് കുറ്റപത്രത്തില്‍ അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത്. ആക്രമണസമയം പോലിസ് സ്ഥലത്തെത്താന്‍ വൈകിയെന്നും അതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മുറിവുകള്‍ കൃത്യമായി കണ്ടെത്താനായില്ലെന്നുമാണ് ജൂലൈ 12നു പുറത്തുവന്ന കണ്ടെത്തലില്‍ പറയുന്നത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഉയരുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ സരയ്‌ഖേലയിലെ സര്‍ദാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നില്ല മരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നുമാണ് പോലിസ് ഭാഷ്യം. യുവാവിന്റെ സിടി സ്‌കാന്‍ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നാണ് പോലിസ് പറയുന്നത്. ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും ഹൃദയാഘാകമാണെന്ന് പറയുന്നു. അതിനാല്‍ കൊലപാതകം ചുമത്തില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നാരായണ്‍ പറഞ്ഞു. എന്നാല്‍ പോലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോടതിയില്‍ എതിര്‍ഹരജി നല്‍കും. എന്നിട്ടും സ്വീകരിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ. അല്‍ത്താഫ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴിയെടുക്കലില്‍ നിന്നും മറ്റും മാറി ഷാഹിസ്ത അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. പോലിസിനെ കാണാന്‍ വേണ്ടിയുള്ള സൗകര്യാര്‍ഥം കോടതിയില്‍ നിന്നു അര കിലോമീറ്റര്‍ അകലെയുള്ള തബ് രീസിന്റെ അമ്മാവന്‍ മസൂറിന്റെ വീട്ടിലായിരുന്നു ഷാഹിസ്ത താമസം. ജുഡീഷ്യറിയില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്ന ഇരുവരും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജംഷഡ്പൂരില്‍ നിന്ന് കാര്‍സോവയിലേക്കുള്ള വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുമ്പോഴാണ് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് 24കാരനായ തബ്‌രീസിനെ ഒരു സംഘം വളഞ്ഞിട്ട് കെട്ടിയിട്ട് ആക്രമിച്ചത്. മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് അക്രമികള്‍ തബ്‌രീസിനെ പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ച ശേഷം പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിക്കുകയും അടുത്ത ദിവസം മരണപ്പെടുകയുമായിരുന്നു.

Next Story

RELATED STORIES

Share it