Big stories

ഒരു രാജ്യദ്രോഹക്കേസ് പോലും ഇല്ലാത്ത സംഘടനയുടെ രാജ്യസ്‌നേഹത്തിന് മാര്‍ക്കിടാന്‍ സുരേന്ദ്രന്‍ മുതിരേണ്ട: പോപുലര്‍ ഫ്രണ്ട്

പോലിസ് യൂണിഫോമില്‍ ആര്‍എസ്എസിന്റെ പണിയെടുത്താല്‍ അവരെ ആര്‍എസ്എസായി മാത്രമെ കാണാന്‍ കഴിയൂ. പോലിസ് യൂണിഫോമിന്റെ പ്രിവിലേജ് അവര്‍ക്ക് ലഭിക്കില്ല

ഒരു രാജ്യദ്രോഹക്കേസ് പോലും ഇല്ലാത്ത സംഘടനയുടെ രാജ്യസ്‌നേഹത്തിന് മാര്‍ക്കിടാന്‍ സുരേന്ദ്രന്‍ മുതിരേണ്ട: പോപുലര്‍ ഫ്രണ്ട്
X

മലപ്പുറം: ഒരു രാജ്യദ്രോഹക്കേസ് പോലും ഇല്ലാത്ത പോപുലര്‍ ഫ്രണ്ടിന്റെ രാജ്യസ്‌നേഹത്തിന് മാര്‍ക്കിടാന്‍ സുരേന്ദ്രന്‍ മുതിരേണ്ടെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വംശീയ വിദ്വേഷപ്രചാരണത്തിലൂടെ അധികാരം പിടിച്ചെടുത്തത് കൊണ്ട് ആര്‍എസ്എസിന്റെ പാപക്കറ മായില്ല. കഴിഞ്ഞ 30 വര്‍ഷമായി പോപുലര്‍ ഫ്രണ്ട് ഈ രാജ്യത്തു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. പോപുലര്‍ ഫ്രണ്ടിന് ആര്‍എസ്എസിന്റെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രവര്‍ത്തിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഉദ്ദേശിക്കുന്നുമില്ല. പോപുലര്‍ ഫ്രണ്ടിനെതിരെ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവെന്ന പ്രിവിലെജില്‍ ദിവസവും നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കെ സുരേന്ദ്രന്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തതു മുതല്‍ പാകിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് വരെയുള്ള കേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ സംഘടനയായ ആര്‍എസ്എസിന്റെ ദേശക്കൂറാണ് തെളിയിക്കാന്‍ നോക്കേണ്ടത്. അല്ലാതെ ഇത്തരം ഒരു രാജ്യദ്രോഹക്കേസ് പോലും ഇല്ലാത്ത പോപുലര്‍ ഫ്രണ്ടിന്റെ രാജ്യസ്‌നേഹത്തിന് മാര്‍ക്കിടാന്‍ സുരേന്ദ്രന്‍ മുതിരണ്ടേതില്ല. അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നന്നാവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മുന്‍കാല ചെയ്തികളെ തള്ളിപ്പറയുകയും വിചാരധാര ഉള്‍പ്പെടെയുള്ള അവരുടെ ഗ്രന്ഥങ്ങള്‍ കത്തിച്ചുകളയുകയും വേണം. എന്നിട്ട് ഈ ലോകത്തോടും ജനങ്ങളോടും മാപ്പു പറയണം. കേരളാ പോലിസിലെ ആര്‍എസ്എസ് സാന്നിധ്യം പുതിയ സംഭവമല്ല. ആര്‍എസ്എസുകാരായ പോലിസുകാര്‍ തത്വമസി എന്നപേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് മുമ്പും മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നതാണ്. സിപിഎം സമ്മേളനങ്ങളിലും പോലിസിന്റെ ആര്‍എസ്എസ് സാന്നിധ്യം വിമര്‍ശനവിധേയമായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലിസിനെ വിമര്‍ശിച്ച് രംഗത്തുവന്നു. എന്നിട്ടും അധികാരം ഉറപ്പിച്ച് മുന്നോട്ടുപോകാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിത മൗനം തുടരുകയാണ്. കേരളാ പോലിസില്‍ ആര്‍എസ്എസ് ഉണ്ടെന്ന ആരോപണം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ പരസ്യമായി സമ്മതിക്കുമ്പോല്‍ ആര്‍എസ്എസുകാര്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ സഹായിക്കുന്ന നിരവധി അനുഭവങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. പോലിസ് യൂണിഫോമില്‍ ആര്‍എസ്എസിന്റെ പണിയെടുത്താല്‍ അവരെ ആര്‍എസ്എസായി മാത്രമെ കാണാന്‍ കഴിയൂ. പോലിസ് യൂണിഫോമിന്റെ പ്രിവിലേജ് അവര്‍ക്ക് ലഭിക്കില്ല. ലെറ്റര്‍ ബോംബ്, സോണിയാ ഗാന്ധിക്ക് ഭീഷണി, കൊച്ചി നേവല്‍ബേസ് ഭീഷണി തുടങ്ങിയ കേസുകളില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പ്രതികളായ ആര്‍എസ്എസുകാരെ മനോരോഗികളാക്കി രക്ഷപെടുത്തുകയും ചെയ്ത പോലിസിന്റെ ആര്‍എസ്എസ് ദാസ്യപ്പണി കേരളീയ സമൂഹം ഒരുപാട് ചര്‍ച്ച ചെയ്തതാണ്. പോലിസ് സേനയിലെ മുസ്‌ലിം ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ച് സേനയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇമെയില്‍ ചോര്‍ത്തല്‍ കേസില്‍ വേട്ടയാടപ്പെട്ടത് ബിജു സലീം എന്ന പോലിസുകാരനാണ്. സമാനമായ നീക്കമാണ് തൊടുപുഴയിലെ പോലിസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ നടക്കുന്നത്.

ആര്‍എസ്എസിന്റെ രാജ്യസ്‌നേഹം എന്താണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. രാജ്യത്തെ മുഴുവന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ സംഘടനയാണ് ആര്‍എസ്എസ്. ഇന്ത്യയെന്ന പ്രയോഗം പോലും ഉപയോഗിക്കാത്ത രാജ്യവിരുദ്ധശക്തികളാണ് ആര്‍എസ്എസ്. അധികാരലബ്ധി കൊണ്ട് ആര്‍എസ്എസിനെ വിശുദ്ധമാക്കാന്‍ കഴിയുകയില്ല. സ്വാതന്ത്യ പോരാട്ടത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ അതിനൊക്കെ കടകവിരുദ്ധമായി നിലപാടെടുക്കുകയും രാജ്യം സ്വതന്ത്രമായപ്പോള്‍ ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്തവരാണ് ആര്‍എസ്എസുകാര്‍. വംശഹത്യക്കുള്ള പരസ്യപ്രഖ്യാപനം ഹരിദ്വാറിലും ഡല്‍ഹിയിലും യുപിയിലും ആര്‍എസ്എസുകാര്‍ നടത്തിയിരിക്കുന്നു. കേരളത്തില്‍ കൊച്ചിയിലും ആര്‍എസ്എസ് ക്യാംപില്‍ വാളെടുത്ത് ആക്രമിക്കാന്‍ ആഹ്വാനം നടത്തിയിട്ടുണ്ട്. രാഷ്ടീയ സേവികാസമിതിയുടെ കീഴില്‍ പെണ്‍കുട്ടികള്‍ക്ക് ആയുധപരിശീലനം നടത്തുന്നു. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് അതില്‍പ്പറയുന്ന വിശാലതയും ജനാധിപത്യവും ബഹുസ്വരതയും നിലനിര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. അതിന് തടസ്സമായിട്ടുള്ള ആര്‍എസ്എസിനെ പ്രതിരോധിക്കും. രാജ്യത്തോട് കൂറുള്ള മുസ്‌ലിം സമുദായത്തെ നാടുകടത്താനുള്ള നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന മതിലാണ് പോപുലര്‍ ഫ്രണ്ട്. അതുകൊണ്ടാണ് അവര്‍ പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന സെക്രട്ടറി എസ് നിസാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it