പ്രതിഷേധം ഫലം കണ്ടു; വാഹന നിയമ ലംഘനത്തിന്റെ പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.

പ്രതിഷേധം ഫലം കണ്ടു;  വാഹന നിയമ ലംഘനത്തിന്റെ  പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കീശ കീറുന്ന മോട്ടോര്‍ വാഹനനിയമത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ നിലപാടില്‍ അയവുവരുത്തി തടിയൂരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന ഗുജറാത്തുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തുന്നത്. പിഴത്തുക കുറക്കാന്‍ കേരളവും നടപടി ആരംഭിച്ചിരുന്നു. ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പിഴത്തുക പകുതിയായി കുറച്ച് ഉത്തരവിറക്കിയത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയോട് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രവും നിലപാട് മാറ്റിയത്. പിഴയല്ല, ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

വന്‍ പിഴത്തുക ഈടാക്കുന്നത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച എട്ട് സംസ്ഥാനങ്ങളുടെ നടപടി നിയമപരമായി പരിശോധിച്ച ശേഷം സമാനമായ നിലപാടെടുക്കാന്‍ കഴിയുമോ എന്നതില്‍ അന്തിമതീരുമാനം എടുക്കുമെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയത്.

''വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ല'', എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ ഗുജറാത്തില്‍ പുതിയ പിഴസംവിധാനം നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹനഭേദഗതി കോണ്‍കറന്റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനും നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.

RELATED STORIES

Share it
Top