Big stories

യുദ്ധക്കളമായി ശ്രീലങ്ക; ഭരണകക്ഷി എംപി കൊല്ലപ്പെട്ടു, മന്ത്രിമന്ദിരങ്ങള്‍ കത്തിച്ചു

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്‌സെ രാജിവച്ചതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ വസതിയായ ടെംപിള്‍ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സര്‍ക്കാര്‍ വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടിയത്.

യുദ്ധക്കളമായി ശ്രീലങ്ക; ഭരണകക്ഷി എംപി കൊല്ലപ്പെട്ടു, മന്ത്രിമന്ദിരങ്ങള്‍ കത്തിച്ചു
X

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര പ്രതിസന്ധിയെ തുടര്‍ന്നു ഉടലെടുത്ത പ്രതിഷേധം ആളിക്കത്തുന്നു. പലയിടങ്ങളിലും ജനനം തെരുവിലങ്ങി പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിക്ക് പിന്നാലെയാണ് രാജ്യത്ത് ആഭ്യന്തര കലാപ അന്തരീക്ഷം രൂപപ്പെട്ടത്. ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി) എംപി അമരകീര്‍ത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്‌സെ രാജിവച്ചതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ വസതിയായ ടെംപിള്‍ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സര്‍ക്കാര്‍ വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടിയത്.

രാവിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്ക് പിന്നാലെയും സര്‍ക്കാര്‍ അനുകൂലികള്‍ തുടര്‍ന്നു. ഇതിനിടെ, ശ്രീലങ്കന്‍ നഗരമായ നിട്ടാംബുവയില്‍ അമരകീര്‍ത്തിയുടെ വാഹനം പ്രക്ഷോഭകാരികള്‍ തടഞ്ഞു. ഉടന്‍തന്നെ വാഹനം തടഞ്ഞവര്‍ക്കുനേരെ എംപി വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയാണ് അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിച്ച അമരകീര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഷേധക്കാര്‍ വളഞ്ഞതോടെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് അമരകീര്‍ത്തി സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് വാര്‍ത്താ എജന്‍സിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അമരകീര്‍ത്തിയുടെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്കു നേരേ അദ്ദേഹം നിറയൊഴിച്ചിരുന്നു. എംപിയുടെ വെടിയേറ്റ ഒരാള്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. തുടര്‍ന്ന് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറിയ എംപിയെ ജനക്കൂട്ടം വളഞ്ഞു. ഇതോടെ എംപി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. എംപിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ച നിലയില്‍ കണ്ടെത്തി. സ്വയരക്ഷയ്ക്കായി എംപി കാറില്‍ പായുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തലസ്ഥാനമായ കൊളംബോയിലെ സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് 138 പേരെ പരിക്കേറ്റ നിലയില്‍ കൊളംബോ നാഷനല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. ജനകീയ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും ഏറ്റുമുട്ടിയതോടെ കൊളംബോയിലെ തെരുവുകള്‍ സംഘര്‍ഷഭരിതമായി.

കൊളംബോയില്‍ മന്ത്രിമന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാര്‍ കത്തിച്ചു. ബസ്സുകള്‍ക്കു നേരേ വ്യാപക അക്രമമുണ്ടായി. പോലിസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ക്കു നേരേ സര്‍ക്കാര്‍ അനുകൂലികള്‍ തിങ്കളാഴ്ച രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. അവരുടെ ടെന്റുകള്‍ പൊളിക്കുകയും പ്ലക്കാര്‍ഡുകള്‍ വലിച്ചികീറുകയും ചെയ്തു. തുടര്‍ന്ന് പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതോടെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

അതിനിടെയാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി പ്രഖ്യാപിച്ചത്. കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് സഹോദരനും പ്രസിഡന്റുമായ ഗൊതബയ രജപക്‌സെയ്ക്ക് മഹിന്ദ രാജിക്കത്ത് നല്‍കിയത്. പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തില്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ പ്രധാനന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊതബയ രജപക്‌സെയ്ക്കുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു. എന്നാല്‍, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലെന്ന നിലപാടിലപായിരുന്നു മഹിന്ദ. ഒടുവില്‍ സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന (എസ്എല്‍പിപി) യും രാജിയാവശ്യം മുന്നോട്ടുവച്ചതോടെയാണ് മഹിന്ദ വഴങ്ങിയത്.

Next Story

RELATED STORIES

Share it