Big stories

ശ്രീലങ്കയില്‍ മുസ്‌ലിം വിരുദ്ധ കലാപത്തിന് അറുതിയായില്ല; ഫാക്ടറി അഗ്നിക്കിരയാക്കി

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ മുസ് ലിംകള്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ വ്യാപകമായിരുന്നു. ഇതിന്റെ തുടര്‍ച്ചാണ് ഫാക്ടറി അഗ്നിക്കിരയാക്കിയ സംഭവം.

ശ്രീലങ്കയില്‍ മുസ്‌ലിം വിരുദ്ധ കലാപത്തിന് അറുതിയായില്ല; ഫാക്ടറി അഗ്നിക്കിരയാക്കി
X

കൊളംബോ: മുസ് ലിം വിരുദ്ധ വംശീയ അതിക്രമങ്ങള്‍ വ്യാപകമായ ശ്രീലങ്കയില്‍ മുസ്‌ലിം ഉടമസ്ഥയിലുള്ള ഫാക്ടറി ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ മുസ് ലിംകള്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ വ്യാപകമായിരുന്നു. ഇതിന്റെ തുടര്‍ച്ചാണ് ഫാക്ടറി അഗ്നിക്കിരയാക്കിയ സംഭവം.

കൊളംബോയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മിന്‍വന്‍ഗോഡ ടൗണിലെ ഫാക്ടറിയാണ് ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ ഒരറ്റത്തുള്ള ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

മാരകായുധങ്ങളുമായെത്തിയ ആള്‍ക്കൂട്ടം 45 കാരനായ മുസ്‌ലിം മധ്യവയസ്‌കനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫാക്ടറിക്കെതിരേ നടന്ന ആക്രമണം. മുസ്‌ലിം വിരുദ്ധ കലാപം വ്യാപിച്ചതോടെ ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങള്‍ക്കും താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരുന്നു.

രാജ്യ വ്യാപകമായി നടക്കുന്ന മുസ്‌ലിം വിരുദ്ധ കലാപത്തില്‍ കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത് പ്രതിഷേധം രേഖപ്പെടുത്തി. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം ആക്രമണങ്ങളില്‍ ഭയപ്പെടരുതെന്നും ക്ഷമ പാലിക്കണമെന്നും കര്‍ദിനാള്‍ മുസ് ലിംകളോടും അഭ്യര്‍ത്ഥിച്ചു.

അതിനിടെ, മുസ്‌ലിം വിരുദ്ധ കലാപകാരികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളടക്കം 74 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it