Big stories

സാമൂഹിക മാധ്യമങ്ങൾക്ക് പൂട്ട് വീഴും; നിയമം മൂന്നുമാസത്തിനകം

ജനാധിപത്യ സംവിധാനത്തിന് തടസമുണ്ടാക്കുന്ന ശക്തമായ ഉപകരണമായി ഇൻറർനെറ്റ് ഉയർന്നുവന്നിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനും രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീഷണികൾ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾക്ക് പൂട്ട് വീഴും; നിയമം മൂന്നുമാസത്തിനകം
X

ന്യൂഡൽഹി: ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങൾക്ക് പൂട്ട് വീഴുന്നു. സാമൂഹിക മാധ്യമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമം അന്തിമമാക്കാൻ മൂന്ന് മാസം കൂടി കേന്ദ്രം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങൾക്ക് തടസമുണ്ടാക്കുന്ന ഉപകരണമായി ഇൻറർനെറ്റ് മാറിയെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കോടതിയെ അറിയിച്ചു.

സാങ്കേതികവിദ്യ സാമ്പത്തിക വളർച്ചയ്ക്കും വികാസത്തിനും സഹായകമായിരുന്നെങ്കിലും, വ്യാജവാർത്തകളും ദേശവിരുദ്ധ പ്രവർത്തനങ്ങളും ഉയർന്നുവരുന്നതിനും കാരണമായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിന് തടസമുണ്ടാക്കുന്ന ശക്തമായ ഉപകരണമായി ഇൻറർനെറ്റ് ഉയർന്നുവന്നിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനും രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീഷണികൾ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകൾ കൈമാറണമെന്ന ഫേസ്ബുക്കിൻറെ അപേക്ഷയെത്തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഈ കേസുകൾ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ വിഷയത്തിൽ സുപ്രിംകോടതി തീരുമാനമെടുക്കണമെന്ന് ഫേസ്‌ബുക്ക് വാദിച്ചു.

പുതുക്കിയ കരട് ചട്ടങ്ങൾ സംബന്ധിച്ച് 2018 മുതൽ കേന്ദ്രം സ്വീകരിച്ച നടപടികളും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ അപകടകരമായ വഴിത്തിരിവിലാണെന്നും ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവരാൻ ആവശ്യമായ സമയത്തെക്കുറിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതിയോ ഹൈക്കോടതികളോ ഇക്കാര്യം തീരുമാനിക്കാൻ യോഗ്യരല്ലെന്നും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തേണ്ടത് സർക്കാരാണെന്നും വാദം കേട്ട ബെഞ്ച് പറഞ്ഞു.

Next Story

RELATED STORIES

Share it