Big stories

ജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി പകര്‍ത്തി റിമാന്‍ഡ് റിപോര്‍ട്ട്

മുദ്രാവാക്യത്തില്‍ ഒരിടത്ത് പോലും ഹിന്ദു-ക്രിസ്ത്യന്‍ എന്ന പദമില്ലെങ്കിലും റിമാന്റ് റിപോര്‍ട്ടില്‍ അത് കൂട്ടിച്ചേര്‍ക്കാനും പോലിസ് മറന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി പകര്‍ത്തി റിമാന്‍ഡ് റിപോര്‍ട്ട്
X

കോഴിക്കോട്: ആലപ്പുഴയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തില്‍ ആര്‍എസ്എസിനെതിരേ ബാലന്‍ നടത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ സംഘാടകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി പകര്‍ത്തി പോലിസ് റിമാന്‍ഡ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തിന്റെ റിമാന്‍ഡ് റിപോര്‍ട്ടിലാണ് പോലിസ് വിചിത്ര വാദവുമായി രംഗത്തുവന്നിരിക്കുന്നത്.

കുട്ടി മുദ്രാവാക്യം വിളിച്ചതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. കുട്ടിയെ കൊണ്ട് ഹിന്ദുക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട ആളുകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും മുസ്‌ലിം ജനവിഭാഗത്തെ ഇളക്കിവിടുന്നതിനും പ്രേരിപ്പിക്കുന്നതിനും മത സ്പര്‍ധ ഉളവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്നതിനും നവാസ് ശ്രമിച്ചു എന്നിങ്ങനെയാണ് പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്.

'ഹിന്ദുക്കള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന കുന്തിരിക്കവും വീട്ടില്‍ വാങ്ങി സൂക്ഷിക്കുവാനും മുസ്‌ലിംകള്‍ കൊല ചെയ്യുവാനായി വരുന്നുണ്ട് എന്ന് പറഞ്ഞ് മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി മരണഭയം ഉളവാക്കി' എന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ' ബാബരിയിലും സുജൂദ് ചെയ്യും ഗ്യാന്‍വാപിയിലും സുജൂദ് ചെയ്യും' എന്ന മുദ്രാവാക്യം ബാബരി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് ഓര്‍മിപ്പിച്ച് മുസ് ലിംകളെ പ്രകോപിതരാക്കിയും ഇന്ത്യക്കാരായ ഹിന്ദുക്കളുടെ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചുവെന്ന വിചിത്രവാദവും റിമാന്‍ഡ് റിപോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്.

'ഗുജറാത്ത് ഞങ്ങള്‍ മറക്കൂല...' എന്ന മുദ്രാവാക്യം വിളിച്ച് ഗുജറാത്തിലെ 'വര്‍ഗീയ കലാപം' മറ്റ് സഥലങ്ങളിലേക്ക് പരത്തി ഹിന്ദു-ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ക്കായി പ്രേരിപ്പിച്ചെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) മുമ്പാകെ ആലപ്പുഴ സൗത്ത് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ളത്. ആലപ്പുഴ ബാറിലെ അഭിഭാഷകനും ആര്‍എസ്എസിന്റെ പോഷക സംഘടനയായ അഭിഭാഷക പരിഷത്ത് നേതാവുമായ ആലപ്പുഴ പുന്നപ്ര നോര്‍ത്ത് പഞ്ചായത്തിലെ പറവൂര്‍ വാര്യപറമ്പ് മഠം വീട്ടില്‍ അഡ്വ. വിജയകുമാറാണ് പരാതി നല്‍കിയത്.

അതേസമയം, കുട്ടി വിളിച്ച മുദ്രാവാക്യത്തിലെ ആദ്യത്തിലും അവസാനത്തിലുമുള്ള ആര്‍എസ്എസ് എന്ന ഭാഗം പൂര്‍ണമായും ഒഴിവാക്കി, സംഘപരിവാര പ്രചാരണം ഏറ്റുപിടിച്ചാണ് റിമാന്റ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത് എന്നതും പോലിസിലെ ആര്‍എസ്എസ് സ്വാധീനമാണ് തെളിയിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുദ്രാവാക്യത്തില്‍ ഒരിടത്ത് പോലും ഹിന്ദു-ക്രിസ്ത്യന്‍ എന്ന പദമില്ലെങ്കിലും റിമാന്റ് റിപോര്‍ട്ടില്‍ അത് കൂട്ടിച്ചേര്‍ക്കാനും പോലിസ് മറന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it