Sub Lead

സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല

സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
X

ബഷീര്‍ പാമ്പുരുത്തി


സീതാറാം യെച്ചൂരി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല. പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുടെ അടയാളമാണ്. അടിയന്തരാവസ്ഥയ്ക്കും ഏകാധിപത്യത്തിനും പൗരാവകശാലലംഘനത്തിനുമെതിരേ പൊരുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന് പല സ്വത്വങ്ങളുമുണ്ടായിരുന്നു. ഒരു മാര്‍ക്‌സിസ്റ്റായിരുന്നു, ഉന്നതമായ അക്കാദമിക പാണ്ഡിത്യമുള്ള ബഹുഭാഷാ പണ്ഡിതനായിരുന്നു, എന്നാല്‍ തെരുവിലെ ജനതയ്ക്കു പോലും അതിവേഗം മനസ്സിലാവുന്ന ഹൃദയത്തിന്റെ ഭാഷയിലായിരുന്നു സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്. ഏതെങ്കിലുമൊരു വാചകത്തിലോ ഒരു പുസ്തകത്തിലോ പോലും അദ്ദേഹത്തിന്റെ ജീവിതം ഒതുക്കാനാവില്ല.

ജീവിതത്തില്‍ ഒരിക്കലും ചവിട്ടരുതെന്ന് ആഗ്രഹിച്ച ഒരു പാര്‍ട്ടിയുടെ ഓഫിസിലാണ് കാലെടുത്തുവച്ചത്...



രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ കണ്‍മുന്നില്‍ വച്ച് ഭരണകൂട ക്രൂരതയെ കുറിച്ച് അക്കമിട്ടുനിരത്തിയ വിദ്യാര്‍ഥി നേതാവായിരുന്നു സീതാറാം യെച്ചൂരി. കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കല്‍, പൗരത്വ നിയമ ഭേദഗതി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രതിഷേധങ്ങളുമായി ചുരുണ്ട മുടിക്കാരനുണ്ടായിരുന്നു.

370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് കശ്മീരിലെത്തി. ഇന്ദിരയ്‌ക്കെതിരേയും കോണ്‍ഗ്രസിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരേയും പടപൊരുതിയ യെച്ചൂരി, പക്ഷേ, സംഘപരിവാര ഹിന്ദുത്വയുടെ പിടിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍, രാഹുല്‍ ഗാന്ധിയോടൊപ്പം ചേര്‍ന്ന് ഇന്‍ഡ്യ മുന്നണിയുണ്ടാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. രാഹുല്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്, ഇന്ത്യ എന്ന ആശയത്തിന്റെ കാവലാള്‍ ആയിരുന്നു യെച്ചൂരി. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തൂത്തെറിയുകയെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രം ഇന്‍ഡ്യ സഖ്യത്തിനൊപ്പം ശക്തമായി നിലകൊണ്ടു. ഒരുകാലത്ത് മുസ് ലിം വിരുദ്ധത കൊണ്ട് കലാപം വിതച്ച ശിവസേന പിളര്‍ന്നപ്പോള്‍ അതിലൊരു വിഭാഗത്തെ പോലും സഖ്യത്തിലേക്കെത്തിക്കാന്‍ യെച്ചൂരി പ്രയത്‌നിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ചവിട്ടരുതെന്ന് ആഗ്രഹിച്ച ഒരു പാര്‍ട്ടിയുടെ ഓഫിസിലാണ് കാലെടുത്തുവച്ചതെന്നും ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് അതിന് ഏക കാരണമെന്നുമാണ് യെച്ചൂരി ഇതേക്കുറിച്ച് പറഞ്ഞത്.


ജെഎന്‍യുവില്‍ നിന്ന് ഉയര്‍ന്നുവന്ന ചെന്താരകം


1952 ആഗസ്ത് 12 ന് ചെന്നൈയിലെ ഒരു തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറും മാതാവ് സര്‍ക്കാര്‍ ജീവനക്കാരിയുമായിരുന്നു. 1969ലെ തെലങ്കാന പ്രക്ഷോഭം അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിക്കുന്നതുവരെ ഹൈദരാബാദില്‍ വളര്‍ന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ യെച്ചൂരി ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് ബിരുദം നേടിയത്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിനേക്കാള്‍ പുതുതായി സ്ഥാപിതമായ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയാണ് അദ്ദേഹം തന്റെ മാസ്‌റ്റേഴ്‌സിനായി തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ തികച്ചും വ്യത്യസ്തമായ ദിശയിലേക്ക് നയിച്ചു. പുതിയ സര്‍വകലാശാലയുടെ പ്രത്യേക അക്കാദമിക് അന്തരീക്ഷം അദ്ദേഹത്തെ ആകര്‍ഷിച്ചു. ഫാക്കല്‍റ്റി വിദ്യാര്‍ഥികളെയും അധ്യാപകരെയും അവരുടെ പേരുകളില്‍ അഭിസംബോധന ചെയ്യുന്ന രീതിയായിരുന്നു അവിടെ. 2020ല്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അനുസ്മരിച്ചു 'എന്റെ പ്രവേശന അഭിമുഖത്തില്‍ മൂന്ന് മുതിര്‍ന്ന പ്രഫസര്‍മാരുണ്ടായിരുന്നു. പെട്ടെന്ന് അവരില്‍ ഒരാള്‍ ചോദിച്ചു, നിങ്ങള്‍ പുകവലിക്കാറുണ്ടോ? ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒന്ന് കത്തിക്കൂ എന്നായിരുന്നു മറുപടി. സിഗരറ്റ് തന്നെയും കൊണ്ടേ പോവൂ എന്ന് മറ്റൊരിക്കല്‍ സീതാറാം തന്നോട് പുകവലി നിര്‍ത്താന്‍ പറഞ്ഞവരോട് പറയുകയും ചെയ്തിരുന്നു.


ഇന്ദിരയെ രാജിവയ്പിച്ച വിദ്യാര്‍ഥി നേതാവ്


അടിയന്തരാവസ്ഥ കാലത്ത് യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഇന്ദിരാഗാന്ധിയെ നിര്‍ബന്ധിച്ചതിന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ യെച്ചൂരിയുടെ മികവായിരുന്നു. അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ബി ഡി നാഗ് ചൗധരിയെ കാംപസിലേക്ക് കാലുകുത്താന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് സര്‍വകലാശാല അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സര്‍വകലാശാല പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കി. ലൈബ്രറി 24 മണിക്കൂറും തുറന്നിരുന്നു. എല്ലാ ക്ലാസുകളും നടന്നു. മെസ് പ്രവര്‍ത്തിക്കുന്നു. ഏകദേശം 40 ദിവസത്തോളം ഇത് തുടര്‍ന്നു. 'പണത്തിന് ക്ഷാമം ഉണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, സരോജിനി നഗര്‍ മാര്‍ക്കറ്റിലേക്കും കൊണാട്ട് പ്ലേസിലേക്കും ഞങ്ങള്‍ വിദ്യാര്‍ഥികളെ അവരുടെ കഴുത്തില്‍ 'യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നു, വിസി സമരത്തിലാണ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി സര്‍വ്വകലാശാല നടത്തിപ്പിനായി പണം പിരിക്കാന്‍ അയച്ചത് എന്ന് യെച്ചൂരി ഒരു അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും ഇന്ദിരാഗാന്ധി ചാന്‍സലര്‍ പദവിയില്‍ തുടരുകയായിരുന്നു. രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. 'ഞങ്ങള്‍ 500 പേരുണ്ടായിരുന്നു. ഞങ്ങള്‍ അഞ്ച് പേര്‍ക്ക് മാത്രമേ ഇന്ദിരയെ കാണാന്‍ കഴിയൂ എന്ന് അവരുടെ സഹായി ഞങ്ങളോട് പറഞ്ഞു. പക്ഷേ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ തന്നെ പുറത്തിറങ്ങി. ഇന്ദിരയ്‌ക്കെതിരായ ഞങ്ങളുടെ പ്രമേയം ഞങ്ങള്‍ വായിച്ചു, പക്ഷേ അവള്‍ കേട്ടു. ഞാന്‍ പ്രമേയം കൈമാറി, അവരത് മാന്യമായി സ്വീകരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ രാജിവച്ചു, 'അദ്ദേഹം പറഞ്ഞു. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിനൊപ്പം ജെഎന്‍യുവിനെ അജയ്യമായ ഇടതുപക്ഷ കോട്ടയാക്കുന്നതില്‍ യെച്ചൂരി നിര്‍ണായക പങ്കുവഹിച്ചു.


മലയാളിയും ബംഗാളിയുമല്ലാത്ത ആദ്യ എസ്എഫ് ഐ ദേശീയ പ്രസിഡന്റ്

തന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍, യെച്ചൂരി നിരവധി പദവികളിലെത്തി. അതില്‍ ആദ്യം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായതാണ്. അതുവരെയുള്ള എല്ലാ പ്രസിഡന്റുമാരും കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ വന്നവരാണ്. സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന ഘടകത്തിന്റെ തലവനായിട്ടില്ല. എന്നിട്ടും, 32ാം വയസ്സില്‍ അദ്ദേഹം കേന്ദ്ര കമ്മിറ്റിയിലും 40ാം വയസ്സില്‍ പോളിറ്റ് ബ്യൂറോയിലും അംഗമായി. മൂന്ന് തവണ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2015ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതല്‍ 2017 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. മൂന്നാമതും അദ്ദേഹത്തിന് നല്‍കാന്‍ പാര്‍ട്ടി വിസമ്മതിച്ചു. സമര്‍ഥനായ പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള രാഷ്ട്രീയ പ്രസംഗങ്ങളില്‍ തമാശയും വിവേകവും കലര്‍ന്നതായിരുന്നു.


കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ വക്താവായ യെച്ചൂരി തന്റെ ഗുരുവും മുന്‍ സിപിഎം ജനറല്‍ സെക്രട്ടറിയുമായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പാതയാണ് പിന്തുടര്‍ന്നത്. 1996ലെ യുനൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റിലും 2004ലും 2009ലും യുപിഎ സര്‍ക്കാരുകളിലെ പൊതുമിനിമം പരിപാടികളിലും പ്രവര്‍ത്തിച്ചു. കൂടാതെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിലെ പ്രധാനിയായിരുന്നു അദ്ദേഹം. 2023ല്‍ ഇന്ത്യന്‍ നാഷനല്‍ ഡെവലപ്‌മെന്റല്‍, ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന ഇന്‍ഡ്യ സഖ്യമുണ്ടാക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന സീതാറാം യെച്ചൂരി, ഹിന്ദുത്വ സര്‍ക്കാരിനെ പടിയിറക്കുകയെന്ന ലക്ഷ്യം പാതിവഴിയെങ്കിലുമെത്തിച്ചാണ് വിടവാങ്ങുന്നത്.


ഹിന്ദുത്വ വിമര്‍ശനത്തിലെ മുനയുള്ള സൈദ്ധാന്തികന്‍

ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്‌കതം ആഗോളവല്‍ക്കരണ ഉദാര വല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള ഒരുപിടി പുസ്‌കങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ആര്‍എസ്എസിന്റെ ഹിംസാത്മക ഹിന്ദുത്വത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തുറന്നുകാട്ടുന്നതിലും എന്നും മുന്നിലുണ്ടായിരുന്നു. എന്താണ് ഈ ഹിന്ദുരാഷ്ട്രം?, കപട ഹിന്ദുമതം തുറന്നുകാട്ടപ്പെട്ടു, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജാതിയും വര്‍ഗവും, മാറുന്ന ലോകത്തെ സോഷ്യലിസം, ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, മോദി സര്‍ക്കാര്‍: വര്‍ഗീയതയുടെ പുതിയ കുതിപ്പ്, വര്‍ഗീയതയും മതേതരത്വവും, പീപ്പിള്‍സ് ഡയറി ഓഫ് ഫ്രീഡം സ്ട്രഗിള്‍, ദി ഗ്രേറ്റ് റിവോള്‍ട്ട് എ ലെഫ്റ്റ് അപ്രൈസല്‍, ആഗോള സാമ്പത്തിക പ്രതിസന്ധി: ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം തുടങ്ങിയവയെല്ലാം യെച്ചൂരിയുടെ ആഴത്തിലുള്ള അറിവും എഴുത്തിലുള്ള പ്രാഗല്‍ഭ്യവും തെളിയിക്കുന്നതായിരുന്നു.


മികച്ച സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ജനകീയ നേതാവ്, ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഹിന്ദുത്വ-സംഘപരിവാരത്തിനെതായി മുനകൂര്‍പ്പിച്ച വിമര്‍ശകന്‍, ഇന്ദിരാ ഗാന്ധി മുതല്‍ നരേന്ദ്രമോദി വരെയുള്ള ഏകാധിപത്യ ഭരണകര്‍ത്താക്കള്‍ക്കെതിരേ, ജെഎന്‍ യുവില്‍ നിന്ന് തുടങ്ങി രാജ്യത്തിന്റെ മുക്കുമൂലകളില്‍ ഓടിയെത്തിയ നേതാവ് തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹത്തിന് ചേരും. അതിനാല്‍ തന്നെ ന്യൂസ് ക്ലിക്കിനെതിരായ മോദിസര്‍ക്കാരിന്റെ മാധ്യമവേട്ടയിലും ഡല്‍ഹിയിലെ ഓഫിസില്‍ ഹിന്ദുത്വഅനുകൂലികളുടെ കൈയേറ്റശ്രമത്തിനും സീതാറാം യെച്ചൂരി ഇരയായിട്ടുണ്ട്.

Next Story

RELATED STORIES

Share it