Big stories

പോസ്റ്റര്‍ പതിച്ചതിനു രാജ്യദ്രോഹക്കുറ്റം; വിദ്യാര്‍ഥികളെ മൂന്നുദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളജ് കാംപസില്‍ പതിച്ചെന്നു പരാതി ലഭിച്ചതിനാല്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പോസ്റ്റര്‍ പതിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം

പോസ്റ്റര്‍ പതിച്ചതിനു രാജ്യദ്രോഹക്കുറ്റം; വിദ്യാര്‍ഥികളെ മൂന്നുദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

മലപ്പുറം: കോളജ് കാംപസില്‍ പോസ്റ്റര്‍ പതിച്ചതിനു രാജ്യദ്രോഹക്കുറ്റം അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ മൂന്നു ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു.മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ബിരുദ വിദ്യാര്‍ഥികളും റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധികളുമായ റിന്‍ഷാദ് രീര, മുഹമ്മദ് ഹാരിസ് എന്നിവരെയാണ് കോടതി മൂന്നുദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കേസ് വീണ്ടും തിങ്കളാഴ്ച്ച പരിഗണിക്കും. ഇരുവര്‍ക്കുമെതിരേ 124 എ വകുപ്പ് പ്രകാരമാണ് മാവോവാദി അനുകൂലികളെന്ന് ആരോപിച്ച് കേസെടുത്തത്. ഇവരെ ഇന്നലെ ഉച്ചയോടെയാണ് ഡിവൈഎസ്പി ജലീലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് നടപടിയെന്നാണു പോലിസ് പറയുന്നത്.


കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളജ് കാംപസില്‍ പതിച്ചെന്നു പരാതി ലഭിച്ചതിനാല്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പോസ്റ്റര്‍ പതിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. സോളിഡാറിറ്റി വിത്ത് കശ്മീരി പീപ്പിള്‍, എന്‍ഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെസന്‍, ആസാദി ഫോര്‍ കശ്മീര്‍, വോയ്‌സ് ഓഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോങ് ലൈവ് എന്നീ പരാമര്‍ശങ്ങളുള്ള പോസ്റ്ററും ആര്‍എസ്എഫിന്റെ പേരില്‍ കാംപസുകളിലുള്ളതായി പോലിസ് പറയുന്നു. ഇതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നാണു പോലിസ് വാദം. എന്നാല്‍, കശ്മീരികള്‍ക്ക് എതിരേയുള്ള സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക എന്ന പരാമര്‍ശമാണ് പോസ്റ്ററിലുള്ളതെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരുടെ ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്ററിന്റെ ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു. ഇതില്‍ സംഘപരിവാരത്തിനെതിരായ പ്രതിഷേധം മാത്രമാണുള്ളത്.

പോലിസ് കണ്ടെടുത്തെന്നു പറയുന്ന പോസ്റ്റര്‍

നേരത്തേ, എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന റിന്‍ഷാദ് ഈയിടെയാണ് റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്നലെ ഇരുവരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ ഏഴു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും രണ്ടു വിദ്യാര്‍ഥിനകളടക്കം കുറച്ചു പേരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെന്നുമായിരുന്നു പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി വൈകി രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടികളില്‍ കാംപസിലെ എസ്എഫ്‌ഐയുടെ മുന്‍ നേതാവ് ഉള്‍പ്പെടെയുണ്ടായിരുന്നുവെന്നാണ് സൂചന. അതിനിടെ, ആര്‍എസ്എസിനെതിരേ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.




Next Story

RELATED STORIES

Share it