Big stories

സാകിയ ജഫ്രി കേസിലെ സുപ്രിം കോടതി വിധി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് എതിര്; വിമര്‍ശനവുമായി 92 മുന്‍ ബ്യൂറോക്രാറ്റുകള്‍

സാകിയ ജഫ്രി കേസിലെ സുപ്രിം കോടതി വിധി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് എതിര്; വിമര്‍ശനവുമായി 92 മുന്‍ ബ്യൂറോക്രാറ്റുകള്‍
X

ന്യൂഡല്‍ഹി: സാകിയ ജഫ്രി കേസിലെ സുപ്രീം കോടതിയുടെ വിധി ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശം റദ്ദാക്കുന്നതായി 92 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്ടക്ട് ഗ്രൂപ്പിന്റെ പേരിലാണ് മുന്‍ ബ്യൂറോക്രാറ്റുകള്‍ പ്രസ്താവന ഇറക്കിയത്.

ഗുജറാത്ത് കലാപത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് സാകിയ ജഫ്രി നല്‍കിയ ഹര്‍ജി തള്ളിയ സുപ്രിം കോടതി നടപടിയേയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.

2022 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഹിന്ദുത്വര്‍ നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ട 69 പേരില്‍ ഉള്‍പ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജഫ്രി. അവരും ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ചിരുന്നു.

2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ് ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2,500 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ഈ കലാപത്തില്‍ ഏതാണ്ട് 2000 നടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കൊലപാതകങ്ങള്‍ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും കലാപാത്തിനിടെ നടന്നതായും അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് സുപ്രിംകോടതി വിധി വന്ന് ഒരു ദിവസത്തിന് ശേഷം ടീസ്ത സെതല്‍ വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സുപ്രിം കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമാണെന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു. കോടതി വിധി അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നവരെ വേട്ടയാടാന്‍ ഭരണകൂടത്തെ സഹായിക്കുന്നതാണ്. പ്രസ്താവനയില്‍ പറഞ്ഞു.

കലാപത്തില്‍ മോദിയുടെ പങ്ക് കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും അമിക്കസ് ക്യൂറി രാജു രാമചന്ദ്രനും നേരത്തെ പറഞ്ഞിരുന്നതായി സംഘം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it