Big stories

ബാബരി മസ്ജിദ് ഭൂമി കേസ്: മധ്യസ്ഥ ചര്‍ച്ചക്കുള്ള സമയം സുപ്രിംകോടതി ആഗസ്ത് 15 വരെ നീട്ടി

ചര്‍ച്ചകള്‍ക്ക് എട്ടാഴ്ചത്തെ സമയമാണ് സമിതിക്ക് നേരത്തെ നല്‍കിയിരുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സമിതി അറിയിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബാബരി മസ്ജിദ് ഭൂമി കേസ്:  മധ്യസ്ഥ ചര്‍ച്ചക്കുള്ള സമയം സുപ്രിംകോടതി ആഗസ്ത് 15 വരെ നീട്ടി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കുള്ള സമയം സുപ്രിംകോടതി ആഗസ്ത് 15 വരെ നീട്ടി നല്‍കി. കാലാവധി നീട്ടണമെന്ന സമിതി ആവശ്യം അംഗീകരിച്ചാണ് ഭരണഘടന ബെഞ്ചിന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ചര്‍ച്ചകള്‍ക്ക് എട്ടാഴ്ചത്തെ സമയമാണ് സമിതിക്ക് നേരത്തെ നല്‍കിയിരുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സമിതി അറിയിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജൂണ്‍ മുതല്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങും. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

മാര്‍ച്ച് എട്ടിന് സുപ്രിംകോടതി നിയമിച്ച മധ്യസ്ഥ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കേസ് പരിഗണിച്ചത്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാനായി വിരമിച്ച സുപ്രിംകോടതി ജഡ്ജി എഫ് എം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്ന് സമിതി അറിയിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. മുസ്‌ലിം സംഘടനകള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സമയം നീട്ടി നല്‍കുന്നതിനെ അനുകൂലിച്ചു. രേഖകളുടെ പരിഭാഷ സംബന്ധിച്ച ഏതെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് രജിസ്ട്രിയെ അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

എട്ട് ആഴ്ചയ്ക്കകം കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മാര്‍ച്ച് എട്ടിന് സുപ്രിംകോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രിം കോടതി നിലപാട്. അതില്‍ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രിംകോടതി വഴിയൊരുക്കിയത്.

അതേസമയം, മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രിം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്. വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ അന്ന് വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന നിലപാടായിരുന്നു യുപി സര്‍ക്കാരും സ്വീകരിച്ചിരുന്നത്.

Next Story

RELATED STORIES

Share it