Big stories

കൊവിഡ്: മുഹര്‍റം ഘോഷയാത്രയ്ക്കു സുപ്രിംകോടതി വിലക്ക്

രഥയാത്രയ്ക്കു സുപ്രിംകോടതി അനുമതി നല്‍കിയ കാര്യം ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അസിം എച്ച് ലാസ്‌കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പുരി ജഗന്നാഥ് ക്ഷേത്രത്തിലെ രഥയാത്ര അവിടെ മാത്രമായി നടക്കുന്നതാണെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

കൊവിഡ്: മുഹര്‍റം ഘോഷയാത്രയ്ക്കു സുപ്രിംകോടതി വിലക്ക്
X

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മുഹര്‍റം ഘോഷയാത്രയ്ക്കു സുപ്രിംകോടതി വിലക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹര്‍റം ഘോഷയാത്രയ്ക്കു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സയ്യിദ് കല്‍ബേ ജവാദ് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഘോഷയാത്രയ്ക്കു അനുമതി നല്‍കുന്നത് പലവിധ ആശങ്കകള്‍ക്കു കാരണമാവുമെന്നും കൂടുതല്‍ വ്യാപിച്ചാല്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടാന്‍ കാരണമാവുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. എന്നാല്‍, രഥയാത്രയ്ക്കു സുപ്രിംകോടതി അനുമതി നല്‍കിയ കാര്യം ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അസിം എച്ച് ലാസ്‌കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പുരി ജഗന്നാഥ് ക്ഷേത്രത്തിലെ രഥയാത്ര അവിടെ മാത്രമായി നടക്കുന്നതാണെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. മുംബൈയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ ജൈന സമുദായത്തിനു കോടതി ഈ മാസം നല്‍കിയ ഇളവുകളും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ജൈന, പുരി കേസുകളില്‍ ഒരു പ്രത്യേക സ്ഥലത്ത് നടക്കുന്നതിനാല്‍ അപകടസാധ്യത വിലയിരുത്താനാവുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കോടതിക്ക് എല്ലാവരുടെയും ആരോഗ്യത്തെ അപകടപ്പെടുത്താനാവില്ല. ഒരിടത്ത് ഘോഷയാത്ര നടത്താനാണ് അനുമതി തേടിയതെങ്കില്‍ അപകടസാധ്യത വിലയിരുത്തി ഉത്തരവ് പുറപ്പെടുവിക്കാനാവുമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതോടെ, ഷിയാ വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ യുപിയുടെ തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും അതിനാല്‍ ലക്‌നോവില്‍ ഘോഷയാത്രയ്ക്കു അനുമതി നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. കര്‍ബല യുദ്ധത്തില്‍ പ്രവാചകന്റെ പേരമകന്‍ ഹുസയ്‌നും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തിലാണ് ദുഖാചരണമായി മുഹര്‍റം ഘോഷയാത്രകള്‍ നടത്തുന്നത്. മുഹറം ഘോഷയാത്രകള്‍ നടത്താന്‍ അനുമതി ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്.

SC dismisses PIL seeking permission for holding Muharram processions



Next Story

RELATED STORIES

Share it