Big stories

'സേവ് സിദ്ദീഖ് കാപ്പന്‍' ; പ്രതിഷേധവും പിന്തുണയുമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍

സിദ്ദീഖ് കാപ്പനു വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആരംഭിക്കുന്ന പ്രത്യക്ഷ സമരത്തിന്റെയും കാംപയിനിന്റെയും തുടക്കമായിട്ടാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രസ്‌ക്ലബ്ബുകളുടെയും ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചത്.

സേവ് സിദ്ദീഖ് കാപ്പന്‍ ; പ്രതിഷേധവും പിന്തുണയുമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍
X

കോഴിക്കോട്: ഉത്തര്‍പ്രദേശ് പൊലീസിന്റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് പിന്തുണയും അദ്ദേഹത്തെ ജയിലിലടച്ച ആദിത്യനാഥ് സര്‍ക്കാറിനോടുള്ള പ്രതിഷേധവുമായി സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കരിദിനം ആചരിച്ചു. സിദ്ദീഖ് കാപ്പനു വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആരംഭിക്കുന്ന പ്രത്യക്ഷ സമരത്തിന്റെയും കാംപയിനിന്റെയും തുടക്കമായിട്ടാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രസ്‌ക്ലബ്ബുകളുടെയും ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചത്.


കണ്ണൂരില്‍ പ്രസ്‌ക്ലബിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. യുപി ജയിലില്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ്കാപ്പന് ഒരു ചികില്‍സയും നല്‍കാതെ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പി.വി.കുട്ടന്‍ ചൂണ്ടിക്കാട്ടി. പ്രസ്‌ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷതവഹിച്ചു.


കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച കരിദിനാചരണം എം കെ രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാപ്പന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഏകോപന സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഢനങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. പറഞ്ഞു.


മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരിദിനാചരണം നടത്തി. കെ പി എം റിയാസ്, എസ്മഹേഷ് കുമാര്‍, രാജീവ്, സ്വാലിഹ്, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോട്ടയം പ്രസ്‌ക്ലബ്ബിന്റെ കരിദിനാചരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റു ജില്ലകളിലും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it